മലയാളികളെ തിരികെ എത്തിക്കാൻ വിദേശത്തേയ്ക്ക് വിമാനം അയയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ എന്ന വാർത്ത തെറ്റാണ്…..

അന്തർദേശിയ൦ ദേശീയം രാഷ്ട്രീയം

വിവരണം 

കോവിഡ് 19 വൈറസ് ഗൾഫ് നാടുകളിലും വളരെവേഗം പടരുകയാണ്.  അവിടെയുള്ള മലയാളികൾ ഏറെ പരിഭ്രാന്തരുമാണ്. ലോക് ഡൌൺ പോലുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതുമൂലം ചെറുകിട തൊഴിലാളികളിൽ പലർക്കും  വരുമാനം നിലച്ചിട്ടുമുണ്ട്. എല്ലാ രാജ്യങ്ങളും യാത്രാ വിമാന സർവീസുകൾ ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. തിരിച്ചു വരാൻ മാർഗമില്ലാതെ  മലയാളികൾ ലോക രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. അവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാർ ഹെൽപ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. 

archived linkFB post

ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മലയാളികളെ തിരികെ എത്തിക്കാൻ വിദേശത്തേയ്ക്ക് വിമാനം അയയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ എന്നത്. എന്നാൽ ഈ വാർത്ത വസ്തുതാപരമായി തെറ്റാണ്. എന്താണ് യാഥാർഥ്യമെന്ന് വിശദമാക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങളറിയാൻ വാർത്തകൾ അന്വേഷിച്ചെങ്കിലും ഇത് സംബന്ധിച്ച വാർത്തകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ്  വ്യക്തമായത്. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസ് ഏപ്രിൽ 13 ന്  പ്രസിദ്ധീകരിച്ച ഒരു വാർത്ത പ്രകാരം കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ പ്രവാസി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ഭാരത സർക്കാർ അവിടങ്ങളിലെ മന്ത്രാലയവുമായി ചർച്ച ആരംഭിച്ചു. 2500 ലധികം പ്രവാസികളാണ് തങ്ങളെ തിരിച്ചയയ്ക്കണമെന്ന ആവശ്യവുമായി അബുദാബി-ദുബായ് അധികൃതരെ സമീപിച്ചിരിക്കുന്നത്. 

കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് പ്രവാസി തൊഴിലാളികളെ ഒഴിപ്പിക്കുന്നതിന് സഹകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. രണ്ട് ദശലക്ഷത്തിലധികം മലയാളികള്‍ യുഎഇയിൽ താമസിക്കുന്ന കേരളത്തിനെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കും. 

അനധികൃത കുടിയേറ്റക്കാർക്കും കോവിഡ് -19 മൂലം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം വിസ കാലഹരണപ്പെട്ട തൊഴിലാളികൾക്കും ഏപ്രിൽ 30 വരെ കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസ കാലാവധിക്ക് ശേഷം  താമസിച്ചവരോ രേഖപ്പെടുത്താത്തവരോ ആയ കുടിയേറ്റക്കാർക്ക് പിഴ നൽകാതെ കുവൈത്തിൽ നിന്ന് പോകാൻ അനുവാദമുണ്ട്

ഇങ്ങനെയാണ് വാർത്തയുടെ പരിഭാഷ. 

കൂടുതൽ വിശദാംശങ്ങളറിയാൻ ഞങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം സോഹൻലാലുമായി സംസാരിച്ചിരുന്നു. ഇപ്പോൾ ലോക്ക്ഡൌൺ മൂലം എല്ലാ യാത്രാ വിമാന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ സജീവ പരിഗണയിലുണ്ട്. എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ വേണ്ട നടപടികൾ ഉടനെ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. അല്ലാതെ കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല എന്ന് യാതൊരു അർത്ഥവുമില്ല. 

ഇക്കാര്യം സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിനെ വിളിച്ചു ചോദിച്ചിരുന്നു. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാരിനോട് സംസാരിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലം അവരെ തിരികെ കൊടുവരാനാകില്ല. ഇത്  കേന്ദ്ര സർക്കാരിന്റെ അവഗണനയോ പരിഗണനയില്ലായ്മയോ ആയി കണക്കാക്കുന്നില്ല. കാരണം ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലമാണിത്.

ഇരു സര്‍ക്കാരിന്‍റെയും പ്രതിനിധികളിങ്ങനെയാണ് ഞങ്ങള്ക്ക് മറുപടി നല്‍കിയത്. 

ഈ പോസ്റ്റ് തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്‍റെ ആവശ്യം ഒരിക്കലും തള്ളിയിട്ടില്ല. ഇങ്ങനെ തെറ്റിധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുമ്പോൾ ധാരാളം ആളുകൾ ഇത് വിശ്വസിക്കുന്നുണ്ട് എന്ന് പോസ്റ്റിന്  ലഭിച്ചിരിക്കുന്ന കമന്‍റുകൾ നോക്കിയാൽ മനസ്സിലാകും. 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിധാരണ സൃഷ്ടിക്കാൻ വേണ്ടി മാത്രം പ്രചരിപ്പിക്കുന്ന ഒന്നാണ്. മലയാളികളായ പ്രവാസികളെ തിരികെ കൊണ്ടുവരാൻ വിമാനം അയയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്‌. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഭാഗികമായി തെറ്റാണ്. മലയാളികളായ പ്രവാസികളെ തിരികെ കൊണ്ടുവരാൻ വിമാനം അയയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിട്ടില്ല. ആവശ്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്. ലോക്ക് ഡൗൺ  മൂലം യാത്രാ വിമാന സർവീസുകൾ തൽക്കാലം നിർത്തി വച്ചിരിക്കുന്നതിനാലാണ് കാലതാമസമുണ്ടാകുന്നത്. ബാക്കി പ്രചാരണങ്ങളെല്ലാം തെറ്റാണ്.

Avatar

Title:മലയാളികളെ തിരികെ എത്തിക്കാൻ വിദേശത്തേയ്ക്ക് വിമാനം അയയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ എന്ന വാർത്ത തെറ്റാണ്…..

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •