FACT CHECK: “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും” എന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റഡാണ്…

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായി കണ്ണൂര്‍ എംപി കെ. സുധാകരനെ നേതൃത്വം ഐകകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ രൂപത്തിലും വീഡിയോ രൂപത്തിലും ഒരു പ്രചരണം നടക്കുന്നുണ്ട്. 

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്ററില്‍ നല്‍കിയ വാചകങ്ങള്‍ ഇങ്ങനെയാണ്: “എനിക്ക് ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും. കോൺഗ്രസ് ഇല്ലെങ്കിൽ ബി.ജെ.പിയാണ് ഒരേ ഒരു ഓപ്‌ഷൻ എന്ന് പറഞ്ഞ കെ. സുധാകരൻ പുതിയ കെ.പി.സി.സി. അദ്ധ്യക്ഷൻ” 

അതായത് കെപിസിസി അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തി എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. 

archived linkFB post

ഈ പരാമര്‍ശം സത്യമാണ് എന്ന് വിശ്വസിക്കുന്ന തരത്തില്‍ 31 സെക്കന്‍റ്  ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഒരു ചാനല്‍ ഇന്‍റര്‍വ്യൂവില്‍ നിന്നുമുള്ള ഒരു ചെറിയ ക്ലിപ്പ് അദ്ദേഹത്തിന്‍റെതായി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: ചില ദൂതര്‍ എന്നെ കാണാനെത്തിയിരുന്നു എന്നത് സത്യമാണ്. ചില ബിജെപി നേതാക്കള്‍ അമിത് ഷായെ കാണാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ I will go with BJP. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്‍റെ വിഷന്‍ ആണ്”.

archived linkFB post

ഫാക്റ്റ് ക്രെസന്‍ഡോ ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നത് എന്ന് വ്യക്തമായി. വിശദാംശങ്ങള്‍ പറയാം 

വസ്തുത ഇങ്ങനെ 

മുകളില്‍ നല്‍കിയ വീഡിയോ അടിസ്ഥാനമാക്കിയാണ് വ്യാജ പ്രചരണം നടത്തുന്നത് എന്ന് വ്യക്തമാണ്. അതിനാല്‍ ഞങ്ങള്‍ വീഡിയോയുടെ പൂര്‍ണ്ണ രൂപം തിരഞ്ഞു. 2018 ല്‍ മീഡിയവണ്‍ ചാനല്‍ പ്രസിദ്ധീകരിച്ച ഒരു ഇന്‍റര്‍വ്യൂ ആണിത്. വ്യൂപോയന്‍റ്  എന്ന ഈ സംവാദ പരിപാടിയില്‍ അതിഥി ആയെത്തിയ കെ സുധാകരന്‍ തനിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ഉന്നയിക്കുന്ന പ്രധാന ആക്ഷേപമായ “ബിജെപിപാളയത്തില്‍  ഇടംതേടി നില്‍ക്കുകയാണ് കെ സുധാകരന്‍” എന്നതിന് വ്യക്തമായ മറുപടി  നല്‍കുമെന്നും അവതാരകനായ കെ ആര്‍ ഗോപികൃഷ്ണന്‍ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്.   ഇന്‍റര്‍വ്യൂവിന്‍റെ പല ഭാഗത്ത് നിന്നും ചില വാചകങ്ങള്‍ എഡിറ്റ് ചെയ്തെടുത്ത് രൂപപ്പെടുത്തിയ ഒരു വീഡിയോ ആണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ വീഡിയോ താഴെ കൊടുക്കുന്നു. ഇതിന്‍റെ 14: 18 മുതല്‍ 16: 40 വരെയുള്ള ഭാഗങ്ങള്‍ കാണുക.  

അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത് ഇങ്ങനെയാണ്: 

ഗോപികൃഷ്ണന്‍: താങ്കള്‍ ബിജെപിയിലെയ്ക്ക് പോകുന്നു. സിപിഎമ്മിനെതിരെ സംസ്ഥാനം പിടിക്കാനുള്ള ഏറ്റവും വലിയ ഐക്കണായി കെ. സുധാകരനെ കൊട്നുവരാന്‍ പോകുന്നു. താങ്കള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കാത്തിരിക്കൂ എന്നാണ് അമിത് ഷാ പറഞ്ഞത് എന്നാണ് പി ജയരാജന്‍ താങ്കള്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപം. 

കെ. സുധാകരന്‍: ശുദ്ധ അസംബന്ധം!! ഒരു കൂടിക്കാഴ്ചയും ഇങ്ങനെ നടന്നിട്ടില്ല. അമിത് ശാ എന്നൊരു നേതാവിനെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. അമിത് ശാ മാത്രമല്ല, ബിജെപിയുടെ ഒരു നേതാവുമായും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷേ എന്‍റെയടുത്ത് പല ദൂതന്മാരും വന്നിരുന്നു എന്നും സംസാരിച്ചിരുന്നുവെന്നും സത്യമാണ്. അവര്‍ക്കൊന്നും ഒരു തവണ വരാനല്ലാതെ രണ്ടാമതൊരു തവണ വരാന്‍ ഞാന്‍ പെര്‍മിഷന്‍ കൊടുത്തിട്ടില്ല. എനിക്ക് എന്‍റെതായ പൊളിറ്റിക്കല്‍ ഇന്‍റെഗ്രിറ്റി ഉണ്ട്. പൊളിറ്റിക്കല്‍ വിഷന്‍ ഉണ്ട്. ആ വിഷന്‍ ആത്യന്തികമായി കോണ്‍ഗ്രസിന്‍റെതാണ്. ചെന്നെയിലെയും കണ്ണൂരിലെയും ബിജെപി നേതാക്കള്‍ ക്ഷണിച്ചു. അമിത് ഷായെ കാണാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞ് രണ്ടേ രണ്ടു വാക്കില്‍ ഞാനത് ഒതുക്കി. ഒരു ചര്‍ച്ചയ്ക്ക് പോലും നിന്നില്ല. അമിത് ശായുമായോ മറ്റു നേതാക്കലുമായോ ചര്‍ച്ച നടത്തിയിട്ടില്ല. ഇതൊക്കെ ശുദ്ധ അസംബന്ധമാണ്. എനിക്ക് ബിജെപിയില്‍ പോവണമെങ്കില്‍ പി ജയരാജന്‍റെയോ ഇപി ജയരാജന്‍റെയോ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ? എന്‍റെ political field I can decide. ആര്‍ക്കാണ് എതിര്‍ക്കാന്‍ പറ്റുക?  ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ I will go with BJP. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്‍റെ വിഷന്‍ ആണ് എന്റ കാഴ്ചപ്പാടാണ്. എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞു..? ബിജെപിയിലെയ്ക്ക് പോകുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്‍റെ principles affiliated with congress.”

ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. ചില സംഭാഷണ ശകലങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് കെ സുധാകരന്‍ ബിജെപിയിലെയ്ക്ക് പോകുന്നു എന്ന് പറഞ്ഞ മട്ടില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

കൂടാതെ ഞങ്ങള്‍ കെ.സുധാകരന്‍റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ സെക്രട്ടറി ജയന്ത് ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: ഇത് തെറ്റായ പ്രചാരണമാണ്. ബിജെപിയിലെയ്ക്ക് പോകുന്നു എന്ന് കെ. സുധാകരന്‍ സര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പഴയ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ദുഷ്പ്രചാരണം നടത്തുകയാണ്. ഇന്‍റര്‍വ്യൂ മുഴുവന്‍ കേട്ടുനോക്കിയാല്‍ ഇക്കാര്യം എളുപ്പം മനസ്സിലാകും.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചാനല്‍ ഇന്‍റര്‍വ്യൂവില്‍ നിന്നുമുള്ള കെ സുധാകരന്‍റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരണം നടത്തുകയാണ് ചെയ്യുന്നത്. അല്ലാതെ ബിജെപിയിലെയ്ക്ക് പോകുന്നു എന്ന് കെ സുധാകരന്‍ പറഞ്ഞിട്ടില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:“ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും” എന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റഡാണ്…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •