ദില്ലി പോലീസ് കമ്മീഷണറുടെ പേരിൽ പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് വ്യാജമാണ്…

സാമൂഹികം

വിവരണം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വോയ്സ് ക്ലിപ്പ് പ്രചരിച്ചിരുന്നു. “വാട്ട്സ് ആപ്പ് വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു. നമ്മള്‍ അറിയാതെ തന്നെ പലര്‍ക്കും നമ്മുടെ വാട്ട്സ് ആപ്പിള്‍ നിന്നും മെസേജുകള്‍ പോകുന്നു. നാമറിയാതെ ഡിപി മാറ്റുന്നു. ഞാനും അതിനു ഇരയായി. എന്റെ നമ്പറില്‍ നിന്നു പല സഭ്യമല്ലാതെ മെസ്സെജുകളും വെബ്സൈറ്റ് ലിങ്കുകളും പലര്‍ക്കും ലഭിച്ചു. സഭ്യമല്ലാതെ പ്രൊഫൈല്‍ ചിത്രം ആണ് ഇട്ടിരിക്കുന്നത് എന്നു സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്കി. അവിടെ നിന്നും ഉദ്യോഗസ്ഥര്‍ ടൂ സ്റ്റെപ്പ് വേറിഫിക്കേഷനെ പറ്റി അറിയിച്ചു….” ഇങ്ങനെയാണ് സന്ദേശത്തിന്‍റെ ചുരുക്കം. ഈ ശബ്ദ സന്ദേശവും സമാന ശബ്ദ സന്ദേശങ്ങള്‍ വേറെയും നിങ്ങള്‍ക്ക് വാട്ട്സ് ആപ്പില്‍ ലഭിച്ചു കാണും.   

തുടർന്ന് ഈ സന്ദേശങ്ങളുടെ ചുവട് പിടിച്ച് കഴിഞ്ഞ ദിവസം മുതല്‍ മറ്റൊരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നുണ്ട്. ഈ അറിയിപ്പ് സത്യമാണോ എന്നന്വേഷിച്ച് വാട്ട്സ് ആപ്പ് ഉപയോക്താക്കള്‍ ഞങ്ങളുടെ ഫാക്റ്റ് ലൈന്‍ നമ്പറായ 90490 53770 യിലേയ്ക്ക് അഭ്യര്‍ഥന അയച്ചിരുന്നു.   

archived linkFB post

അത് ഇങ്ങനെയാണ്: 

ഹായ് ആരുടെയെങ്കിലും അമ്മയോ സഹോദരിയോ അവരുടെ സ്വന്തം ഫോട്ടോയുടെ ഒരു ഡിപി വാട്ട്സാപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടൻ മാറ്റാൻ ആവശ്യപ്പെടുക.  കാരണം നിങ്ങളുടെ വാട്സ്ആപ്പ് നമ്പറും വിവരവും ഉള്ള വാട്സാപ്പിൽ ഐസിസിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഹാക്കർമാർ ഉണ്ട്. നിങ്ങളുടെ സ്വന്തം അശ്ലീല ഫോട്ടോ സൃഷ്ടിക്കുന്നതിന് അവർ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ദുരുപയോഗം ചെയ്യുന്നു. നിങ്ങളുടെ സ്വന്തം പ്രൊഫൈൽ ഫോട്ടോ കുറച്ചുദിവസത്തേക്ക് സൂക്ഷിക്കരുതെന്ന് വാട്ട്സ്ആപ്പ് സിഇഒ അഭ്യർത്ഥിച്ചു. നിങ്ങളുടെ സുരക്ഷക്കായി വാട്സ്ആപ്പ് എൻജിനീയർമാർ എല്ലായ്പ്പോഴും നിങ്ങളുമായി സഹകരിക്കും. ഈ സന്ദേശം എത്രയും വേഗം കൈമാറുക പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികൾക്ക്. 

എന്ന് എകെ മിത്തല്‍ (ഐപിഎസ്) 

9849436632 

കമ്മീഷണർ ദില്ലി. 

നിങ്ങളുടെ എല്ലാ ചങ്ങാതിമാർക്കും ദയവായി കൈമാറുക

എന്നാൽ ഈ സന്ദേശം വ്യാജ സന്ദേശമാണ്.  ഇത്തരത്തിൽ ദില്ലി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. വാർത്തയുടെ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം 

വസ്തുത വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അന്വേഷിക്കാൻ ആരംഭിച്ചപ്പോൾ 2016 ല്‍ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. ഈ ഇതേ സന്ദേശത്തിന് മുകളിലാണ് അവർ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെറും വ്യാജപ്രചരണം മാത്രമാണിത് എന്ന് വാര്‍ത്തയില്‍ വിവരിക്കുന്നു. 

indianexpress

ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് വിവിധ ഭാഷകളിലും ഇതേ സന്ദേശം പ്രചരിച്ചു വന്നിരുന്നു.ജെകെ മിത്തല്‍ ഐ‌പി‌എസ് എന്ന ഉദ്യോഗസ്ഥന്‍റെ പേരില്‍ ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. എ കെ മിത്തല്‍ എന്ന പേര് പരാമര്‍ശിക്കാതെയും ഇതേ സന്ദേശം പലരും പ്രചരിപ്പിക്കുന്നുണ്ട്. 

എന്നാൽ ഈ മൊബൈൽ നമ്പർ വിളിക്കുമ്പോള്‍ ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമാണ് എന്ന അറിയിപ്പാണ് ലഭിക്കുന്നത്. ഡൽഹിയിലെ ഇപ്പോഴത്തെ കമ്മീഷണർ എസ്‌എന്‍ ശ്രീവാസ്തവയാണ്. അതിനു മുമ്പ് അമൂല്യ പട്നായിക് ആയിരുന്നു. അദ്ദേഹത്തിന് മുമ്പ് അലോക് കുമാർ വർമ്മ എന്ന ആളായിരുന്നു കമ്മീഷണർ. 

ഡൽഹി പൊലീസില്‍ എകെ മിത്തല്‍ എന്ന പേരില്‍ ഒരു കമ്മീഷണര്‍ ഇതുവരെ ചാര്‍ജ് എടുത്തിട്ടില്ല. എന്നാല്‍ ഡെല്‍ഹി പോലീസിലെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായി അനിൽകുമാർ മിത്തൽ എന്ന ഒരു ഉദ്യോഗസ്ഥനുണ്ട്. ക്വിന്‍റ് എന്ന മാധ്യമത്തിന്‍റെ പ്രതിനിധി ഇക്കാര്യം അദ്ദേഹത്തോട് ചര്‍ച്ച ചെയ്തതായും ഇങ്ങനെ ഒരു അറിയിപ്പ് അദ്ദേഹം നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തതായി 2019 ഫെബ്രുവരി 20 നു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അവര്‍ ചേര്‍ത്തിട്ടുണ്ട്. “ഏഴ്-എട്ട് മാസം മുമ്പ് ഞങ്ങൾക്ക് ഇതേ സന്ദേശം ലഭിച്ചിരുന്നു. പ്രചരണം സത്യമല്ല” എന്ന് അദ്ദേഹം അറിയിച്ചു എന്നാണ് വിവരണം. 

വാട്സ്ആപ്പ് അധികൃതർ സന്ദേശത്തെ പറ്റി ഒരു പരാമർശവും ഇതുവരെ നടത്തിയിട്ടില്ല. വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യുന്നു എന്ന ശബ്ദ സന്ദേശങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി  കേരള പോലീസ് സൈബര്‍ ഡോം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു:

archived link

ഇത് വെറുമൊരു വ്യാജസന്ദേശം മാത്രമാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ പോലീസ് അറിയിപ്പില്‍ പറയുന്നതു പോലെ ടൂ സ്റ്റെപ്പ് വേരിഫിക്കേഷന്‍ പോലെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. കുറെ സൈബര്‍ അപകടങ്ങളില്‍ നിന്നും സുരക്ഷാ നല്‍കാന്‍ ഇവ സഹായിക്കും.    

നിഗമനം 

പോസ്റ്റില്‍ നൽകിയിരിക്കുന്നത് പൂര്‍ണ്ണമായും വ്യാജ വാർത്തയാണ്. ഏതാണ്ട് 2016 മുതൽ ഇതേ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയിൽ എ കെ മിത്തല്‍ എന്ന പേരില്‍ പോ ലീസ് കമ്മീഷണർ ഇതുവരെ ചാര്‍ജ് എടുത്തിട്ടില്ല. അനിൽകുമാർ മിത്തൽ എന്ന പേരില്‍ ഒരു പിആർഒ ഡൽഹി പോലീസിൽ ഉണ്ട് എന്നാൽ അദ്ദേഹം ഇത്തരത്തിൽ ഒരു സന്ദേശം പ്രസിദ്ധീകരിച്ചിട്ടില്ല. 

Avatar

Title:ദില്ലി പോലീസ് കമ്മീഷണറുടെ പേരിൽ പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് വ്യാജമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •