
വിവരണം
പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി രാജ്യങ്ങളുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിന് എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കുന്ന പ്രധാനമന്ത്രിയാണ്. അമേരിക്ക, റഷ്യ ഇവ കൂടാതെ മറ്റുചില രാജ്യങ്ങളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഇസ്രയേലുമായി അദ്ദേഹം ഇത്തരത്തിൽ വളരെ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യ ചൈന പ്രശ്നം രൂക്ഷമാകുന്നതിനിടെ അയൽ രാജ്യങ്ങളിൽ നിന്നും രാഷ്ട്രത്തലവന്മാർ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചില പരാമർശങ്ങൾ നടത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇവയിൽ പലതും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയാണ്. ഇത്തരത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഒരു പരാമര്‍ശം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വെറും വ്യാജ പരാമര്‍ശം മാത്രമാണെന്ന് അന്വേഷണത്തിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ലേഖനം താഴെ വായിക്കാം.
ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം…
കൂടാതെ റഷ്യൻ പ്രധാനമന്ത്രിയുടെയും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെയും പരാമര്‍ശങ്ങളായി ചില വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇവയെല്ലാം സത്യമല്ലെന്നും വെറും വ്യാജപ്രചരണങ്ങൾ മാത്രമാണെന്നും ലോകമെമ്പാടുമുള്ള വസ്തുത അന്വേഷകർ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ വീണ്ടും നെതന്യാഹുവിന് പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നു.
ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ ചൈന ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകും എന്ന് ബെഞ്ചമിന്‍ നെഥന്യാഹു പരാമര്‍ശം നടത്തി എന്നാണ് പോസ്റ്റിലെ അവകാശവാദം.
ഫേസ്ബുക്കിൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ മൂവായിരത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ നെഥന്യാഹു ഇത്തരത്തിൽ യാതൊരു പരാമർശവും നടത്തിയിട്ടില്ല എന്നതാണ് സത്യം.
വസ്തുത വിശകലനം
ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിക്കാൻ ആദ്യം മാധ്യമ വാർത്തകൾ തിരഞ്ഞുനോക്കി. ഒരു രാഷ്ട്രത്തലവൻ മറ്റൊരു രാജ്യത്തെ കുറിച്ച് പരാമർശങ്ങൾ നടത്തിയാൽ അത് തീർച്ചയായും മാധ്യമവാർത്തയാകും. എന്നാൽ ഇത്തരത്തിൽ യാതൊരു വാർത്തയും പുറത്തു വന്നിട്ടില്ല. കൂടാതെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഞങ്ങൾ പരിശോധിച്ചു നോക്കി. താഴെക്കാണുന്നതല്ലാതെ ഇന്ത്യ-ചൈന പ്രശ്നവുമായി ബന്ധപ്പെട്ട് യാതൊരു പരാമർശവും അദ്ദേഹം നടത്തിയിട്ടില്ല എന്നാണ് ഞങ്ങൾക്ക് വ്യക്തമായത്.
שוחחתי עם ידידי הטוב ראש ממשלת הודו נרנדרה מודי והבעתי את הזדהות העם בישראל עם העם בהודו בהתמודדותו עם נגיף הקורונה.
— Benjamin Netanyahu (@netanyahu) June 11, 2020
סיכמנו על דרכים להגביר את שיתוף הפעולה ועל הרחבת שיתוף הפעולה בתחומים נוספים. ראש ממשלת הודו הזמין אותי לבקר בהודו כדי לחזק את הקשרים בינינו, כשהדבר יתאפשר. 🇮🇱🇮🇳 pic.twitter.com/GdYdtayfDA
ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയുടെ പ്രധാനമന്ത്രിയെ സുഹൃത്ത് എന്നാണ് എപ്പോഴും അഭിസംബോധന ചെയ്യാറുള്ളത്. ഇതിൻറെ ചുവടുപിടിച്ചാകാം ഇത്തരത്തിലൊരു പ്രചരണം നടക്കുന്നത്. ഈ പ്രചാരണത്തിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ല. ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകുമെന്ന് ബെഞ്ചമിൻ നെതന്യാഹു പരാമര്‍ശം നടത്തി എന്ന തരത്തിൽ നടക്കുന്ന പ്രചരണം വ്യാജമാണ്.

Title:RAPID FC: നെതന്യാഹുവിന്‍റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു
Fact Check By: Vasuki SResult: False
