ഹാർട്ട് അറ്റാക്കിന് പിന്നിൽ കൊളസ്ട്രോൾ…. വാദം തെറ്റാണോ….

ആരോഗ്യം

വിവരണം

ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് കൊളസ്ട്രോളും എണ്ണയുമല്ല ! പിന്നെ എന്താണ് യഥാർത്ഥ കാരണം….? എന്ന തലക്കെട്ടോടെ ആധുനിക വൈദ്യ ശാസ്ത്രത്തി നെതിരെ  കടുത്ത ആരോപണങ്ങളുമായി പ്രചരിക്കുന്ന പോസ്റ്റിന് ഏഴായിരത്തോളം ഷെയറുകൾ കിട്ടിക്കഴിഞ്ഞു. ഇംഗ്ലീഷ് മരുന്നുകൾ കൂടാതെ തന്നെ ഹൃദയാരോഗ്യം നിലനിർത്താനും പക്ഷാഘാതം തടയാനുള്ള നിർദേശങ്ങളാണ് ലേഖകൻ മുന്നോട്ട് വയ്ക്കുന്നത്. കൊളസ്ട്രോള അല്ല കാൽസ്യമാണ് ധമനികളിൽ ബ്ലോക്കുണ്ടാവാൻ കാരണം എന്ന് അദ്ദേഹം ലേഖനത്തിൽ വാദിക്കുന്നു.

ശരീരത്തിന് ആവശ്യമുള്ള ഘടകമായ കൊളസ്ട്രോൾ കരളാണ് ഉത്പാദിപ്പിക്കുന്നത്. കരളിന്റെ പ്രവർത്തനത്തെ ഹനിക്കുന്ന statin എന്ന രാസവസ്തു അടങ്ങിയ  ഇംഗ്ലീഷ്  മരുന്നുകൾ ഡോക്ടർമാർ രോഗികൾക്ക് നൽകുകയാണ്.  ഈ മരുന്ന് കഴിച്ചു ഹാർട്ട് അറ്റാക്ക് നിരക്ക് 100 ഇരട്ടി വർദ്ധിച്ചു. ഹൃദ്രോഗ  ആശുപത്രികളുടെ എണ്ണവും വർധിച്ചു.

കൊളസ്ട്രോൾ ശരീരത്തിന് എന്തെല്ലാം സംഭാവനകളാണ് നൽകുന്നതെന്ന വിവരണം ലേഖനത്തിലുണ്ട്.

Aarogyam Life ലേഖനം | Archived Link

കാൽസ്യം ശരീരത്തിൽ എല്ലായിടവും ഹൃദയത്തിലും അടിഞ്ഞു കൂടും. രക്ത ധമനികളിൽ മുറിവുണ്ടാക്കാതെ കൊളസ്ട്രോൾ അതിനെ പൊതിഞ്ഞിരിക്കുന്നു എന്നുമാത്രം. പണ്ടുകാലത്ത് ജനങ്ങൾ കഴിച്ചിരുന്ന സസ്യാഹാരം ഇത്തരം കാൽസ്യം കല്ലുകളെ അലിയിച്ചിരുന്നു. പണ്ടുകാലത്തെ ജീവിത ചര്യ കാൽസ്യം കല്ലുകളെ ഇല്ലായ്മ ചെയ്തിരുന്നു എന്നും ലേഖകൻ പ്രസ്താവിക്കുന്നു.

ലേഖകന്റെ രണ്ടാമത്തെ പരാമർശം ബിപി യെ പ്പറ്റിയാണ്‌. വെള്ളം കൂടുതൽ കുടിച്ചാൽ പോലും ബിപി യുടെ അളവിൽ വ്യത്യാസം വരും. ബിപി ഉള്ളവർ ഉപ്പ് കഴിക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ലെന്നും  മൂത്രം പോയി കഴിയുമ്പോൾ അത്തരം ബിപി നോർമലാകുമെന്നും ലേഖനത്തിലുണ്ട്.

Ecospirin മരുന്ന് സ്ഥിരമായി കഴിച്ചാൽ രക്തധമനികൾ ലോലമാകുമെന്ന് അദ്ദേഹം ആരോപിക്കുന്നു.  ചുരുക്കി പറഞ്ഞാൽ രാസമരുന്നുകൾ കഴിച്ച് ഹൃദയം നശിപ്പിക്കരുത് എന്നാണ് ലേഖനത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

വസ്തുതാ വിശകലനം

ലേഖനത്തിലെ വാദങ്ങൾ പൂർണ്ണമായും വിശ്വസനീയമാണോ  എന്നറിയാൻ ഞങ്ങൾ ഒരു ഡോക്ടറെ സമീപിക്കുകയുണ്ടായി. തിരുവനന്തപുരം ശിവ ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. വേണു ശശികുമാർ. കൊളസ്ട്രോൾ കരൾ ഉത്പാദിപ്പിക്കുന്ന ശരീരത്തിന് ആവശ്യമുള്ള ഘടകമാണ് എന്ന വാദം വൈദ്യശാസ്ത്രം ശരിവയ്ക്കുന്നു. എന്നാൽ ഉയർന്ന അളവിൽ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊളസ്ട്രോൾ ദോഷകാരിയായി മാറുമെന്ന് ഡോക്ടർ വേണു ശശികുമാർ പറയുന്നു. പല രോഗങ്ങളുള്ള ഒരാൾക്ക് അമിത കൊളസ്ട്രോൾ അപകടകാരി യായി മാറാമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അമിത കൊളസ്ട്രോൾ കൊണ്ടുദ്ദേശിക്കുന്നത് ചീത്ത കൊളസ്സ്‌ട്രോളിനെയാണ്. വൈദ്യശാസ്ത്ര ചരിത്രം പരിശോധിച്ചാൽ കൊളസ്ട്രോൾ വില്ലനായെത്തിയ നിരവധി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കാൽസ്യമാണ് രക്തധമനികളിൽ ബ്ലോക്കുകൾ ഉണ്ടാക്കുന്നത് എന്ന് ലേഖനത്തിൽ വാദഗതി നടത്തുന്നുണ്ട്. ഇത് എല്ലാവരുടെയും കാര്യത്തിൽ ഒരേപോലെ യല്ല. പൊതുവായി എല്ലാവരെയും ബാധിക്കുന്ന കാര്യം എന്ന മട്ടിലാണ് ലേഖകൻ കാഴ്ചപ്പാട് എഴുതിയിരിക്കുന്നത്. ഒരാൾ രോഗാഗ്രസ്ഥനാവാൻ നിരവധി കാരണങ്ങൾ ഉണ്ട്. പാരമ്പര്യം അതിൽ പ്രധാന പങ്കു വഹിക്കുന്നു. രക്തക്കുഴലുകൾ അടഞ്ഞു പോകുന്നത് പോലും ബ്ലോക്കിന് കാരണമാകും. രോഗം മൂർച്ഛിച്ച അവസ്ഥയിലുള്ള, ഡോക്ടറുടെപ്രകാരം മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്ന രോഗി ലേഖനത്തിലെ നിർദ്ദേശ പ്രകാരം മരുന്നുകൾ ഉപേക്ഷിച്ചാൽ ഒരുപക്ഷേ ജീവനുതന്നെ ഭീഷണി ആയേക്കാമെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. വളരെ കുറച്ചു പേരിൽ നടത്തിയ ഗവേഷണ ഫലം ആധികാരികമായി എടുക്കാൻ ആകില്ല. ലേഖകനുമായി സംസാരിച്ച തിൽ നിന്ന് അറിയാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ലേഖനം ഐസിഎംആർ, ഡബ്ലിയു. എച്ച് ഒ എന്നീ സംഘടനകൾക്ക് സമർപ്പിച്ചിരുന്നു  എന്നും അവർ റിവ്യൂ വിന് ഇട്ടിട്ടുണ്ടെന്നുമാണ്. ഡോക്ടർമാരുടെ അംഗീകാരം ലഭിക്കാതെ ലേഖനത്തിന് ഈ സംഘടനകൾ അപ്പ്രൂവൽ നൽകില്ല. ലേഖകന്റെ പത്നിയുടെ ചികിത്സയുടെ പാകപ്പിഴകൾ കണ്ടെത്തിയതിനെ തുടർന്ന് സ്വന്തം നിലയിൽ നടത്തിയ ഗവേഷണ മാണ് ലേഖനത്തിന് ആധാരം എന്ന് അദ്ദേഹം ഞങ്ങളോട് പറയുകയുണ്ടായി. ഡോക്ടർ വേണുവിന്റെ അഭിപ്രായത്തിൽ ഇതൊരു ഒറ്റപ്പെട്ട സംഭവ മാണ്. പൊതുവൽകരിക്കാനാകില്ല.

നിഗമനം

ലേഖനത്തിലെ വസ്തുതകൾ ഏതൊരു രോഗിക്കും അനുയോജ്യമാണ് എന്ന സന്ദേശം ലേഖനത്തിലൂടെ വായനക്കാരന് നൽകുന്നുണ്ട്. ഞങ്ങൾ സമീപിച്ച ഡോക്ടറുടെ അഭിപ്രായത്തിൽ ഓരോ രോഗിക്കും രോഗത്തിന്റെ വ്യാപ്തി കണക്കാക്കി ഡോക്ടർമാർ നിശ്ചയിക്കുന്ന മരുന്നുകൾ പിന്തുടരുകയും ജീവിതചര്യ പാലിക്കുക യും ചെയ്യുന്നതാണ് അഭികാമ്യം..ലേഖനത്തിലെ ആശയങ്ങൾ പൂർണ്ണമായും പിന്തുണക്കാനോ തള്ളിക്കളയാനോ ആകില്ല.

Avatar

Title:ഹാർട്ട് അറ്റാക്കിന് പിന്നിൽ കൊളസ്ട്രോൾ…. വാദം തെറ്റാണോ….

Fact Check By: Deepa M 

Result: Mixture

Picture courtesy : google

 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share