എ‌ഐ ക്യാമയുടെ തൂണ് കാറ്റില്‍ ഒടിഞ്ഞുവീണെന്ന് പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

പ്രാദേശികം രാഷ്ട്രീയം

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വാഹന നിയമലംഘനം തടയാനും നിയന്ത്രണ വിധേയമാക്കാനും സംസ്ഥാന സർക്കാർ സ്ഥാപിച്ച എ ഐ ക്യാമറകൾ ജൂൺ മാസം ആറ് മുതൽ പ്രവർത്തിച്ച് പിഴ ഈടാക്കി തുടങ്ങും. പ്രതിപക്ഷ പാർട്ടികൾ ക്യാമറക്കെതിരെ പലയിടത്തും സമരങ്ങളും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചതില്‍  അഴിമതി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്യാമറ ഒരിടത്ത് പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒടിഞ്ഞു കിടക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

റോഡിന്‍റെ ഡിവൈഡറിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറയുടെ നീണ്ട തൂണ് നടുവിൽ നിന്നും ഒടിഞ്ഞു കിടക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച്  നിർമ്മിച്ചത് മൂലം ബലക്കുറവ് കൊണ്ട് ക്യാമറയുടെ തൂണ് തനിയെ ഒടിഞ്ഞു വീണതാണ് എന്ന് സൂചിപ്പിച്ച് ചിത്രത്തിനൊപ്പമുള്ള  അടിക്കുറിപ്പ് ഇങ്ങനെ: “കാറ്റുള്ളപ്പോൾ റോഡിൽ ഇറങ്ങരുത് AI ക്യാമറ ഒടിഞ്ഞ് തലയിൽ വീഴും സൂക്ഷിക്കുക…” 

FB postarchived link

എന്നാൽ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതിനാലല്ല ക്യാമറയുടെ തൂണ് ഒടിഞ്ഞുവീണത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ മലയാള മാധ്യമങ്ങൾ ഇതേ ചിത്രം ഉൾപ്പെടുത്തി വാർത്ത  പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. റിപ്പോർട്ട് പ്രകാരം അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന എഐ ക്യാമറയാണിത്. മാർച്ച് 26 വ്യാഴാഴ്ച രാത്രി കായംകുളം ഭാഗത്തുനിന്ന് അടൂരിലേക്ക് വന്ന ലോറി ഇടിച്ചാണ് ക്യാമറയുടെ തൂണ് ഒടിഞ്ഞത്.  ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തതായും വാർത്തയിൽ അറിയിക്കുന്നു.

പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ലോറി വന്ന് ഇടിച്ചാണ് എഐ ക്യാമറയുടെ തൂണ് ഒടിഞ്ഞത് എന്ന് തന്നെയാണ് എല്ലാ വാർത്ത റിപ്പോർട്ടുകളിലും കാണാൻ സാധിക്കുന്നത്. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അടൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചത് ഇങ്ങനെയാണ്: “കായംകുളം ഭാഗത്ത് നിന്നുവന്ന ടിപ്പർ ലോറി അടൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപം ഡിവൈഡറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ കഴിഞ്ഞദിവസം ഇടിക്കുകയുണ്ടായി. അങ്ങനെയാണ് എ‌ഐ ക്യാമറയുടെ തൂണ് ഒടിഞ്ഞത്.  ലോറി കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവർക്കെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട് അല്ലാതെ ക്യാമറയുടെ തൂണ്  കാറ്റില്‍ ഒടിഞ്ഞു വീണതല്ല.”

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിൽ പ്രചരിക്കുന്ന ചിത്രത്തിലെ ക്യാമറയുടെ സ്ഥാപിച്ച തൂണ് ഒടിഞ്ഞുവീണത് ടിപ്പർ ലോറി ഇടിച്ചതിനാലാണ്. അല്ലാതെ ഗുണ നിലവാരം ഇല്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ, കാറ്റ് വീശിയപ്പോൾ ക്യാമറയുടെ തൂണ് ഒടിഞ്ഞു വീണതാണ് എന്ന പ്രചരണം പൂർണമായും തെറ്റാണ്. ബന്ധപ്പെട്ട പോലീസ് അധികാരികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എ‌ഐ ക്യാമയുടെ തൂണ് കാറ്റില്‍ ഒടിഞ്ഞുവീണെന്ന് പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

Written By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •