FACT CHECK: ഈ വൈറല്‍ ദൃശ്യങ്ങള്‍ തെലിംഗാനയില്‍ ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പ്ലൈന്‍ ഓഫ് ചെയ്തതിന് ആംബുലന്‍സ് ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്നതിന്‍റെതല്ല… വസ്തുത അറിയൂ…

കുറ്റകൃത്യം സാമൂഹികം

പ്രചരണം 

പോലീസുകാര്‍ പൊതുജനങ്ങളെ പൊതുഇടങ്ങളില്‍ മര്‍ദ്ദിക്കുന്നതിന്‍റെ അപൂര്‍വം വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാരുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് യൂണിഫോം ധരിച്ച പോലീസുകാരും സിവില്‍ വേഷത്തിലുള്ള മറ്റു ചിലരും ഒരു വ്യക്തിയെ അതി ക്രൂരമായി അടിക്കുന്നതാണ്. തല്ലരുതെന്ന് അയാള്‍ നിസ്സഹായതോടെ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണ പ്രകാരം ഇയാളെ പോലീസ് മര്‍ദ്ദിക്കുന്നത് കോവിഡ് രോഗികള്‍ക്കായി കരുതി വച്ചിരിക്കുന്ന ഓക്സിജന്‍ പൈപ്പ് ലൈന്‍ ഓഫ് ചെയ്തതിനാണ്. ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “തെലുങ്കാനാ നിജാമബാദിലെ hospital ലെ oxygen cylinder line off ചെയ്ത ambulance driver റെ police പിടിച്ചപ്പോൾ

കാരണം അന്വേഷിച്ചപ്പോൾ  രണ്ടു മൂന്ന് ദിവസമായി ആരും മരിക്കുന്നില്ല വണ്ടിക്ക് ഓട്ടം ഇല്ല എന്ന്..”

archived linkFB post

അതായത് തെലിംഗാനയില്‍ ഒരു ആംബുലന്‍സ് ഡ്രൈവര്‍ തന്‍റെ ആംബുലന്‍സിന് ഓട്ടം ലഭിക്കാനായി ഓക്സിജന്‍ സിലിണ്ടര്‍ പൈപ്പ് ലൈന്‍ ഓഫ്‌ ചെയ്തു എന്നാണ്. ഓക്സിജന്‍ ലഭിക്കുന്നതിനാല്‍ കോവിഡ് രോഗികള്‍ മരിക്കുന്നില്ല. മരണങ്ങള്‍ കുറഞ്ഞതിനാല്‍ ആംബുലന്‍സിന് ഓട്ടം കുറഞ്ഞു. ഈ കുറ്റത്തിനാണ്  അയാള്‍ പോലീസ് മര്‍ദ്ദനം ഏല്‍ക്കുന്നത്.

എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍  പോസ്റ്റിലെ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്നും വീഡിയോ മഹാരാഷ്ട്രയില്‍ നിന്നുള്ളതാണെന്നും അറിയാന്‍ കഴിഞ്ഞു.

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വീഡിയോ ഇന്‍ വിഡ് വെ വെരിഫൈ എന്ന ടൂള്‍ ഉപയോഗിച്ച് വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ബിജെപിയുടെ മഹാരാഷ്ട്ര വൈസ് പ്രസിഡന്‍റ് ചിത്ര കിഷോര്‍ വാഗ്  തന്‍റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കോവിഡ് കാലത്തുപോലും പൊതു ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക തോന്നുന്നുവെന്ന പേരിലാണ് അവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ എ ബിപി മജാ ടിവിയുടെ ഒരു സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് അവര്‍ മറ്റൊരു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ ചോദ്യം ചെയ്തു എന്ന തെറ്റിനാണ്‌ ഈ വ്യക്തിയെ കന്നുകാലിയെ എന്നപോലെ ഉപദ്രവിക്കുന്നത് എന്ന് അവര്‍ വിമര്‍ശിക്കുന്നു. ചോദ്യം ചെയ്യാന്‍ പോലീസ് കണ്ടെത്തുന്ന രീതി ഇതാണോ എന്നും അവര്‍ ചോദിക്കുന്നു. 

ഇന്ത്യന്‍ എക്സ്പ്രസ്  മാധ്യമത്തില്‍ വീഡിയോയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം പോലീസ് മര്‍ദ്ദനത്തിന് ഇരയായ വ്യക്തി ബിജെപി പ്രവര്‍ത്തകനാണ്. മര്‍ദ്ദിച്ച പോലീസുകാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചിട്ടുണ്ട്. 

newindianexpress | archived link

മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു മാസം മുമ്പ് ബിജെപി പ്രവർത്തകനെ മർദ്ദിച്ച കേസിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിന്‍റെ ഒരു വീഡിയോ വൈറലായതിനെ തുടർന്നാണിത്.  അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 ജില്ലാ പോലീസ് സൂപ്രണ്ട് വിനായക് ദേശ്മുഖ് ആണ്  സബ് ഇൻസ്പെക്ടറെയും നാല് പോലീസ് കോൺസ്റ്റബിൾമാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അഡീഷണൽ പോലീസ് സൂപ്രണ്ട് വിക്രാന്ത് ദേശ്മുഖാണ് കൂടുതൽ അന്വേഷണ ചുമതലയുള്ള ദേശ്മുഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

opindia | archived link

വീഡിയോയിൽ കണ്ട ഒരു സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ചോദിച്ചപ്പോൾ, അവരെ സംബന്ധിച്ച് ഉയർന്ന തലത്തിൽ തീരുമാനമെടുക്കുമെന്ന് എസ്പി പറഞ്ഞു. ബിജെപി പ്രവർത്തകനായ ശിവരാജ് നരിയാൽവാലെ എന്ന വ്യക്തിയെ ആണ്  പോലീസുകാർ മര്‍ദ്ദിച്ചത്. 

റോഡ്‌ അപകടത്തിൽ പരിക്കേറ്റ ഒരു യുവാവിന്റെ മരണത്തെത്തുടർന്ന് ഏപ്രിൽ 9 ന് ദീപക് ഹോസ്പിറ്റലിൽ ചിലർ അതിക്രമിച്ച് കയറി ഡോക്ടർമാരെ ആക്രമിക്കുകയും  ഐസിയു തകര്‍ക്കുകയും  മറ്റും ചെയ്തിരുന്നു. വിവരമറിഞ്ഞ് പോലീസ് ആശുപത്രിയിൽ എത്തി. കൂടെ വന്നവര്‍ ഓടി രക്ഷപ്പെട്ടപ്പോൾ നരിയാൽവാലെയെ പോലീസ് പിടികൂടി മർദ്ദിച്ചു. മര്‍ദ്ദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.”

ഇതാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്.

ഇക്കാര്യം തന്നെയാണ്  മറ്റു മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

തെലിംഗാനയില്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍ പൂട്ടി എന്ന കാരണത്താലാണ് വീഡിയോയില്‍ കാണുന്ന വ്യക്തിക്കു നേരെ  പോലീസ് മര്‍ദ്ദനം നടന്നത്  എന്ന പോസ്റ്റിലെ അവകാശവാദം തെറ്റാണ്. 

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. പോസ്റ്റിലെ വീഡിയോയില്‍ കാണുന്ന പോലീസ് മര്‍ദ്ദനം നടന്നത് തെലിംഗാനയിലല്ല. മഹാരാഷ്ട്രയിലാണ്. സ്വാര്‍ത്ഥ താല്‍പര്യത്തിനായി ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പ് ലൈന്‍ പൂട്ടി എന്ന കാരണത്തിനല്ല ഈ വ്യക്തിയെ പോലീസ് തല്ലിയത്. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ സ്വാകാര്യ ആശുപത്രിയില്‍ ഒരു യുവാവിന്റെ മരണത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുകയും ആശുപത്രി തകര്‍ക്കുകയും ചെയ്ത സംഘത്തില്‍ പെട്ട യുവാവാണിത്. കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ഇയ്ലെ മാത്രം പോലീസിന്‍റെ കൈയ്യില്‍ കിട്ടുകയും തുടര്‍ന്ന് അവര്‍ മര്‍ദ്ദിക്കുകയുമാണ് ഉണ്ടായത്.

അപ്‌ഡേറ്റ്

തെലിംഗാനയില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നു എന്നാരോപിച്ച് സഖി ടിവി എന്ന തെലുങ്ക്  മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. 

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും തെലിംഗാനയില്‍ ഒരിടത്തും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സാമൂഹ്യ മാധ്യമംങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ചൂണ്ടിക്കാട്ടി നിസാമാബാദ്‌ പോലീസ് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

https://twitter.com/cp_nizamabad/status/1398640250944057348

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വൈറല്‍ ദൃശ്യങ്ങള്‍ തെലിംഗാനയില്‍ ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പ്ലൈന്‍ ഓഫ് ചെയ്തതിന് ആംബുലന്‍സ് ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്നതിന്‍റെതല്ല… വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False