FACT CHECK: UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല; സത്യാവസ്ഥ വായിക്കൂ…

രാഷ്ട്രീയം | Politics

UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം എത്രയും വേഗം നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ഈ പ്രചരണത്തില്‍ ഉപയോഗിച്ച ഉമ്മന്‍ചാണ്ടിയുടെ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രസ്താവനകള്‍ തമ്മിലുള്ള താരതമ്യമാണ്‌ അവതരിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടി വീഡിയോയില്‍ പറയുന്നത് ഇങ്ങനെ: “ പൌരത്വ നിയമം അനുസരിച്ചിട്ടുള്ള ദേശിയ ജനസംഖ്യ രജിസ്റ്റര്‍  സംരംഭം സംസ്ഥാനത്ത് നടന്ന്‍ വരുകയാണ്. രാജ്യത്ത് സ്ഥിര താമസക്കാരായ എല്ലാവരും ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്‌.” ഇതിന് ശേഷം മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നമ്മള്‍ കേള്‍ക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ: “സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇവിടെ പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല. ഇവിടെ ദേശിയ പൌരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ല. ഇവിടെ ദേശിയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള ഒരു ennumeration പ്രവര്‍ത്തനവും നടക്കില്ല. അത് പോലെ ഇങ്ങനെയുള്ള ആളുകളെ സുക്ഷിക്കാനുള്ള ഒരു കരുതല്‍ തടയംപലങ്ങളും ഈ കേരളത്തില്‍ ഉണ്ടാവില്ല. ഇത് ജനം സാക്ഷി, നമ്മുടെ നാട് സാക്ഷി, ഈ നാട് ഈ സര്‍ക്കാരില്‍ സ്ഥാപ്പിച്ച ഉത്തരവാദിത്തം ഞങ്ങള്‍ നിര്‍വഹിക്കും. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാകണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട്…ഈ പരിപാടിയുടെ ഔപചാരികമായ ഉത്ഘാടന൦ നിര്‍വഹിച്ച് കൊണ്ട് അവസാനിപ്പിക്കുന്നു..

വീഡിയോയോടൊപ്പമുള്ള അടികുറിപ്പ് ഇപ്രകാരമാണ്: “UDF അധികാരത്തിൽ വന്നാൽ പൗരത്വ നിയമം എത്രയും വേഗം നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി.…

ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

വസ്തുത അന്വേഷണം

ഞങ്ങള്‍ ആദ്യം വീഡിയോയെ കുറിച്ച് അന്വേഷിച്ചു. വീഡിയോയോട് സംബന്ധിച്ചിട്ടുള്ള പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ ഈ വീഡിയോ ഏകദേശം 9 കൊല്ലം പഴയതാണ് എന്ന് മനസിലായി. 2012ലാണ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ഈ പ്രസ്താവന നടത്തിയത്. ഈ സംഭവത്തിന്‍റെ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്.

Screenshot: YouTube video shows the statement in question was made 8 years ago when Oomen Chandy was the CM of Kerala.

വീഡിയോ കാണാന്‍-YouTube

ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബയോമെട്രിക് എന്രോല്‍മെന്‍റ് ചെയ്യുന്നത്തിന്‍റെ വീഡിയോയുടെ ചില ഭാഗങ്ങളാണ് നാം ഫെസ്ബൂക്ക് വീഡിയോയില്‍ കാണുന്നത്. അദ്ദേഹം വീഡിയോയില്‍ പറയുന്നത് സ്ഥിര താമസക്കാരെ കുറിച്ചാണ്. ദേശിയ ജനസംഖ്യ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്ന എല്ലാവര്‍ക്കും ആധാര്‍ നമ്പര്‍ ഉള്‍പെട്ട ‘റെസിഡന്‍റ ഐഡന്റിറ്റി കാര്‍ഡ്‌’ ലഭിക്കും എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നു. വീഡിയോയില്‍ അദ്ദേഹം എവിടെയും വിവാദപരമായ 2019ലെ പൌരത്വ ഭേദഗതി നിയമം (Citizenship (Amendment) Act 2019)നെ നടപ്പിലാക്കുന്നത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം പറയുന്നതിന്‍റെ മുഴുവന്‍ സന്ദര്‍ഭം മനസിലാക്കാന്‍ നമുക്ക് ദേശിയ ജനസംഖ്യ രജിസ്റ്റര്‍ (NPR)നെ കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ദേശിയ ജനസംഖ്യ രജിസ്റ്റര്‍ (NPR)

2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി നയിച്ച എന്‍.ഡി.എ. സര്‍ക്കാര്‍ പൌരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിനെ 2003ലെ പൌരത്വ ഭേദഗതി നിയമം എന്ന് പറയാം. ഈ നിയമ പ്രകാരം ഇന്ത്യയിലെ എല്ലാ പൌരന്മാരുടെ ഒരു രജിസ്റ്റര്‍ അതായത് നാഷണല്‍ രജിസ്റ്റര്‍ ഓഫ് ഇന്ത്യന്‍ സിറ്റിസന്‍സ് (NRIC) ഉണ്ടാക്കാന്‍ നിര്‍ദേശിക്കുന്നു. 

Screenshot: Indian Kanoon: Citizenship (Amendment) Act, 2003.

നിയമത്തിനെ കുറിച്ച് കൂടുതല്‍ വായിക്കാന്‍-Indian Kanoon

ഈ നിര്‍ദേശത്തിനെ കുറിച്ച് പിന്നിട് വന്ന UPA സര്‍ക്കാര്‍ 2008ല്‍ മുംബൈ ആക്രമണം ഉണ്ടാവുന്നതിന്‍റെ മുന്‍പ് വരെ ഒന്നും ചെയ്തില്ല. പക്ഷെ 2008-2009ലെ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ നിവാസികളുടെ ഒരു രജിസ്റ്റര്‍ അതായത് ദേശിയ ജനസംഖ്യ രജിസ്റ്റര്‍ നിര്‍മിക്കാനുള്ള ശുപാര്‍ശ ചെയ്തത്.

Screenshot: TOI article, dated: 26 Dec 2019, titled: Documents reveal Congress may have started NPR, NRC.

ലേഖനം വായിക്കാന്‍-TOI | Archived Link

അങ്ങനെ 2010ല്‍ UPA സര്‍ക്കാര്‍ ദേശിയ ജനസംഖ്യ രജിസ്റ്റര്‍ അതായത് NPR കൊണ്ട് വന്നത്. ഇതിന്‍റെ ലക്ഷ്യം ഇന്ത്യയിലെ എല്ലാം സ്ഥിര താമസക്കാരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കലായിരുന്നു. 2011ലെ ജനന്ഗണന ക്രമങ്ങളില്‍ തന്നെ NPRന് വേണ്ടിയുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചത്. അങ്ങനെ NPR ആദ്യമായി അപ്ഡേറ്റ് ചെയ്യുന്നത് 2011ലായിരുന്നു. അതിന് ശേഷം 2015ല്‍ ജനഗണന നടത്തുന്ന രജിസ്റ്ററാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇതിനെ അപ്ഡേറ്റ് ചെയ്തത്.

മുഴുവന്‍ വായിക്കാന്‍-Census of India : Frequently Asked Questions (censusindia.gov.in)

പക്ഷെ എന്‍.ഡി.എ. സര്‍ക്കാര്‍ 2020ല്‍ പ്രഖ്യാപിച്ച ദേശിയ ജനസംഖ്യ രജിസ്റ്ററിന്‍റെ പ്രവര്‍ത്തനത്തിലും 2010ല്‍ കൊണ്ട് വന്ന ദേശിയ ജനസംഖ്യ രജിസ്റ്ററുമായി പല അപകടകരമായ വ്യത്യാസങ്ങളുണ്ട് എന്ന് ചുണ്ടികാണിച്ച് മുന്‍ കേന്ദ്ര അഭ്യന്തര മന്ത്രി പി.ചിദംബരം രംഗതെത്തിയിരുന്നു. 2010ല്‍ കൊണ്ട് വന്ന രജിസ്റ്റര്‍ ‘സ്ഥിര താമസക്കാരുടെതായിരുന്നു (usual residents)’ അതിന് പൌരത്വത്തിനോട്‌ യാതൊരു ബന്ധമുണ്ടായിരുന്നില്ല എന്ന് ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. ഈ ഒരു പ്രവര്‍ത്തനത്തിന് ദേശിയ പൌരത്വ രജിസ്റ്റര്‍ (NRC)യുമായി യാതൊരു ബന്ധമുണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ താമസക്കാരെ അവരുടെ മതം നോക്കാതെയായിരുന്നു പരിഗണിച്ചത് എന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

കുടാതെ 2020ലെ കൊണ്ട് വന്ന NPR ഫോമും 2010ലെ ഫോമും തമ്മില്‍ വലിയൊരു വ്യത്യാസമാണ് ഒരു ചോദ്യം. പുതിയ NPRല്‍ നിങ്ങളുടെ പിതാവിന്‍റെ ജന്മസ്ഥാനവും ആവശ്യപെടുന്നതാണ്. ഈ കാര്യം 2010ലെ NPRല്‍ ചോദിച്ചിരുന്നില്ല. ഈ കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നതാണ്.

Screenshot: The Scroll, dated: Dec 28, 2019, titled: EXPLAINER: What is the difference between the NPR under Congress, BJP’s NPR-NRC-CAA and the Census?

ലേഖനം വായിക്കാന്‍-Scroll | Archived Link

പ്രസ്തുത വീഡിയോയില്‍  ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നത് ഇതേ ദേശിയ ജനസംഖ്യ രജിസ്റ്ററെ കുറിച്ചാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് ഈ പ്രസ്താവന അദ്ദേഹം നടത്തിയത് 2012ലാണ്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൌരത്വം നല്‍കുന്ന ബില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി അവതരിപ്പിച്ചത് 2016ലാണ്. പിന്നിട് 2019ല്‍ ഈ ബില്‍ ഇരു സഭകളിലും പാസാക്കിയതിനെ ശേഷം പുതിയ പൌരത്വ നിയമം (Citizenship (Amendment) Act, 2019) യഥാര്‍ത്ഥ്യമാകുന്നത്.

1537ls.p65 (prsindia.org)

അങ്ങനെ ഉമ്മന്‍ ചാണ്ടി പറയുന്നത് പുതിയ പൌരത്വ നിയമത്തിനെ കുറിച്ചല്ല പകരം വാജ്‌പേയി സര്‍ക്കാര്‍ പാസാക്കിയ 2003ലെ പൌരത്വ നിയമത്തിനെ കുറിച്ചാണ്. ഈ നിയമം അനുസരിച്ച് കോണ്‍ഗ്രസ് കൊണ്ട് വന്ന ദേശിയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രസ്താവനക്ക് പുതിയ പൌരത്വ നിയമവും NRCയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. 

ഞങ്ങളുടെ പ്രതിനിധി ശ്രി. ഉമ്മന്‍ ചാണ്ടിയുടെ പി.എ. പി.ടി.ചാക്കോയുമായി ബന്ധപെട്ടു. ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഈ പ്രചരണം തീര്‍ത്തും വ്യാജമാണ് എന്ന് വ്യക്തമാക്കി. “അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം  കേരളത്തില്‍ നടപ്പിലാക്കും എന്ന കാര്യം ശ്രി. ഉമ്മന്‍ ചാണ്ടി എവിടെയും പറഞ്ഞിട്ടില്ല” എന്ന് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.

നിഗമനം

UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം നടപ്പിലാക്കും എന്ന് ശ്രി. ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ദേശിയ ജനസംഖ്യ രജിസ്റ്ററിനെ കുറിച്ച് പറഞ്ഞ ഒരു പരാമര്‍ശത്തിന്‍റെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ പരാമര്‍ശത്തിന് 2019ല്‍ നിലവില്‍ വന്ന പൌരത്വ ഭേദഗതിയുമായോ ദേശിയ പൌരത്വ രജിസ്റ്റര്‍ (NRC)യുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:FACT CHECK: UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല; സത്യാവസ്ഥ വായിക്കൂ…

Fact Check By: Mukundan K 

Result: False