പുൽവാമ ആക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധി ഡാന്‍സ് ചെയതുവോ?

രാഷ്ട്രീയം
ചിത്രം കടപാട്: ഗൂഗള്‍

• വിവരണം

രാജ്യത്തെ നടുക്കിയ പുലവാമ ഭീകരാക്രമണത്തെ തുടർന്ന്  ദേശീയരാഷ്ട്രീയത്തിൽ പ്രധാന എതിരാളികളായ ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ ആരോപണങ്ങളും വിമർശനങ്ങളും ആണ് പരസ്പരം ഉന്നയിക്കുന്നത്. രാജ്യം നടുങ്ങിയ സ്ഫോടനസമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് രാഹുൽഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തെ ഒരു ബൂമറാങ്ങ് പ്രഹരം പോലെ പ്രതിരോധിക്കാനായി രാഹുലിനെതിരെ വീഡിയോയുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്. പുലവാമ ഭീകര ആക്രമണത്തിന്റെ സമയത്ത് രാഹുൽ ഗാന്ധി നയിച്ച രാഷ്ട്രീയ ജാഥയായ ഗുജറാത്ത് ജൻ ആക്രോശ് റാലിയെ സംബന്ധിച്ച് വിവാദങ്ങളാണ് ദേശീയരാഷ്ട്രീയത്തിൽ ഇപ്പോൾ പുകഞ്ഞ്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് കാശ്മീരിൽ ഭീകരാക്രമണം നടക്കുന്നത്.  44 ജവാന്മാരുടെ ജീവൻ നഷ്ടമായ ശേഷം മണിക്കൂറുകൾക്കകമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. 4.44ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഗുജറാത്തിലെ ഒരു സാംസ്കാരിക സംഘത്തിനൊപ്പം രാഹുൽഗാന്ധി നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോ ദൃശ്യം. വിവാദമാകുമെന്ന് ഭയന്ന് കോൺഗ്രസ് ഈ വീഡിയോ ട്വിറ്ററിൽ നിന്നും പിന്നീട് നീക്കം ചെയ്തു. മോദിയുടെ ഫോട്ടോഷൂട്ട്നെ കുറിച്ച് ആരോപണവുമായി മുന്നോട്ടുവന്ന രാഹുൽഗാന്ധി തന്നെ വിവാദത്തിലകപ്പെട്ടത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. യഥാർത്ഥത്തിൽ ഭീകരാക്രമണത്തിനുശേഷം രാഹുൽഗാന്ധി സാംസ്കാരിക സംഘത്തിനൊപ്പം നൃത്തം ചെയ്തിട്ടുണ്ടോ? സാഹചര്യത്തെളിവുകൾ വിരൽചൂണ്ടുന്നത് രാഹുലിലേക്കോ? പരിശോധിക്കാം.

വസ്തുത വിശകലനം

ഏകദേശം മൂന്ന് മണിക്ക് ശേഷമാണ് രാഹുൽഗാന്ധി ഗുജറാത്തിലെ പൊതുസമ്മേളന വേദിയിൽ പ്രസംഗിക്കാൻ തുടങ്ങിയത്.  കൃത്യമായി പറഞ്ഞാൽ 3.18നാണ്  പ്രസംഗം ആരംഭിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ഒപി ഇന്ത്യ എന്ന ഓൺലൈൻ മാധ്യമം അവകാശപ്പെടുന്നുണ്ട്.  ഇതിനെ ശരിവെക്കുന്ന തരത്തിൽ കോൺഗ്രസിനെ ഒഫീഷ്യൽ ട്വിറ്ററിലും രാഹുലിനെ വേദിയിലേക്ക് ആനയിക്കുന്ന വീഡിയോ അപ്പ്ലോഡ് ചെയ്തിരുന്നു. ഭീകരാക്രമണം നടന്ന മൂന്ന് മണിക്ക് ശേഷം തന്നെയായിരുന്നു രാഹുൽ പ്രസംഗിക്കാൻ ആരംഭിച്ചത്.  നാലുമണിവരെ പോലും മൊത്തം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നില്ല.  എന്നാൽ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയ ഒരു മണിക്കൂറിനു ശേഷവും രാഹുൽഗാന്ധി നൃത്തം ചെയ്യുന്ന വീഡിയോ കോൺഗ്രസ് തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്.  4.44ന് വീഡിയോ അപ്പ്ലോഡ് ചെയ്തെങ്കിലും പിന്നീടത് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ തള്ളിയെങ്കിലും  ആരോപണത്തെ  മറികടക്കാൻ തെളിവുകൾ നിരത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ബിജെപി ഐടി സെൽ തലവൻ അമിത് മാൽവിയ അപ്‌ലോഡ് ചെയ്ത വീഡിയോ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചു ട്വീറ്റ് ചെയ്തിരുന്നു. എന്തുകൊണ്ടാണ് കോൺഗ്രസ് പങ്കുവെച്ച വീഡിയോ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തത് എന്നായിരുന്നു അമിത്തിന്റെ ചോദ്യം.  നാളിതുവരെ ആരോപണങ്ങൾക്ക് തക്കതായ  കാരണങ്ങൾ നിരത്തി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നാണ് ആക്ഷേപമുയരുന്നത്.

ചിത്രം കടപാട്: അമിത് മാല്വിയ ട്വിട്ടര്‍ അക്കൗണ്ട്‌

DNA | Archived link

Opindia.com | Archived link

നിഗമനം

രാഹുലിന്റെ പരിപാടിയുടെ സമയക്രമവും പ്രസംഗത്തിന് ദൈർഘ്യവും എല്ലാം തന്നെ കണക്കാക്കുമ്പോൾ എന്തായാലും മൂന്നു മണിക്ക് ആരംഭിച്ച പ്രസംഗത്തിനുശേഷം തന്നെയാണ് സംഘത്തിനൊപ്പം നൃത്തം ചെയ്തതെന്ന് അനുമാനിക്കാം.  ഇത് ശരിവെക്കുന്ന തരത്തിൽ തന്നെയാണ് ട്വിറ്ററിൽ കോൺഗ്രസിന്റെ പോസ്റ്റുകളും. ഓരോ സമയവും നടന്ന പരിപാടികൾ അതാതു സമയത്തു തന്നെ കോൺഗ്രസ് അന്നേദിവസം ട്വീറ്റ് ചെയ്തിരുന്നു. എങ്കിൽ നാലരയ്ക്ക് ശേഷം തന്നെയാണ് നൃത്തത്തിന് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത് പോലെ തന്നെ പുലവാമ ഭീകരാക്രമണം നടന്ന മണിക്കൂറുകൾക്കുശേഷമാണ് രാഹുൽഗാന്ധി റാലിയിൽ പങ്കെടുത്ത പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്നതും.  മറിച്ച് ആരോപണം മാത്രമായിരുന്നു ഇതെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന വീഡിയോ പിന്നീട് നീക്കം ചെയ്യേണ്ടി വന്നത് എന്ന ചോദ്യവും കോൺഗ്രസിനും വിരൽ ചൂണ്ടുന്നുണ്ട്.  ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രധാന എതിരാളിയായ കോൺഗ്രസിനും സഖ്യത്തിനും ഇതിനു മറുപടി പറയേണ്ട ബാധ്യത ഉണ്ട്. ആരോപണങ്ങളെ മറികടക്കാൻ കഴിയാത്തതാണ് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്. അതുകൊണ്ടുതന്നെ ഭീകരാക്രമണ സമയത്തിനുശേഷം തന്നെയാണ് നാടകീയരംഗങ്ങൾ എല്ലാം തന്നെ അരങ്ങേറുന്നതെന്ന നിഗമനത്തിൽ എത്താൻ സാധിക്കും.

Avatar

Title:പുൽവാമ ആക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധി ഡാന്‍സ് ചെയതുവോ?

Fact Check By: Harishankar Prasad 

Result: True

  •  
  •  
  •  
  •  
  •  
  •  
  •  
  •