വൃക്ക രോഗശമനത്തിന് ഇഞ്ചി മസ്സാജ്….

ദേശീയം

വിവരണം

Thanathruchi.com | Archived Link

ചിത്രം കടപാട്: തനത് രുചി

ഇതൊന്നും മാത്രം മതി എത്ര നശിച്ച വൃക്കയ്ക്കും പുതു ജീവൻ നൽകാൻ……ആശങ്ക ഒഴിവാക്കൂ…. എന്ന വിവരണത്തോടെ പ്രചരിക്കുന്ന പോസ്റ്റിന് 9000 ഷെയറുകൾ പൂർത്തിയായിട്ടുണ്ട്. മാറിവരുന്ന ജീവിത ശൈലിക്കനുസരിച്ച് ആരോഗ്യ സംരക്ഷണത്തിനും അതീവ ജാഗ്രത പുലർത്തണമെന്നും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമെന്നും അതിനു മോഹനൻ വൈദ്യരുടെ പക്കൽ പ്രതിവിധി ഉണ്ടെന്നുമാണ് പോസ്റ്റിലെ വിവരണം. പ്രമേഹം ബാധിച്ചാൽ 10 വർഷം കഴിയുമ്പോൾ വൃക്കകളുടെ പ്രർത്തനത്തെ തകർക്കാൻ തുടങ്ങും. വേദന സംഹാരികളും വൃക്ക – മൂത്രാശയ കല്ലുകളും വൃക്കയുടെ ശത്രുക്കളാണ്. നന്നായി വെള്ളം കുടിക്കണമെന്നും പോസ്‌റ്റിലുണ്ട്. പോസ്റ്റിലെ വിഷയത്തിന്റെ ആധികാരികത നമുക്കു അവലോകനം ചെയ്യാം

വസ്തുതാ വിശകലനം

ചികിത്സയും വിവാദവുമായി ഫേസ്ബുക്ക് ഷെയറുകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് മോഹനൻ വൈദ്യർ. അദ്ദേഹത്തിന്റെ പോസ്റ്റുകൾ എല്ലായ്പ്പോഴും വൈറലാണ്. വൈദ്യരുടെ ചികിത്സാ രീതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയുണ്ട്. ഇഞ്ചി ഉപയോഗിച്ച് എത്ര കടുത്ത കിഡ്നി രോഗവും അകറ്റാം എന്നാണ് മോഹനൻ വൈദ്യരുടെ ചികിത്സാ ക്രമം വിവരിക്കുന്ന ഇൗ ലേഖനത്തിൽ പറയുന്നത്. ഇതേപ്പറ്റി ഞങ്ങൾ വിശദമായി അന്വേഷിച്ചു.

ചികിത്സാ സംബന്ധമായ ചില വെബ്സറ്റുകളിലും യുട്യൂബ് ചാനലുകളിലും വൃക്ക രോഗത്തിന് ഇഞ്ചി മസ്സാജ് എന്ന വിഷയത്തെ കുറിച്ച് ലേഖനങ്ങളുണ്ട്.

https://healthyeating.sfgate.com/benefits-ginger-kidney-function-3019.html

ഡോ. വിക്രം ചൗഹാൻ എന്ന യുട്യൂബ് ചാനലിൽ 2017 ജനുവരി 17 ന്‌ ഒരു വീഡിയോ ലേഖനം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

“തനത് രുചി” എന്ന വെബ്സൈറ്റിൽ മോഹനൻ വൈദ്യരുടെ ലേഖനം നൽകിയിരിക്കുന്നത് 2019 ജനുവരി 28 നാണ്‌. ഡോ. വിക്രം ചൗഹാന്റെ വീഡിയോയുടെ പരിഭാഷ തന്നെയാണോ വൈദ്യരുടെ ചികിത്സാ രീതി എന്ന് സസൂക്ഷ്മം നിരീക്ഷിച്ചാൽ സംശയം തോന്നാം.

ഞങ്ങൾ ആലപ്പുഴയിലെ ഗവണ്മെന്റ് പഞ്ചകർമ ആശുപത്രിയിലെ സീനിയർ  ആയുർവേദ ഡോക്ടറായ ഡോ. വിഷ്ണു നമ്പൂതിരിയോട് ഇതേപ്പറ്റി അഭിപ്രായം ചോദിച്ചു. ആയൂർവേദ ഗ്രന്ഥങ്ങളിൽ ഒന്നിലും ഇൗ ചികിത്സയെ പറ്റി പ്രതിപാദിച്ചിട്ടില്ല എന്നാണ്. “ഇഞ്ചിക്ക്‌ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഇഞ്ചി ഒരു ദഹനസഹായിയാണ്. അതിന് വൃക്ക സംരക്ഷിക്കാനുള്ള കഴിവില്ല. പ്രത്യേകിച്ചും പുറമെ ലേപനമായി ഉപയോഗിക്കുമ്പോൾ വൃക്ക രോഗങ്ങൾക്ക് പരിഹാരം നൽകാനാവില്ല. വൃക്ക സംബന്ധമായ ചില രോഗങ്ങൾക്ക് ആയുർവേദ ചികിത്സയിൽ പരിമിതികളുണ്ട്. ക്രിയാട്ടിൻ ലെവൽ 3-5 വരെയൊക്കെ ആയുർവേദത്തിൽ സുഗമമായി ചികിത്സിക്കാം. അതിൽ കൂടുതലാണെങ്കിൽ രോഗികളോട് അടുത്ത നടപടി പിന്തുടരാൻ നിർദേശിക്കും. കല്ലുകളുടെ കാര്യത്തിലും അങ്ങനെത്തന്നെ. 2 സെന്റിമീറ്റർ വരെയൊക്കെ വലിപ്പം വരുന്ന കല്ലുകളുടെ ചികിത്സയും ആയുർവേദത്തിൽ പരിമിതികളുണ്ട്. ഇത് എന്റെ  ചികിത്സാനുഭവത്തിൽ നിന്നുള്ളതും വ്യക്തിപരവുമായ അഭിപ്രായമാണ്. “

മോഹനൻ വൈദ്യർക്കെതിരെ വൃക്ക ചികിത്സയ്ക്കിടെ കൊല്ലം ഓച്ചിറ സ്വദേശിയായ യുവാവ് മരിച്ചു എന്ന് 2018 മാർച്ച് ആറിന് ഷിംന അസീസ് എന്ന ഡോക്ടർ ഫെസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

Shimna Azeez Facebook Post | Archived Link

ഇതിനെതിരെ വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ വൈദ്യരും രംഗത്ത് എത്തിയിരുന്നു.

Mohanan Vaidyar Facebook Post | Archived Link

നിഗമനം

മോഹനൻ വൈദ്യരുടെ ചികിത്സയ്ക്ക് ശാസ്ത്രീയമായ അടിത്തറ ലേഖനത്തിൽ നൽകിയിട്ടില്ല. രോഗത്തിന്റെ ഏതു ഘട്ടത്തിലുള്ളവർക്കാണ് ചികിത്സയ്ക്ക് വിധേയരാകാൻ കഴിയുക എന്നതും വ്യക്തമല്ല. ധാരാളം പേർ വൈദ്യരെ ചികിത്സയ്ക്കായി സമീപിക്കുന്നുണ്ടെന്ന് ചേർത്തലയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ വൈദ്യശാല യിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഞങ്ങളുടെ നിഗമന പ്രകാരം ഇത് mixture വിഭാഗത്തിൽ ചേർക്കുന്നു.

Avatar

Title:വൃക്ക രോഗശമനത്തിന് ഇഞ്ചി മസ്സാജ്….

Fact Check By: Deepa M 

Result: Mixture