
വിവരണം
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഇതെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ വീഡിയോ ചിത്രീകരിച്ച മൂന്നാമത്തെ പ്രതിയെ കുറിച്ച് മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധം.. മൂന്നാം പ്രതി സുനിത് കുമാര്‍ ഒളിവില്‍.. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ജി.കമലേഷിന്‍റെ ഭാര്യ സഹോദരനാണ് ഒളിവില്‍ പോയ സുനിത് കുമാര്‍.. എന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയെന്ന ന്യൂസ് കാര്‍ഡ് സഹിതമാണ് പ്രചരണം. മോഹന്‍ദാസ് എന്‍.കെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 18ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറിന്‍റെ ഭാര്യ സഹോദരനാണോ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്നാമന്‍? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് നോക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയുമായി ബന്ധപ്പെട്ട് വിമാനത്തിലെ പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട മൂന്നാമന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ജി.കമലേഷിന്‍റെ ഭാര്യ സഹോദരനാണോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും കെ.ജി.കമലേഷിന് ഭാര്യ സഹോദരന്‍ ഇല്ലയെന്നും ഭാര്യയ്ക്ക് രണ്ട് സഹോദരിമാര്‍ മാത്രമാണുള്ളതെന്നും മറുപടി ലഭിച്ചു.
പിന്നീട് മാതൃഭൂമി ന്യൂസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും മാതൃഭൂമി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അവരുടെ പ്രതിനിധി അറിയിച്ചു. മാതൃഭൂമിയുടെ ന്യൂസ് കാര്‍ഡ് മാതൃകയില്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് അവരുടെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളിലും വ്യാജ പോസ്റ്റ് സംബന്ധിച്ച പ്രതികരണം പങ്കുവെച്ചിട്ടുണ്ട്.
വ്യാജ ന്യൂസ് കാര്‍ഡ് പ്രചരണത്തിനെതിരെ മാതൃഭൂമി ന്യൂസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധിച്ച ഒളിവില്‍ കഴിയുന്ന മൂന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ജി.കമലേഷിന്‍രെ ഭാര്യ സഹോദരനാണെന്നും ഇതെ കുറിച്ച് മാതൃഭൂമി നല്‍കി എന്ന് പറയുന്ന വാര്‍ത്തയുടെ ന്യൂസ് കാര്‍ഡും വ്യാജമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത? അറിയാം..
Fact Check By: Dewin CarlosResult: False
