അൾജീരിയൻ ‘ഹാപ്പി ഹാക്കർ’ ഹംസയെ അമേരിക്ക തൂക്കിക്കൊന്നോ…?

അന്തർദേശിയ൦ കൗതുകം

വിവരണം

Soji Thomas‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും നാരായം എന്ന പബ്ലിക് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു ചിത്രം പ്രസന്നതയോടെ മരണത്തിലേയ്ക്ക് നടന്ന ഒരു ക്രിമിനലിനെ കുറിച്ചുള്ളതാണ്. കഴുമരത്തിനരികിൽ തൂക്കു കയർ കഴുത്തിലണിഞ്ഞു കൊണ്ട് പുഞ്ചിരിതൂകി നിൽക്കുന്ന വിദേശിയായ ഒരു ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്.

archived FB post

“#Smiling_Hacker ചിരിച്ചു കൊണ്ട് മരണത്തിലേക്ക് പോകുന്നവരുണ്ടോ? അതും തൂക്കിലേറ്റുന്ന നേരത്ത് !! അങ്ങനെ ചിരിയോടെ,വളരെ പ്രസന്നതയോടെ മരണത്തിലേക്ക് നടന്ന ഒരാളാണ് #Hamza_Bendelladj എന്ന ക്രിമിനൽ.. ഒരു ബുദ്ധിമാനായ ഹാക്കർ ക്രിമിനൽ..27 വയസ്സുകാരനായിരുന്ന അൾജീരിയൻ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായിരുന്നു Hamza Bendelladj.. ഈ കക്ഷി ചെയ്ത കുറ്റമെന്തെന്നറിയണോ… 217 അമേരിക്കൻ ബാങ്കുകൾ ഹാക്ക് ചെയ്ത് 400 മില്യൺ യു.എസ് ഡോളർ കൈക്കലാക്കി.. എന്നിട്ട് ഈ പണം മുഴുവൻ ആഫ്രിക്കയിലെയും പലസ്തീനിലെയും ദുരിതപർവ്വത്തിൽ ജീവിക്കുന്ന സാധാരണക്കാർക്കുപകരിക്കും വിധം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.. പിടിക്കപ്പെട്ടപ്പോഴും ,പിന്നീട് കൊലക്കയറിലേറിയപ്പോഴും ലവലേശം ഭയമില്ലാതെ ചിരിച്ചു കൊണ്ടു മാത്രമാണ് Hamza പോലീസിനോടും മറ്റും ഇടപ്പെട്ടത്..

#ഞാൻ_ചെയ്തത്_തെറ്റായി_കരുതുന്നില്ല.. .#നല്ലൊരു_ലോകം_പടുത്തുയർത്താൻ_ഉപകരിക്കുന്നില്ലെങ്കിൽ_പണവും_അധികാരവും_വെറും_പാഴാണ് ___ മരണത്തിലേക്ക് പോകുമ്പോൾ Hamza യുടെ വാക്കുകൾ.. അതോടെ ഈ ഹാക്കർ പലരുടെയും മനസ്സിലെ ഹീറോ ആയി ,റോബിൻ ഹുഡിനോട് താരതമ്യം ചെയ്യപ്പെടുകയും ചെയ്തു …..” എന്ന വിവരണം പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.

ബാങ്കുകൾ ഹാക്ക് ചെയ്ത് പണം കൈക്കലാക്കുന്നത് വധശിക്ഷ അർഹിക്കുന്ന കുറ്റമാണോ..? കൊലമരത്തിൽ നിന്നും മരണത്തിലേയ്ക്ക് ഇയാൾ  ചിരിച്ചു കൊണ്ടാണോ യാത്രയായത്..? നമുക്ക് അറിയാൻ ശ്രമിക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ചിത്രം reverse image ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ 25,2700,00,000 ഫലങ്ങളാണ് ലഭിച്ചത്. എല്ലാം പോസ്റ്റിൽ പരാമർശിക്കുന്ന ഹംസ ബെണ്ടെല്ലാജ് എന്ന അൾജീരിയൻ കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ഹാക്കറുടേതാണ് എന്ന പേരിലുള്ളത്.

ഇതിൽ നിന്നും quora യിൽ ഈ അൾജീരിയൻ ഹാക്കർ യഥാർത്ഥത്തിലുള്ളതാണോ എന്ന ഒരു ചോദ്യവും അതിനു ലഭിച്ച മറുപടികളും ലഭിച്ചു. sushanth gautham എന്ന കമ്പ്യൂട്ടർ എൻജിനീയറിങ് സ്റ്റുഡന്റ് നൽകിയ മറുപടിയിൽ ഹാക്ക് ചെയ്തതിന്റെ പേരിൽ അയാൾക്ക് വധശിക്ഷ ലഭിക്കാനിടയില്ല എന്ന് പറയുന്നു. തൂക്കിലേറ്റുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാവാമെന്നും തൂക്കിലേറ്റി എന്നതിന് കൃത്യമായ രേഖകൾ ഇന്റർനെറ്റിൽ ലഭ്യമല്ല എന്നും പറയുന്നു.

ഹാക്ക് ചെയ്യാൻ പ്രാപ്തിയുള്ള ഒരു ട്രോജൻ  ഇയാൾ സ്വയം നിർമിച്ചു എന്നും സ്വകാര്യ കമ്പ്യൂട്ടറുകൾ വരെ ഈ രീതിയിൽ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും മറ്റൊരു മറുപടിയായി  രാകേഷ് ഷൺമുഖം എന്നയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഗൾഫിലെ പ്രമുഖ മാധ്യമമായ അൽജസീറ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ലിങ്കും നൽകിയിട്ടുണ്ട്.

archived link
quora
archived link
aljazeera

ഞങ്ങൾ അൽജസീറ വാർത്ത പരിശോധിച്ചു. ഹംസ ബെണ്ടെല്ലാജ് എന്ന അൾജീരിയൻ ഹാക്കർ ഒരു ഹീറോയാണോ എന്ന തലക്കെട്ടിൽ അവർ വാർത്ത നൽകിയിട്ടുണ്ട്. അമേരിക്കൻ ബാങ്കുകളിൽ നിന്നും പണം മോഷ്ടിച്ച് പാലസ്തീൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി എന്ന കുറ്റം ആരോപിച്ച് ശിക്ഷ വിധിച്ചു എന്ന വാർത്ത 2015  സെപ്റ്റംബർ 21 നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. spyeye എന്ന ട്രോജൻ നിർമാണത്തിൽ പ്രധാന പങ്കാളിയായിരുന്നു 2011 ൽ കുറ്റം തെളിഞ്ഞു എന്നും വാർത്തയിലുണ്ട്. ജോർജിയയിലെ കോടതി വധശിക്ഷ വിധിക്കുമെന്നും കുറ്റം സമ്മതിച്ച ഹംസയ്ക്ക് 65 വർഷം തടവും 14 മില്യൺ യുഎസ് ഡോളർ പിഴയും ചുമത്തുമെന്നും പറയുന്നു.  

ബാങ്കോക്കിലെ സുവർണ്ണ ഭൂമി വിമാനത്താവളത്തിൽ കസ്റ്റഡിയിലാകുമ്പോൾ നിറഞ്ഞ ചിരിയോടെ നേരിട്ട ഹംസയെ “ഹാപ്പി ഹാക്കർ” എന്നാണു ലോകം മുഴുവൻ വിശേഷിപ്പിച്ചത്. തന്റെ കുറ്റകൃത്യങ്ങളുടെ പേരിൽ ഹംസയ്ക്ക് വധശിക്ഷ ലഭിച്ചു എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ആരോപണം യുഎസ് അധികൃതർ നിഷേധിച്ചതായി വാർത്തയിലുണ്ട്. അൾജീരിയയിൽ യുഎസ് അംബാസിഡർ ജൊവാൻ പോലസ്ചിക്  ഫ്രഞ്ചു ഭാഷയിൽ ഇങ്ങനെ ട്വീറ്റ് ചെയ്തു. “കമ്പ്യൂട്ടർ കുറ്റകൃത്യങ്ങൾ വധശിക്ഷ ലഭിക്കുന്നത്ര പ്രാധാന്യമുള്ളതല്ല.”

അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സമർപ്പിച്ച കുറ്റപത്രത്തിന്റെ കോപ്പി അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. 2009-11 കാലഘട്ടത്തിൽ സ്പൈഐ എന്ന വൈറസുപയോഗിച്ച് 253 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങളും പണവും ചോർത്തി. ഇടപാടുകാരുടെ വ്യക്തിഗത വെബ്പേജുകൾ അതേപടി തന്റെ കംപ്യൂട്ടറി ലഭിക്കുന്ന തരത്തിലാണ് വൈറസിന്റെ നിർമ്മിതി. 30 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്….ഇങ്ങനെയാണ് കുറ്റപത്രത്തിൽ പറയുന്നത്.

archived link
fbi US

കൂടാതെ ഞങ്ങൾക്ക് ഇതേപ്പറ്റി ബിബിസി പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. മാൽവെയറുകളുപയോഗിച്ച് 100 മില്യൺ ഡോളർ തട്ടിപ്പു നടത്തിയ കേസിലെ കുറ്റവാളികൾക്ക് ജീവപര്യന്ത തടവ് എന്നതാണ് വാർത്തയുടെ ഉള്ളടക്കം. ഹംസയ്ക്ക് 15 വർഷം തടവാണ് ലഭിക്കുന്നത് എന്നാണ് വാർത്തയിലുള്ളത്.

archived link
bbc news

അതായത് ഹംസയെ തൂക്കിലേറ്റിയിട്ടില്ല. അപ്പോൾ കഴുമരത്തിനരികിൽ ഹംസയെപ്പോലെ ചിരിച്ചുകൊണ്ട് നിൽക്കുന്നത് ആരാണ്..?

hoaxorfact എന്ന വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് ഇതേ ചിത്രത്തിൻറെ വസ്തുതാ പരിശോധന മൂന്ന് വർഷം നടത്തിയിട്ടുണ്ട്. ചിത്രത്തിലുള്ളത് ടെഹ്റാനിൽ ഒരു പ്രമുഖ ജഡ്ജിയെ കൊലപ്പെടുത്തിയതിന് പേരിൽ പൊതുസ്ഥലത്ത് തൂക്കുകയർ വിധിക്കപ്പെട്ട  മജീദ് കാവോസിഫർ എന്ന വ്യക്തിയുടേതാണ്. ഹാപ്പി ഹാക്കർ ഹംസയെ തൂക്കിലേറ്റി എന്ന പേരിൽ ഈ ചിത്രം വ്യാജമായി പ്രചരിപ്പിക്കുന്നതാണ്. മറ്റൊരു വസ്തുതാ പരിശോധന വെബ്‌സൈറ്റായ smhoaxslayer ഇതേ ചിത്രം വസ്തുതാ പരിശോധന നടത്തിയിരുന്നു.

archived link
hoaxorfact
archived link
smhoaxslayer

2007 ഓഗസ്റ്റ് 2 ന് ബിബിസി ന്യൂസ് ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ 2002  നു ശേഷം പൊതുസ്ഥലത്തു നടത്തിയ തൂക്കിലേറ്റൽ. മജീദ്, ഹുസൈൻ എന്നീ രണ്ടു പേരെയാണ് പ്രമുഖ ജഡ്ജിയെ കൊല ചെയ്ത കുറ്റത്തിന് തൂക്കിലേറ്റിയത് എന്നതാണ് വാർത്ത.

archived link
news bbc

reuters ഇതേ വാർത്ത  2007 ഓഗസ്റ്റ് 2 ന് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

uk reuters
archived link

reddit എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത

archived link
reddit

വസ്തുത പരിശോധനയിൽ വ്യക്തമാകുന്നത് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത് തെറ്റായ വിവരണമാണെന്നാണ്. മജീദ്, ഹംസ എന്നിവർ വിധിയെ സ്വീകരിച്ചത് നിറഞ്ഞ ചിരിയോടെ ആയിരുന്നു എന്നതും ഇരുവരും തമ്മിൽ ശരീര പ്രകൃതിയിലുള്ള ചില സാദൃശ്യങ്ങളുമാകാം മജീദിന്റെ ചിത്രം ഹംസയുടേത് എന്ന പേരിൽ പ്രചരിക്കാൻ കാരണം. മാത്രമല്ല 100 മില്യൻ അമേരിക്കൻ ഡോളറാണ് ഹംസ തട്ടിപ്പിലൂടെ അപഹരിച്ചത്. പോസ്റ്റിൽ ആരോപിക്കുന്നതു പോലെ 400 മില്യൻ അല്ല.

നിഗമനം

പോസ്റ്റിലുള്ള ചിത്രം  അൾജീരിയൻ ഹാക്കറായ ഹംസ ബെണ്ടെല്ലാജിന്റേതല്ല. ടെഹ്റാനിൽ തൂക്കിലേറ്റപ്പെട്ട  മജീദ് കാവോസിഫറുടേതാണ്. തെറ്റായ വാർത്ത വഹിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

ചിത്രങ്ങൾ കടപ്പാട് : ഫേസ്‌ബുക്ക്

Avatar

Title:അൾജീരിയൻ ‘ഹാപ്പി ഹാക്കർ’ ഹംസയെ അമേരിക്ക തൂക്കിക്കൊന്നോ…?

Fact Check By: Deepa M 

Result: False