വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക് എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ. എന്താണ് പ്രചരണതിന് പിന്നിലെ വസ്‌തുതയെന്ന് അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ലഹരിമരുന്നിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു എന്ന പേരിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ച വിഷയം. ഇടതുപക്ഷം വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉള്‍പ്പടെയുള്ളവരുടെ പരാതിയിന്മേല്‍ ഇന്നലെ ഏഷ്യാനെറ്റ് കൊച്ചി സ്റ്റുഡിയോയില്‍ പോലീസ് മണിക്കൂറുകള്‍ നീളുന്ന പരിശോധന നടത്തുകയും ചെയ്തിരുന്നു.

അതെ സമയം ഏഷ്യാനെറ്റ് ഇതിനിടയില്‍ നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയെന്ന പേരില്‍ പ്രചരിക്കുന്ന ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്? എന്ന വിഷയത്തില്‍ ന്യൂസ് അവര്‍ ചര്‍ച്ച നടത്തിയെന്നതാണ് പ്രചരണം. സാഗര്‍ കോട്ടപ്പുറം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Post 

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു വിഷയത്തില്‍ ന്യൂസ് അവറില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ  ഫെയ്‌സ്ബുക്ക് പേജില്‍  മാര്‍ച്ച് 5ന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ച ചെയ്ത വിഷയം എന്താണെന്ന് പരിശോധിച്ചു. മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്? എന്നതാണ് ഏഷ്യാനെറ്റ് ഇന്നലെ ചര്‍ച്ച ചെയ്ത വിഷയം. എന്നാല്‍ ഈ ന്യൂസ് കാര്‍ഡില്‍ എഡിറ്റ് ചെയ്ത് മാറ്റം വരുത്തി വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്? എന്ന് പ്രചരിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെയെന്ന് വ്യക്തമായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുടര്‍ച്ചയായി നടക്കുന്ന സൈബര്‍ ആക്രമണത്തിന്‍റെ ഭാഗമായി വ്യാജമായി പ്രചരിപ്പിക്കുന്നതാണ് ഇതെന്ന് ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ഡെസ്ക് പ്രതിനിധിയും ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിനോട് ഫോണിലൂടെ പ്രതികരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്ത വിഷയം-

ചാനല്‍ ചര്‍ച്ചയുടെ പൂര്‍ണ്ണ വീഡിയോ-

നിഗമനം

മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്? എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്ററില്‍ എഡിറ്റ് ചെയ്ത് മാറ്റം വരുത്തി വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്? എന്ന തരത്തില്‍ പ്രചരിപ്പിച്ചതാണെന്ന് ‍ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജമായി നിര്‍മ്മിച്ച പോസ്റ്റര്‍ ഉപയോഗിച്ചാണ് പ്രചരണമെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക് എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ. എന്താണ് പ്രചരണതിന് പിന്നിലെ വസ്‌തുതയെന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Altered