ഭൂതത്താന്‍കെട്ടിലെ കശ്മല സംഘങ്ങള്‍ കെട്ടുകഥയോ?

സാമൂഹികം
ചിത്രം കടപാട്: ഗൂഗള്‍

വിവരണം

‘കമിതാക്കളായി എത്തുന്നതില്‍ ആണ്‍കുട്ടികളെ വിരട്ടിയോടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുന്നു.. ഭൂതത്താന്‍ കെട്ടില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കശ്​മലന്‍മാര്‍! എന്ന തലക്കെട്ടു നല്‍കി ഡെയ്‍ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്നൊരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ അവരുടെ സൈറ്റിലും പിന്നീട് ഫേസ്ബുക്ക് പേജിലും പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണിത്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ഡാമും റിസര്‍വ് വനവും കാണാന്‍ എത്തുന്ന കമിതാക്കള്‍ക്കു നേരെ ലൈംഗിക അതികൃമം നടത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് വിലസുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ സംഘത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ പോലും അക്രമത്തിനിരയായവര്‍ ഭയക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജൂലൈ 21നു പ്രസിദ്ധീകരിച്ച പോസ്റ്റിനു 2,700 ലൈക്കും ആയിരത്തിലധികം കമന്റുകളുമുളും ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന  ഈ വാര്‍ത്തയുടെ പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാം.

Daily Indian Herald ലേഖനം | Archived Link

വസ്തുത വിശകലനം

ആദ്യം തന്നെ ഡെയ്‍ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയിലെ ഡേറ്റ്‍ലൈന്‍ തന്നെ തെറ്റാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് കോട്ടയം ജില്ലയിലാണെന്നതരത്തിലാണു വാര്‍ത്തയുടെ അവതരണം. പുത്തന്‍പുഴ-കോതമംഗലം എന്നീ രണ്ടു പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന പ്രദേശമാണ് ഭൂതത്താന്‍കെട്ട്. രണ്ടു പോലീസ് സ്റ്റേഷനും പ്രദേശത്ത് ചുമതലയുണ്ട്. എന്നാല്‍ ഈ രണ്ടു സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറഞ്ഞതു പ്രകാരമുള്ള യാതൊരു പരാതികളോ ഇതു സംബന്ധമായ വിവരങ്ങളോ ഇത്രയും കാലങ്ങളായി ലഭിച്ചിട്ടില്ലയെന്നു അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കാന്‍ സാധിച്ചു. മാത്രമല്ല വിനോദ സഞ്ചാരികള്‍ ധാരളമായി എത്തുന്ന പ്രദേശത്ത് സഹായങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിനായി അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളും പ്രദേശവാസികളും എപ്പോഴും സജീവമാണ്. വിജനമായ പ്രദേശമല്ല ഭൂതത്താന്‍കെട്ട് എന്നത് ഇതില്‍ നിന്ന് തന്നെ മനസിലാക്കാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് വിനോദസഞ്ചാരികളുടെ ഒഴുക്കിന് മുന്‍പ് മദ്യപ സംഘങ്ങള്‍ ഇവിടെ ചില സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. എന്നാല്‍ ടൂറിസം വികസിച്ചതോടെ ഇവരെയെല്ലാം പോലീസ് തുരത്തി. പിന്നീട് പോലീസിന്റെയും ഫോറസ്റ്റിന്റെയും നിരീക്ഷണത്തിലും സുരക്ഷയിലുമാണ് പ്രദേശം. സ്ത്രീകളോടും കമിതാക്കളോടും അതിക്രമം കാണിക്കുന്ന സംഘങ്ങള്‍ ഭൂതത്തന്‍കെട്ടിലില്ലെന്ന സ്ഥിരീകരണം എറണാകുളം ജില്ലയിലെ മുഖ്യധാരമാധ്യമങ്ങളുടെ പ്രതിനിധികളില്‍ നിന്നും ലഭിച്ചിട്ടുമുണ്ട്. ടൂറിസം മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലനുണ പ്രചരണങ്ങളാണിതെന്നാണു ‍ഡിടിപിസി അധികൃതരും പറയുന്നത്.

നിഗമനം

വിജനമല്ലാത്തതും ഏറെ സുരക്ഷിതവുമായ സ്ഥലമാണ് ഭൂതത്താന്‍കെട്ട് എന്നതാണ് അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത്. ലോക്കല്‍ പോലീസും വനം വകുപ്പും നിരന്തരം പട്രോളിങ് നടത്തുന്ന പ്രദേശത്ത് സമൂഹ്യവിരദ്ധരും അക്രമിസംഘങ്ങളും ഒരുതരത്തിലും അഴിഞ്ഞാടാന്‍ സാധ്യതയില്ല. പ്രദേശത്ത് നിന്നും ദുരനുഭവം നേരിട്ട ഒരാളെ കുറിച്ചു പോലും വിശദീകരിച്ചു വസ്തുതാപരമായി വിഷയം തെളിയിക്കാനും ‍ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടില്ല. യാതൊരു തെളിവുമില്ലാത്ത അരോപണങ്ങളും കാല്‍പനികതയും മാത്രമാണ് വാര്‍ത്തിയുടെ അടിസ്ഥാനമെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.

Avatar

Title:ഭൂതത്താന്‍കെട്ടിലെ കശ്മല സംഘങ്ങള്‍ കെട്ടുകഥയോ??

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •