FACT CHECK: യുപിയില്‍ നിന്നുള്ള കേസിലെ പ്രതികള്‍ സംഘപരിവാറുകാര്‍ ആണെന്ന് ചിത്രീകരിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിക്കുന്നു…

ദേശീയം സാമൂഹികം

പ്രചരണം 

റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിന്‍റെ ഒരു സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാനലിന്‍റെ ലോഗോയോടൊപ്പം സ്ക്രീൻ ഷോട്ടിൽ കാണാൻ സാധിക്കുന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്:  ശ്മശാനത്തില്‍ എത്തിയ മൃതശരീരങ്ങളിൽ നിന്നും വ്യാപകമായി വസ്ത്രങ്ങളും പുതപ്പും മോഷ്ടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ; ഉത്തർപ്രദേശ് 

ഒപ്പം നൽകിയ വിവരണം ഇങ്ങനെ: മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം പോലീസ് പിടിയില്‍. സംഭവം നടന്ന് വേറെ എവിടെയുമല്ല യോഗിയുടെ മധുരമനോഹര യുപിയില്‍ തന്നെ ! ശ്മശാനങ്ങളില്‍ നിന്നും ചുടുക്കാട്ടില്‍ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ പശ്ചിമ യു.പിയിലെ ബാഗ്പതില്‍ നിന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ വര്‍ധിച്ച സാഹചര്യത്തിലാണ് മോഷണം സജീവമായത്.

മോഷ്ടിച്ച വസ്ത്രങ്ങള്‍ വൃത്തിയാക്കി വീണ്ടും വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. മൃതദേഹം പുതപ്പിക്കുന്ന പുതപ്പ്, അതിന്റെ വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍ എന്നിവയാണ് സംഘം മോഷ്ടിച്ചിരുന്നത്. സംഘത്തില്‍ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മോഷ്ടിച്ച വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടുന്ന സംഘം ഗ്വാളിയോര്‍ കമ്പനിയുടെ ലേബല്‍ വെച്ച് വീണ്ടും വില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷമായി മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘവുമായി പ്രദേശിക കച്ചവടക്കാര്‍ക്ക് സ്ഥിര ഇടപാടുണ്ടായിരുന്നതായും പൊലീസ് പറയുന്നു. 

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഉത്തർപ്രദേശിലെ ബാഗ്പട്ട് എന്ന സ്ഥലത്ത് ഇങ്ങനെയൊരു സംഭവം നടന്നിരുന്നുവെങ്കിലും സംഘപരിവാറുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും സംഘപരിവാറിനെ ബന്ധപ്പെടുത്തി റിപ്പോർട്ടർ ചാനൽ ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങൾ റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പ് പരിശോധിച്ചപ്പോൾ പ്രസ്തുത വാർത്ത ഞങ്ങൾക്ക് ലഭിച്ചു അവർ നൽകിയ തലക്കെട്ട് ഇങ്ങനെയാണ് “ശ്മശാനത്തിൽ നിന്നും  ശവശരീരത്തെ പുതപ്പിച്ച വസ്ത്രങ്ങൾ മോഷ്ടിച്ചു. യുപിയില്‍ 7 പേര്‍ അറസ്റ്റില്‍”  ഈ വാർത്ത മെയ് 10 നാണ് റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് 

archived link

എന്നാൽ പോസ്റ്റിലെ വാർത്ത മെയ് 9ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

സംഘപരിവാർ എന്ന ഒരു വാക്ക് ചാനലിന്‍റെ ഓൺലൈൻ പതിപ്പ് തലക്കെട്ടിലോ വാര്‍ത്തയുടെ ഉള്ളടക്കത്തിലോ നൽകിയിട്ടില്ല.  

ശവശരീരങ്ങളില്‍ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിലായി എന്ന് ബാഗ്പത് പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ അലോക് സിംഗ്  തന്നെ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിശദീകരണം നൽകിയിട്ടുണ്ട്.  

പ്രതികളുടെ ചിത്രം പ്രസിദ്ധീകരിച്ച പോലീസിന്‍റെ ട്വീറ്റ്:

പ്രതികളുടെ ചിത്രങ്ങളും അവരുടെ പേരു വിവരങ്ങളും പല ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.  പോലീസിന്‍റെ വിശദീകരണ പ്രകാരം മോഷ്ടിച്ച തുണികള്‍ കഴുകി ഇസ്തിരിയിട്ട  ശേഷം പ്രതികൾ വിപണിയിൽ വിൽക്കാറുണ്ടായിരുന്നു. മോഷ്ടിച്ച വസ്ത്രങ്ങളിൽ ബ്രാൻഡഡ് ലേബലുകൾ  അവർ ഒട്ടിക്കും. 

“ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ  ബെഡ്ഷീറ്റുകൾ, സാരികൾ, മരിച്ചവരുടെ വസ്ത്രങ്ങൾ എന്നിവ മോഷ്ടിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായി. കണ്ടെടുത്ത വസ്തുക്കളിൽ 520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു. പ്രാദേശിക വ്യാപാരികൾ റാക്കറ്റിൽ പങ്കാളികളാണ്.”

ഇക്കാര്യം പല വാർത്താ ചാനലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരും പ്രതികള്‍ സംഘപരിവാറുകാര്‍ ആണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പോലീസും പറഞ്ഞിട്ടില്ല. റിപ്പോർട്ടർ ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വാർത്ത എഡിറ്റ് ചെയ്തു സംഘപരിവാർ ബന്ധം ഉൾപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കി അവര്‍ ഒരു ലേഖനം  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived link

നിഗമനം 

പോസ്റ്റിലെ വാർത്ത തെറ്റാണ്. ഉത്തർപ്രദേശിലെ ബാഗ്പതിയില്‍   ശവശരീരങ്ങളില്‍ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ചു വിൽക്കുന്ന കേസിലെ പ്രതികള്‍ സംഘപരിവാറുകാർ ആണെന്ന വാദം തെറ്റാണ്. പോലീസ് പ്രതികളെ കണ്ടെത്തി അവരുടെ അവരെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ ഒരിടത്തും ഇവർ സംഘപരിവാറുകാരാണ് എന്ന് പറഞ്ഞിട്ടില്ല. അതേപോലെ പോസ്റ്റിൽ നൽകിയിരിക്കുന്നത് റിപ്പോർട്ടർ ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ആണ് 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:യുപിയില്‍ നിന്നുള്ള കേസിലെ പ്രതികള്‍ സംഘപരിവാറുകാര്‍ ആണെന്ന് ചിത്രീകരിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിക്കുന്നു…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •