
വിവരണം
ശബരിമല വിഷയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥിയായി കഴിഞ്ഞ ദിവസം എത്തിയരുന്നു. എന്നാല്‍ സമ്മേളനത്തിലെ ജനപങ്കാഴിത്തം സംബന്ധിച്ച ആക്ഷേപമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി യോഗിയുടെ പ്രസംഗം എന്ന പേരില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നിലെ വാസ്തവം എന്താണെന്നതു പരിശോധിക്കാം.
വസ്തുത വിശകലനം
ശബരിമല വിഷയം ആളിപ്പടര്‍ത്തി ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ടുബാങ്കിനെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണു ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ ഈ കഴിഞ്ഞ ഫെബ്രുവരി 14നു ബിജെപി വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിച്ചത്. യുപി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു സമ്മേളനത്തിലെ മുഖ്യ അതിഥി. എന്നാല്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതീക്ഷിച്ചതു പോലെയുള്ള ജനപങ്കാളിത്തം പരിപാടിയിലുണ്ടായില്ലെന്നതാണു വാസ്തവം. വീഡിയോയില്‍ കാണുന്നതു പോലെ മുന്‍നിരയില്‍ നിന്നും പുറകിലേക്കു വരുമ്പോള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നു യോഗി സംസാരിക്കുമ്പോള്‍ സമ്മേളന നഗരിയില്‍ നിന്നും ദൃശ്യമായത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമല്ല മുഖ്യധാര മാധ്യമങ്ങളുടെ പത്തനംതിട്ട ബ്യൂറോകളും സംഭവത്തെ ശരിവച്ചിട്ടുണ്ട്. വീഡിയോയില്‍ യോഗി ആദിത്യനാഥ് സംസാരിക്കുന്നതും അദ്ദേഹത്തിന്റെ വാഹന വ്യൂഹം വേദിക്കു മുന്പില് പാര്‍ക്ക് ചെയ്തിരിക്കുന്നതും വ്യക്തമായി കാണാന്‍ കഴിയുന്നുമുണ്ട്.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളുടെ ലിങ്കുകള്‍
മീഡിയവണ്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഹര്ഷന് പൂപ്പാറക്കാരന് അപ്പ്ലോഡ് ചെയ്ത വീഡിയോ
നിഗമനം
ഒഴിഞ്ഞ കസേരകള്‍ക്കു മുന്പില് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗിക്കുന്നുയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയെ ശരിവയ്ക്കുന്നതു തന്നെയാണ് പരിപാടിയിലെ ശുഷ്കമായ ജനപങ്കാളിത്തം. സംഘാടകര്‍ക്കു പ്രവര്‍ത്തകരെ കൃത്യമായി പങ്കെടുക്കാന്‍ കഴിഞ്ഞില്ലയെന്നതരത്തിലാണു ജനപങ്കാളിത്തം സംബന്ധിച്ചു വിമര്‍ശനങ്ങള്‍ ഉയരുന്നത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും ലഭിച്ചിരിക്കുന്ന തെളിവുകളും ആധാരമാക്കുമ്പോള്‍ ഇതു വ്യാജമായി ചമയ്ക്കപ്പെട്ടതാണെന്നു പറയാനും തെളിയിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ വീഡിയോ വ്യാജമെല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

Title:യോഗി ആദിത്യനാഥ് പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്പിലോ? യാഥാര്‍ത്ഥ്യമെന്ത്?
Fact Check By: Harishankar PrasadResult: True
