റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

അന്തര്‍ദേശീയം

ചന്ദ്രനിൽ പര്യവേഷണം നടത്തിയ ആദ്യ രാജ്യം, അന്ന് യു‌എസ്‌എസ്‌ആര്‍ എന്നറിയപ്പെട്ടിരുന്ന റഷ്യയാണ്. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (റോസ്കോസ്മോസ്) ആസൂത്രണം ചെയ്ത മൂണ്‍ ലാൻഡർ ദൗത്യമായിരുന്നു 1976-ലെ ലൂണ 24.  ഈ കഴിഞ്ഞ ദിവസം ലൂണ 25 റഷ്യ വിക്ഷേപിച്ചിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ലാൻഡര്‍ അവിടെ നിന്നും ആദ്യ ചിത്രങ്ങൾ അയക്കുകയും ചെയ്തുവെന്ന് ഐഎസ്ആർഒയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയിക്കുന്നു. തകർന്ന ലൂണയുടെ ചിത്രങ്ങൾ എന്ന അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഇന്ത്യയുടെ ചന്ദ്രയാൻ വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തു എന്നും അവിടെ നിന്നും ആദ്യ സിഗ്നലുകൾ ശാസ്ത്രജ്ഞന്മാർക്ക് ലഭിച്ചുവെന്നും വിവരത്തില്‍ പറയുന്നത് ശരിയാണ്. എന്നാൽ വീഡിയോയിൽ ബഹിരാകാശത്ത് ഒരു സാറ്റലൈറ്റ് തകർന്ന് വീഴുന്നതും അവിടെ ഉണ്ടായിരുന്ന ആസ്ട്രോനോട്ട്സ് അപകടത്തിൽ പെടുന്നതും കാണാം.  തകർന്ന ലൂണയുടെ ദൃശ്യങ്ങളാണിത് എന്ന് അവകാശപ്പെട്ടുകൊണ്ട്  ഒപ്പമുള്ള വിവരണം ഇങ്ങനെ: “വെല്‍ക്കം ബഡ്ഡി ! വി‍ക്രം ലാന്‍ഡറിൽ ആ സന്ദേശമെത്തി; സന്തോഷ വാര്‍ത്ത പുറത്തുവിട്ട് ഐഎസ്ആര്‍ഒ….ഓഗസ്റ്റ് 23 ന് ലാൻഡിങിന് ഒരുങ്ങുകയാണ് ലാന്‍ഡർ.

ലൂണ 25 ഇനിയില്ല….. ലോകം ഉറ്റു നോക്കുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 ലേക്ക്

Chandrayaan 3 Moon Mission

Nb: റഷ്യയുടെ തകർന്ന് പോയ ചാന്ദ്ര പര്യവേഷണം..”

FB postarchived link

എന്നാൽ ഈ വീഡിയോ അനിമേഷൻ സൃഷ്ടിയാണെന്നും തകർന്ന ലൂണയുമായി യാതൊരു ബന്ധവും ദൃശ്യങ്ങൾക്കില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ വീഡിയോ aleksey എന്ന ഇൻസ്റ്റഗ്രാം പേജില്‍ ‌അപ്ലോഡ് ചെയ്തതായി കണ്ടെത്തി. 2023 ഓഗസ്റ്റ് 16നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.  

അത്ഭുതകരമായ സൃഷ്ടിയാണെന്നും സൃഷ്ടാവിന്‍റെ അനിമേഷൻ കഴിവ് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും പലരും കമന്‍റ് ചെയ്തിട്ടുണ്ട്. പേജില്‍  ഇത്തരത്തില്‍ അനിമേറ്റഡ് രീതിയില്‍ സൃഷ്ടിച്ചെടുത്ത മറ്റ് നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ലൂണ 25 പേടകം

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെ തങ്ങളുടെ ലൂണ 25 പേടകം ചന്ദ്രോപരിതലത്തിൽ തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചിരുന്നു.  

ആഗസ്റ്റ് 10 ന് കിഴക്കൻ റഷ്യയിലെ വോസ്റ്റോക്നി കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച ആളില്ലാത്ത ബഹിരാകാശ പേടകം പൊട്ടിത്തെറിക്കുകയാണുണ്ടായത്. 1976-ൽ ലൂണ 24-ന് ശേഷം ചന്ദ്രനിലേക്കുള്ള അടുത്ത ദൗത്യമായിരുന്നു ഇത്. ദക്ഷിണധ്രുവത്തിനടുത്തുള്ള 100 കിലോമീറ്റർ വീതിയുള്ള ബോഗസ്ലാവ്സ്കി ഗർത്തത്തിൽ തൊടുക എന്നതായിരുന്നു ലക്ഷ്യം. 

എന്നാൽ ഓഗസ്റ്റ് 19 ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ടെലിഗ്രാമിൽ “ലൂണ 25 ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു” എന്ന് പ്രഖ്യാപിച്ചു, ചന്ദ്രനുചുറ്റും ഭ്രമണപഥം ഉറപ്പിക്കാന്‍ ക്രാഫ്റ്റിന് ഒരു കമാൻഡ് അയച്ചതിന് ശേഷം ആഗസ്ത് 20 ന് പേടകവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ദൗത്യത്തിന്റെ പരാജയം റഷ്യയുടെ ബഹിരാകാശ പര്യവേഷണ മോഹങ്ങള്‍ക്ക് വലിയ നഷ്ടമാകുമെന്ന് യുകെയിലെ ലെസ്റ്റർ സർവകലാശാലയിലെ ബഹിരാകാശ നയ വിദഗ്ധനായ ബ്ലെഡിൻ ബോവൻ പറയുന്നു. 

ലൂണ 25,  ചന്ദ്രയാൻ 3 ഇവ ആളില്ലാ പേടകങ്ങൾ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പരിശോധിച്ചാൽ ഇക്കാര്യം ഉറപ്പിക്കാവുന്നതാണ് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ് വീഡിയോൽ കാണുന്നത് അനിമേഷൻ ദൃശ്യങ്ങളാണ് റഷ്യയുടെ ചന്ദ്രൻ പര്യവേഷണ പേടകമായ ലൂണ 25 മായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •