‘ആലപ്പുഴയില്‍ എ‌ഐ ക്യാമറ പ്രവര്‍ത്തനരഹിതമായപ്പോള്‍ പകരം ആളെ നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു…’ വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

പ്രാദേശികം രാഷ്ട്രീയം

എഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തിച്ചു തുടങ്ങി. 14 ജില്ലകളിലും നിയമലംഘനങ്ങൾ ക്യാമറ കണ്ടെത്തിയതായും നിയമ ലംഘകര്‍ക്കായുള്ള ചെലാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നതായും വാർത്തകളുണ്ട്.  ആലപ്പുഴയിൽ ശവക്കോട്ട പാലത്തിന് സമീപം സ്ഥാപിച്ച ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ പകരം ആളെ നിർത്തി ഫോട്ടോ എടുപ്പിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്. 

പ്രചരണം 

റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ സമീപം ബഹുനില കെട്ടിടത്തിനു മുകളിൽ മൂന്നു പേർ താഴെ റോഡിലുള്ള ചിത്രങ്ങൾ പകർത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എഐ ക്യാമറയും ദൃശ്യങ്ങളിൽ വ്യക്തമാണ്.  ഈ ക്യാമറ പ്രവർത്തനരഹിതമായി എന്നും അതിനാൽ പകരം സംവിധാനമായി ആളെ നിർത്തി വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും നിയമലംഘനം ഫോട്ടോ എടുപ്പിക്കുകയാണെന്നും  അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ആലപ്പുഴയിൽ ശവകോട്ടപ്പാലത്തിനു സമീപം സ്ഥാപിച്ച AI ക്യാമറ വർക്ക് ചെയ്യാത്തത് കൊണ്ട് അതിനു അടുത്തുള്ള കെട്ടിട്ടത്തിന് മുകളിൽ സും ക്യാമറയുമായി ആളെ നിർത്തി വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും നിയമലംഘനം ഫോട്ടോ എടുപ്പിക്കുന്നു……………………….. എങ്ങനെ ഉണ്ട് നമ്പർ വൺ കേരളം 🤣🤣🤣🤣🤣”

FB postarchived link

എന്നാൽ പൂർണമായും തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

 വസ്തുത ഇതാണ് 

ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന എ‌ഐ ക്യാമറ പ്രവർത്തനരഹിതമാണ് എന്നാണ് പോസ്റ്റിൽ ആദ്യം തന്നെ അവകാശപ്പെടുന്നത്.  ഈ സംശയം ദൂരീകരിക്കാനായി ഞങ്ങൾ ആലപ്പുഴ ആർടിഒ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥൻ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ് ഈ വീഡിയോ ഇന്നലെ മുതൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ശവക്കോട്ട പാലത്തിന് സമീപമുള്ള ക്യാമറയ്ക്ക് യാതൊരു കുഴപ്പവുമില്ല.  അത് പ്രവർത്തിക്കുന്നുണ്ട് പ്രവർത്തനരഹിതമാണെന്ന് പൂർണ്ണമായും തെറ്റായ പ്രചരണമാണ് നടത്തുന്നത്. മാധ്യമപ്രവർത്തകരാണ് മുകളിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നത്. അവർക്ക് ആർടിഒ ഓഫീസുമായി യാതൊരു ബന്ധവുമില്ല. 

മാധ്യമപ്രവർത്തകരാണ് കെട്ടിടത്തിനു മുകളിൽ നിന്നും ചിത്രങ്ങൾ പകർത്തുന്നത് എന്ന് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതിനാൽ ഞങ്ങൾ ആലപ്പുഴ പ്രസ് ക്ലബുമായി ബന്ധപ്പെട്ടു. “കേരള കൗമുദി, ദേശാഭിമാനി, മനോരമ എന്നീ മാധ്യമങ്ങളുടെ പ്രതിനിധികള്‍ AI ക്യാമറ കൂടി ഫ്രെയിമിൽ കിട്ടുന്ന വിധം ഹെൽമെറ്റ്/ ലൈൻ ട്രാഫിക് പടമെടുക്കാൻ ശവക്കോട്ടപ്പാലത്തിനടുത്ത് ഇസാഫിന് മുകളിൽ കയറിയതാണ്. ഇവരുടെ വീഡിയോ എടുത്ത വ്യക്തിക്ക് അത് കണ്ടപ്പോൾ തോന്നിയത് AI ക്യാമറ വർക്ക് ചെയ്യാത്തതിനാൽ വേറെ ആളുകളെ വച്ചതായാണ്. അയാൾ അതങ്ങനെ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിപ്പിക്കുകയും ചെയ്തു. സാമാന്യ ബോധത്തോടെ നോക്കിയാൽ, പടത്തിന്റെ ആങ്കിൾ മനസിലാവും.” എന്നാണ് സെക്രട്ടറി പ്രതികരിച്ചത്. 

കേരളകൌമുദിയിലെ ഫോട്ടോഗ്രാഫറായ എസ്‌എസ്. ബാലു പകര്‍ത്തിയ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്: 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം എഐ ക്യാമറ പ്രവർത്തനരഹിതമായി എന്ന് പ്രചരണം തന്നെ തെറ്റാണ്. അത് പ്രവർത്തനക്ഷമമാണ് കൂടാതെ കെട്ടിടത്തിനു മുകളിൽനിന്ന് ചിത്രം പകർത്തുന്നവർ മാധ്യമ പ്രവർത്തകരാണ്, അല്ലാതെ ക്യാമറ കേടായതിനാൽ കെട്ടിടത്തിന്  മുകളിൽ ആളെ നിർത്തി വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും നിയമലംഘനങ്ങളുടെ ഫോട്ടോ എടുപ്പിക്കുകയല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ആലപ്പുഴയില്‍ എ‌ഐ ക്യാമറ പ്രവര്‍ത്തനരഹിതമായപ്പോള്‍ പകരം ആളെ നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു…’ വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •