അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന ടൈറ്റിലില്‍ ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത ഇതാണ്..

രാഷ്ട്രീയം

വിവരണം

അന്തര്‍വാഹിനിയില്‍ കടലിന്‍റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അവിശിഷ്ടങ്ങള്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളുടെ സംഘം അന്തര്‍വാഹനി പൊട്ടിത്തെറിച്ച് മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ടൈറ്റന്‍ എന്ന പേടകത്തില്‍ അടിത്തട്ടിലേക്ക് സഞ്ചരിച്ച 5 പേരാണ് മരണപ്പെട്ടത്. ഇതെ കുറിച്ച് മലയാളം മാധ്യമങ്ങളിലും വിദഗ്‌ധര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മാതൃഭൂമി ന്യൂസ് ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന പേരില്‍ പങ്കെടുത്തത് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് എന്ന പേരില്‍ മാതൃഭൂമി ന്യൂസ് ചര്‍ച്ചാ വീഡിയോയുടെ ഒരു സ്ക്രീന്‍ഷോട്ട് ശ്രീജിത്ത് പണിക്കരിന്‍റെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. രാമന്‍ ഭട്ടതിരിപ്പാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 297ല്‍ അധികം റിയാക്ഷനുകളും 24ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടൈറ്റന്‍ അന്തര്‍വാഹിനി സ്ഫോടനത്തെ കുറിച്ചുള്ള മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന പേരില്‍ പങ്കെടുത്തത് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണോ? എന്താണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

മാതൃഭൂമി ന്യൂസ് ചാനലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും വാര്‍ത്ത വീഡിയോകള്‍ തിരഞ്ഞതില്‍ നിന്നും അന്തര്‍വാഹിനി അപകടത്തെ കുറിച്ച് മാതൃഭൂമി ചാനല്‍ നടത്തിയ ചര്‍ച്ചയുടെ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോ പരിശോധിച്ചതില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തത് യഥാര്‍ത്ഥത്തില്‍ അന്തര്‍വാഹിനി വിദഗ്‌ധനായ കമാന്‍ഡര്‍ രാജേഷ് രാംകുമാറാണെന്ന് വ്യക്തമായി. 8.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ എവിടെയും രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ പങ്കെടുത്തിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. അതായത് വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം അന്തര്‍വാഹിനി വിദഗ്‌ധനായ രാജേഷ് രാംകുമാറിന്‍റെ സ്ഥാനത്ത് ശ്രീജിത്ത് പണിക്കരിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നതാണ് വസ്തുത.

മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയുടെ പൂര്‍ണ്ണരൂപം-

Mathrubhumi News 

വീഡിയോയുടെ ഒന്‍പതാം സെക്കന്‍ഡ് (0.09) പോസ് ചെയ്ത ശേഷമുള്ള സ്ക്രീന്‍ഷോട്ടാണ് എഡിറ്റ് ചെയ്ത് ശ്രീജിത്ത് പണിക്കരുടെ ചിത്രം ചേര്‍ത്ത് വ്യാജമായി പ്രചരിക്കുന്നത്. യഥാര്‍ത്ഥ കീ ഫ്രെയിം ഇതാണ്-

നിഗമനം

കമാന്‍ഡര്‍ രാജേഷ് രാംകുമാര്‍ എന്ന വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന ടൈറ്റിലില്‍ പങ്കെടുത്തതെന്ന് അവരുടെ വാര്‍ത്ത വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. യഥാര്‍ത്ഥ വീഡിയോയുടെ കീ ഫ്രെയിം എഡിറ്റ് ചെയ്ത് ശ്രീജിത്ത് പണിക്കരുടെ ചിത്രം ചേര്‍ത്തതാണെന്നും വ്യക്തമായ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

  •  
  •  
  •  
  •  
  •  
  •  
  •  
  •