ഈ സന്ദേശം ആരോഗ്യ മന്ത്രി കെകെ ശൈലജയുടേതല്ല

Coronavirus ആരോഗ്യം

വിവരണം 

കൊറോണ വൈറസ് രോഗബാധ നാട് മുഴുവൻ വീണ്ടും പരക്കാൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ഓരോ സ്ഥലത്തും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടെ ആരോഗ്യ മന്ത്രാലയവും സന്നദ്ധ സംഘടനകളും രോഗപ്രതിരോധത്തിനായി നിരവധി മാർഗ നിർദ്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ  മാധ്യമങ്ങളിലൂടെയും നൽകുന്നുണ്ട്. ഇതോടൊപ്പം വാട്ട്സ് ആപ്പിൽ ഒരു വോയ്‌സ് ക്ലിപ്പ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് വോയ്‌സ് ക്ലിപ്പിലുള്ളത്. കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ചില നാടൻ കൂട്ടുകൾ വോയിസ് ക്ലിപ്പിൽ നൽകിയിട്ടുണ്ട്. ഇതുവരെയും ലോകത്ത് കൊറോണ വൈറസിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നതാണ് വാസ്തവം. 

ആരോഗ്യ രംഗത്ത് പക്വമായ കാൽവെപ്പുകൾ നടത്തുന്ന കേരളം പോലൊരു സംസ്ഥാനത്തെ ആരോഗ്യമന്ത്രി ഇത്തരത്തിൽ ഒരു സന്ദേശം പ്രചാരണത്തിനായി നൽകിയോ എന്ന് ചോദിച്ചു കൊണ്ട് ഞങ്ങൾക്ക് വാട്ട്സ് ആപ്പിൽ സന്ദേശം ലഭിച്ചു.

മന്ത്രിയുടെ പേരിൽ പ്രചരിപ്പിക്കുന്ന ഈ സന്ദേശത്തിന്‍റെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഫേസ്‌ബുക്കിൽ ഒരു വീഡിയോ ഇതേ ശബ്ദരേഖ ചേർത്ത് പ്രചരിപ്പിക്കുന്നതായ് കാണാൻ കഴിഞ്ഞു.

archived linkFB post

പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങളായ തേൻ, നാരങ്ങാ, വെളുത്തുള്ളി, ഇഞ്ചി മഞ്ഞൾ തുടങ്ങിയവ രോഗത്തിനെതിരെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന നിർദ്ദേശങ്ങളാണ് വീഡിയോയിൽ കൂടുതലും കേൾക്കാൻ സാധിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെതല്ല. ഇക്കാര്യം ഞങ്ങൾ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട്  സ്ഥിരീകരിച്ചിട്ടുണ്ട്. “മന്ത്രിക്കു നൽകാനുള്ള നിർദേശങ്ങളെല്ലാം മാധ്യങ്ങളിലൂടെയും മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലൂടെയുമാണ് നൽകുന്നത്. കൊറോണയ്ക്കെതിരെ പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കണമെന്നുള്ള നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ രോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് രോഗ ലക്ഷണങ്ങൾ കണ്ടാലോ സംശയമുള്ള സഹാചര്യങ്ങളിൽ ചെന്നുപെട്ടാലോ എത്രയും വേഗം ദിശയുമായോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെടുന്ന വേണ്ടത്. ഒരിക്കലും സ്വയംചികിത്സയുടെ  പിന്നാലെ പോകരുത്.” മന്തിയുടെ പേഴ്സണൽ സെക്രട്ടറി  ഞങ്ങളുടെ പ്രതിനിധിക്ക് ഇങ്ങനെയാണ് മറുപടി നൽകിയത്. 

പത്തനംതിട്ടയിൽ അഞ്ചു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി മാർച്ച് 8 നു നടത്തിയ വാർത്താ സമ്മേളനത്തിന്‍റെ വീഡിയോ മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രോഗത്തെപ്പറ്റിയും സംസ്ഥാന ആരോഗ്യ വകുപ്പ് കൈക്കൊണ്ടിരിക്കുന്ന മുൻകരുതലുകളെപ്പറ്റിയിലും പൊതുജനം പാലിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. വീഡിയോ താഴെ കൊടുക്കുന്നു: 

archived link

കൊറോണയെ പറ്റി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. രോഗലക്ഷണമാണ് തോന്നിയാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തുകയോ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാൻ തയ്യാറാവുകയോ ചെയ്യുക 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. കൊറോണ വൈറസിനെതിരെ വേദിയിൽ കേൾക്കുന്ന ശബ്ദരേഖ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറിന്‍റെതല്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണ്.  

Avatar

Title:ഈ സന്ദേശം ആരോഗ്യ മന്ത്രി കെകെ ശൈലജയുടേതല്ല

Fact Check By: Vasuki S 

Result: False