
പ്രചരണം
മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവ് കെ.എന്‍.എ.ഖാദര്‍ മുസ്ലിങ്ങളെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ അദ്ദേഹത്തിന്‍റെ നേരിട്ടുള്ള സംഭാഷണമല്ല, വോയിസ് ഓവര്‍ ആണ് ഉള്ളത്. സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
“സത്യം സത്യം ഞാൻ എവിടെയും പറയും. മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് പേര് അങ്ങനെ ആയത്. ഞാൻ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല. വിശ്വാസിയും അല്ല. എനിക്ക് സത്യസന്ധമെന്ന് തോന്നുന്ന കാര്യങ്ങൾ പച്ചയായി എഴുതും. സാമൂഹ്യമാധ്യമങ്ങളിൽ പരസ്യമായി പറയുകയും ചെയ്യും. മുസ്ലീങ്ങളുടെ ഇടയിൽ കണ്ടുവരുന്ന തീവ്രവാദ രീതിക്ക് മുസ്ലിം മതഗ്രന്ഥവും മത പൗരോഹിത്യവുമാണ് കാരണം. ഞാൻ സിനിമയിൽ വരെ ഉണ്ടായിരുന്ന ആളാണ്. മാറി ചിന്തിക്കാൻ എനിക്ക് ചില അവസരങ്ങൾ ഉണ്ടായി. മുസ്ലിം ബ്രദർഹുഡ് എന്ന ഒരു സംഘടനയാണ് തീവ്രവാദ ഗ്രൂപ്പിന്‍റെ ആസൂത്രകർ. അതിന്‍റെ കേരളത്തിലെ പേരാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ ബേസിക് തിയറി ജിഹാദ് ആണ്. മതഗ്രന്ഥവും മുഹമ്മദ് എന്ന ക്രൂരനായ മനുഷ്യനുമാണ് എല്ലാത്തിനും കാരണം.
ഖുർആൻ വളരെ മോശം ഗ്രന്ഥമാണ്. ഏറ്റവും കൂടുതൽ ക്രൂരത മുസ്ലീങ്ങൾക്ക് ആണ്. ക്രിസ്ത്യാനികൾക്കിടയിൽ പോലും ഒരുപാട് മാറ്റം വന്നു. ജൂതർ മറ്റുള്ളവർക്ക് ദോഷം ചെയ്യുന്നവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് യഹൂദികൾ അക്രമകാരികൾ ആണെന്നും അവരെ ജീവിക്കാൻ അനുവദിക്കരുതെന്നുമാണ്. പുരോഹിതൻമാരും ഖുർആൻ പോലും അതാണ് പറയുന്നത്. മദീന യഥാർത്ഥത്തിൽ യഹൂദികളുടെ ആയിരുന്നു. ആദ്യകാലത്ത് മുസ്ലീങ്ങൾ ഇല്ലായിരുന്നല്ലോ. മദീന കാർഷിക സമ്പന്നമായ പ്രദേശമായിരുന്നു. മദീന കൈയേറി സ്വന്തമാക്കിയതാണ്. ലോകത്തെ എല്ലാ സമുദായങ്ങൾക്കും മാറ്റം വന്നു, ഇസ്ലാമിന് ഒഴികെ. കേരളത്തിലെ ജനതയുടെ മൂന്നിലൊന്ന് മാത്രം വരുന്ന ഒരു ജനവിഭാഗം ലോകത്തെ നിയന്ത്രിക്കുന്ന നിലയിലേക്ക് വളർന്നു ഇസ്രയേലല്ല, അറബ് രാജ്യങ്ങളാണ് യുദ്ധം നിർത്തേണ്ടത്….” ഇങ്ങനെയുള്ള കാര്യങ്ങളാണ് കെ എൻ എ ഖാദറിന്‍റെത് എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ ഉള്ളത്.
ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു ഇത് ഒരു കള്ളപ്രചരണം ആണെന്നും ഈ സംഭാഷണം യു എൻ എ ഖാദറിന്‍റെതല്ല എന്നും വ്യക്തമാക്കുന്ന ചില തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചു.
വസ്തുത വിശകലനം
ഞങ്ങൾ ഇക്കാര്യം അറിയാൻ ആദ്യം മുസ്ലിം ലീഗിന്‍റെ ആസ്ഥാനത്തെയ്ക്ക് വിളിച്ച് സംസാരിച്ചു അവിടെനിന്നും ഓഫീസ് സെക്രട്ടറി ഞങ്ങളെ അറിയിച്ചത് ഇതൊരു വ്യാജ പ്രചരണമാണ് എന്നാണ്.
“കെ എൻ എ ഖാദർ സാഹിബ് പറഞ്ഞു എന്ന പേരിൽ വാട്സാപ്പ് വഴി പരക്കുന്ന സന്ദേശം അദ്ദേഹം പറഞ്ഞതല്ല. അദ്ദേഹത്തിന്‍റെ ശബ്ദംപോലും ഇങ്ങനെയല്ല. അദ്ദേഹത്തെയും പാർട്ടിയേയും മനപ്പൂർവം കരിവാരിത്തേക്കാൻ ആരോ ചെയ്ത പണിയാണ്. പെട്ടെന്നുതന്നെ ഇത് ചെയ്തയാളെ കണ്ടെത്താൻ കഴിയും എന്ന് കരുതുന്നു. നമുക്ക് കാത്തിരുന്നു കാണാം” ഇതാണ് അവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ച മറുപടി.
കെ എന്‍ എ ഖാദര്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ കോപ്പി താഴെ കൊടുക്കുന്നു

കെ.എന്‍.എ. ഖാദര്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ കുറിച്ച് കെ എന്‍ എ ഖാദര്‍ പോലീസിന് പരാതി നല്‍കി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു.

കൂടാതെ കെ എൻ എ ഖാദറുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഇത് എന്‍റെ ശബ്ദമല്ല. ഇങ്ങനെയൊരു കാര്യം ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്‍റെ പേരിൽ ആരോ കെട്ടിച്ചമച്ച് ദുഷ്പ്രചരണം നടത്തുകയാണ്. ഞാൻ ഇതിനെതിരെ പോലീസിന് പരാതി നൽകിയിട്ടുണ്ട്.
തന്‍റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതിനെതിരെ യു. എൻ. എ. ഖാദർ സാമൂഹ്യമാധ്യമങ്ങൾ വഴി വിശദീകരണം നൽകിയിരുന്നു.
യു എൻ എ ഖാദറിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം അദ്ദേഹത്തിന്‍റെതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. യു എൻ എ ഖാദറിന്‍റെതായി പ്രചരിക്കുന്ന സംഭാഷണം അദ്ദേഹത്തിന്‍റെതല്ല എന്ന് അദ്ദേഹവും മുസ്ലിം ലീഗ് ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.

Title:മുസ്ലീങ്ങളെ വിമർശിച്ചും യഹൂദരെ പ്രശംസിച്ചും യു.എൻ.എ. ഖാദര്‍ സംഭാഷണം നടത്തിയെന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…
Fact Check By: Vasuki SResult: False
