FACT CHECK: എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വി.ഡി. സതീശന്‍ മുസ്ലിം ലീഗിനെതിരെ സംസാരിക്കുന്നു എന്ന് ദുഷ്പ്രചരണം നടത്തുന്നു

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി യുഡിഎഫ് ചൂടുപിടിച്ച ചര്‍ച്ചകളില്‍ ആയിരുന്നു. ഒടുവില്‍ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വി ഡി സതീശനെ കുറിച്ച് പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെയുള്ളത്. 

കോണ്‍ഗ്രസ് ഘടക കക്ഷിയായ മുസ്ലിം ലീഗിനെതിരെ അദ്ദേഹം സംസാരിച്ചു എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. പ്രസംഗത്തില്‍ അദ്ദേഹം പറയുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്:

“അത് ഒരു ദൌര്‍ബല്യമായിക്കണ്ട് ചില ആളുകള്‍ നമ്മളെ തിരുത്താന്‍ നോക്കിയാലോ..? ഇതാണല്ലോ ഇപ്പോഴത്തെ വിവാദം. അഞ്ചാം മന്ത്രി സ്ഥാനം മുസ്ലിം ലീഗിന് ലാഭമാണോ നഷ്ടമാണോ ഉണ്ടാക്കിയത് എന്ന് മുസ്ലിം ലീഗിന്‍റെ നേതൃത്വം ചിന്തിക്കണം. ഈ വിഷയം വഷളാക്കി സാമുദായികമായ ചേരിതിരിവ്‌ മുസ്ലിങ്ങളിലുണ്ടാക്കി അനാവശ്യ വിഷയമാക്കി വളര്‍ത്തിയതിനു പകരം തെറ്റാണ് പറ്റിയതെങ്കില്‍ നമ്മളത് വിലയിരുത്തണം. ഇത് കഴിഞ്ഞപ്പോള്‍ മലബാറില്‍ 33 സ്കൂളുകള്‍ കൊടുക്കേണ്ടതായി വന്നു. എല്ലാ ഭരണപരമായ തീരുമാനം എടുക്കുമ്പോഴും സാമൂഹിക പശ്ചാത്തലം കൂടി ആലോചിക്കണം. അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ പേരില്‍ കേരളത്തിന്‍റെ ഒരു സാമൂഹിക പശ്ചാത്തലം ആകെ അലങ്കോലമായി കിടക്കുന്ന സാഹചര്യത്തില്‍ തന്നെ കൊടുക്കണോ ഈ 33 സ്കൂള്…? ഇപ്പോത്തന്നെ കൊടുക്കണമെന്ന് ധൃതിയെന്താ..? കേരളത്തിന്‍റെ ഒരു സോഷ്യല്‍ ബാക്ക് ഗ്രൌണ്ട് ഒക്കെയൊന്ന് നോക്കണ്ടേ..? ഇത് ഇപ്പൊ ചെയ്യണോ എന്ന് ആരും ചോദിച്ചില്ല അല്ലേ…?”

archived linkFB post

അതായത് കേരളത്തില്‍ കോണ്‍ഗ്രസ്സിന്‍റെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലിം ലീഗിനെതിരെ വിഡി സതീശന്‍ ഇങ്ങനെ പ്രസംഗിച്ചു എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണം. ഞങ്ങള്‍  പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണമാണ് ഇതെന്ന് തെളിഞ്ഞു.

വസ്തുത ഇതാണ് 

ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയുടെ മുഴുവന്‍ ഭാഗവും യുട്യൂബില്‍ നിന്നും ലഭിച്ചു. 2012 ല്‍ വി ഡി സതീശന്‍ സ്വന്തം പാര്‍ട്ടിയെയും ചില നയങ്ങളെയും വിമര്‍ശിച്ച് നടത്തിയ ഒരു പ്രസംഗത്തിന്‍റെ ഒരു ക്ലിപ്പ് ഇന്ത്യവിഷന്‍ ചാനലിന്‍റെ യുട്യൂബ് ചാനലില്‍ കാണാം. അതേ വീഡിയോ എഡിറ്റ് ചെയ്താണ് പോസ്റ്റിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരണം നടത്തുന്നത്. അഞ്ചാം മന്ത്രി വിഷയത്തില്‍ ഒരു വിവാദത്തിന് ഇടനല്‍കാതെ മുസ്ലിം ലീഗ് തീരുമാനം ആദ്യം തന്നെ സ്വീകരിക്കുന്നതായിരുന്നു നല്ലത് എന്നാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം പറയുന്നത്. മുന്നണി പൊതുവേ സ്വീകരിച്ച ചില നിലപാടുകള്‍ മുന്‍ ആലോചന കൂടാതെയുള്ളവയായി പോയി എന്നാണ് തന്‍റെ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്. 

archived link

അടുത്ത കാലത്ത് മുസ്ലിം ലീഗിനെ കുറിച്ച് അദ്ദേഹം വളരെ പോസിറ്റീവായി സംസാരിക്കുന്ന വീഡിയോ ഇവിടെ കാണാം. 

അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ പല ഭാഗത്ത്  നിന്നും ചില വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ഒരു വീഡിയോ ആക്കിയാണ് പ്രചരണം നടത്തുന്നത്. വി ഡി സതീശന്‍ മുസ്ലിം ലീഗിന് എതിരാണ് എന്ന് വരുത്തി തീര്‍ക്കാനാണ് വീഡിയോയിലൂടെ ശ്രമിക്കുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെ ഇത് എഡിറ്റ്‌ ചെയ്ത വീഡിയോ ആണെന്നും ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും വാദിച്ച് രംഗത്ത് വന്നിട്ടുണ്ട്

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വിഡി സതീശന്‍ സ്വന്തം മുന്നണിയുടെ ചില തീരുമാനങ്ങള്‍ പുനപരിശോധിക്കണമായിരുന്നു  എന്ന് പറയുന്ന ഒരു പ്രസംഗം എഡിറ്റ്‌ ചെയ്ത് മുസ്ലിം ലീഗിന് എതിരായി സംസാരിക്കുന്നു എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വി.ഡി. സതീശന്‍ മുസ്ലിം ലീഗിനെതിരെ സംസാരിക്കുന്നു എന്ന് ദുഷ്പ്രചരണം നടത്തുന്നു

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •