
• വിവരണം
‘ഇന്ത്യപ്പേടിയിൽ തെറ്റിദ്ധരിച്ച് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ചിട്ടു’ എന്ന് തലക്കെട്ട് നൽകിയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്നയൊരു ഓൺലൈൻ ന്യൂസ് പോർട്ടലാണ് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഏതുനിമിഷവും ഇന്ത്യയുടെ പ്രത്യാക്രമണം പ്രതീക്ഷിച്ച് ഭയത്തോടെ കഴിയുകയാണ് പാക്കിസ്ഥാൻ എന്നാണ് വാർത്തയുടെ ഉള്ളടക്കം. ഈ സാഹചര്യത്തിൽ അതിർത്തി കടന്നെത്തിയ ഇന്ത്യൻ യുദ്ധവിമാനം ആണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം വിമാനം ലാഹോറിൽ പാക്കിസ്ഥാൻ പട്ടാളം തന്നെ വെടിവെച്ചിട്ടു എന്നും ഈസ്റ്റ് കോസ്റ്റ് ഡെയിലിയിൽ വന്ന വാർത്തയിൽ വിശദമാക്കുന്നു. ഫെബ്രുവരി 22ന് പോസ്റ്റ് ചെയ്തത് വാർത്തയ്ക്ക് 3,200 ലൈക്കുകളും 961 ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയധികം ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ആളുകളിലേക്ക് എത്തിയ ഈ വാർത്തയുടെ പിന്നിലെ യഥാർത്ഥ വസ്തുയെന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം സംഭവസ്ഥലത്തുനിന്നും എന്ന് സമർത്ഥിക്കുന്ന ഒരു ചിത്രവും ന്യൂസ് പോർട്ടൽ വാർത്തയിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഇത് പാക് വ്യോമസേനയുടെ യുദ്ധ വിമാനമല്ല. 2018 ഒക്ടോബർ 13ന് ബെൽജിയം ഫ്ലോറൻസ് എയർഫോഴ്സ് ബേസിൽ നടന്ന ഒരു അപകടത്തിന്റെ ചിത്രമാണിത്. അറ്റകുറ്റപ്പണികൾക്കിടയിൽ 20mm Vulcan cannon എന്ന ഭീമൻ യന്ത്രത്തോക്കിൽ നിന്നും അബദ്ധവശാൽ ഒരു ജീവനക്കാരൻ വെടിയുയർത്തത് ബെൽജിയത്തിന്റെ F-16 ഫൈറ്റർ ജെറ്റ് യുദ്ധവിമാനത്തിന് മേലായിരുന്നു പതിച്ചത്. ഇന്ധനം നിറച്ചിരുന്ന വിമാനം വെടിയേറ്റ അടുത്ത നിമിഷം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്ത് ലാൻഡ് ചെയ്തിരുന്ന മറ്റൊരു F-16 വിമാനവും പൊട്ടിത്തെറിയുടെ ആഘാതത്തിൽ താറുമാറായി.
അപകടത്തിൽ അറ്റകുറ്റപ്പണി നടത്തിയ ജീവനക്കാർക്ക് സാരമായ പരിക്കു പറ്റിയിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ബെൽജിയം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. അപകടം നടന്നത് സ്ഥിരീകരിക്കുന്ന തരത്തിൽ ബെൽജിയം എയർഫോഴ്സ് ബേസ് കമാൻഡർ Col. Didier Polome ബെൽജിയത്തിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. scramble മാഗസിൻ അപകടത്തിന്റെ മറ്റു ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.
വിവിധ മാധ്യമങ്ങൾ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത്
Mirror.co.uk | Archived Link
TaskAndPurpose | Archived Link
Business Insider | Archived Link
നിഗമനം
ബെൽജിയത്തിൽ നടന്ന അപകടത്തിന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത്, പാക്കിസ്ഥാൻ സ്വന്തം യുദ്ധവിമാനം തകർത്തു എന്നതരത്തിൽ പ്രചരിപ്പിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലി ചെയ്തിരിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ ഓൺലൈൻ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തതു പോലെ യാതൊരു സംഭവങ്ങളും ഇന്ത്യ-പാക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നും ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വ്യാജ ചിത്രം ഉപയോഗിച്ചും ഔദ്യോഗികമായി യാതൊരു രേഖകളും ലഭിക്കാത്ത സാഹചര്യത്തിൽ തയ്യാറാക്കിയിരിക്കുന്ന പോസ്റ്റ് പൂർണ്ണമായി വ്യാജമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

Title:ഇന്ത്യയെ ഭയന്ന് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തിയോ? സത്യമിതാണ്
Fact Check By: Harishankar PrasadResult: False
