ഭാരത് ജോഡോ യാത്രവേളയില്‍ മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോഴും സംസ്ഥാനങ്ങള്‍ താണ്ടി പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനുവരി 30ന് കശ്മീരില്‍ കാല്‍നടയാത്രയായ ഭാരത് ജോ‍ഡോ യാത്ര സമാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ജാഥ നയിക്കുന്നത്. അതെ സമയം ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പകല്‍ കാവി, രുദ്രാക്ഷം, പൂജകള്‍ രാത്രിയില്‍ ചിക്കന്‍ ഫ്രൈ.. കുമ്പിടിയാ.. കുമ്പിടി.. എന്ന തലക്കെട്ട് നല്‍കി രാഹുല്‍ ഗാന്ധി ഒരു പ്ലേറ്റില്‍ ചിക്കന്‍ ഫ്രൈയും മറ്റ് ആഹാരസാധനങ്ങളും ഗ്ലാസില്‍ മദ്യവും ഒഴിച്ച് തീന്‍മേശയില്‍ ഇരിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗിരി പി.കെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 14ല്‍ അധികം റിയാക്ഷനുകളും 75ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

ഇതാണ് വൈറലായി പ്രചരിക്കുന്ന ചിത്രം-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന ചിത്രമാണോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതിലൂടെ  പരണ്‍ജോയ് ഗുഹ താക്കൂര്‍  എന്ന മാധ്യമപ്രവര്‍ത്തകന്‍ 2023 ജനുവരി 7ന് ട്വീറ്റ് ചെയ്ത യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പഞ്ചാബിലേക്കുള്ള യാത്രയ്ക്കിടയില്‍ വളരെ ആകസ്മികമായി രാഹുല്‍ ഗാന്ധിയെ കണ്ടുമുട്ടി. പഞ്ചാബിലെ കര്‍ണാല്‍ ജില്ലയിലെ ഒരു ധാബയിലാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍. ഞങ്ങള്‍ രാജ്യത്തിന്‍റെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു എന്നും പരണ്‍ജോയ് ഗുഹ താക്കൂര്‍ പങ്കുവെച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് തലക്കെട്ടാണ് നല്‍കിയിരുന്നത്.

യഥാര്‍ത്ഥ ചിത്രത്തില്‍ മദ്യഗ്ലാസിന്‍റെ സ്ഥാനത്ത് ചായയും ചിക്കന്‍ ഫ്രൈയുടെ സ്ഥാനത്ത് ഒരു പലഹാരവുമാണുള്ളത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

പരണ്‍ജോയ് ഗുഹ താക്കൂര്‍ പങ്കുവെച്ച ട്വീറ്റ്-

Tweet 

ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തെ കുറിച്ചുള്ള ന്യൂസ് 24 നല്‍കിയ വാര്‍ത്തയിലും രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്-

News 24 

പ്രചരിക്കുന്ന വ്യാജ ചിത്രത്തിലെ മദ്യം ഒഴിച്ച ഗ്ലാസ് പരിശോധിച്ചതില്‍ നിന്നും ബെല്‍സ് ഫൈനസ്റ്റ് സ്കോച്ച് വിസ്കി എന്ന് ഗ്ലാസിന്‍റെ പുറത്ത് ലേബല്‍ ചെയ്തതായും കണ്ടെത്താന്‍ കഴിഞ്ഞു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഒരു റഷ്യന്‍ വെബ്‌സൈറ്റില്‍ ഇതെ ഗ്ലാസിന്‍റെ ചിത്രവും ലഭിച്ചു. അതുകൊണ്ട് തന്നെ ഈ ഡിജിറ്റല്‍ ഇമേജാണ് യഥാര്‍ത്ഥ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നതെന്ന് വ്യക്തമായി.

ഇതെ ആര്‍ട്ടിക്കിള്‍ ഫാക്‌ട് ക്രെസെന്‍ഡോ ഇംഗ്ലിഷ് വെബ്‌സൈറ്റില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

നിഗമനം

രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് അതില്‍ ചിക്കന്‍ ഫ്രൈയുടെയും മദ്യം ഒഴിച്ച ഗ്ലാസിന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്തതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന ചിത്രം കൃത്രിമമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഭാരത് ജോഡോ യാത്രവേളയില്‍ മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Altered