ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നിന്ന നില്‍പ്പില്‍ മരിച്ചുപോയതല്ല, കോമയില്‍ ആയിപ്പോയതാണ്… സത്യമിങ്ങനെ…

അന്തര്‍ദേശീയം

‘രംഗബോധമില്ലാത്ത കോമാളി’ എന്ന് മരണത്തെ മഞ്ഞ് എന്ന നോവലിൽ വിശേഷിപ്പിച്ചിട്ടുണ്ട് എം ടി വാസുദേവൻ നായർ. അക്ഷരാർത്ഥത്തിൽ പലപ്പോഴും അങ്ങനെതന്നെയാണ് എന്ന് ചുറ്റുപാടും നടക്കുന്ന പല മരണങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിവിചിത്രമായി, ഒരാൾ നിന്നുകൊണ്ട് മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്നപേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് കൗണ്ടറിന് സമീപം ആളുകൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് ഒരാൾ അനങ്ങാതെ നിൽക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതും എന്തോ അസ്വാഭാവികയുണ്ട് എന്ന് തിരിച്ചറിഞ്ഞ് അയാളെ പിടിച്ചു കുലുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ രീതിയില്‍  നിന്ന നില്‍പ്പില്‍ അയാൾ മരണത്തിന് കീഴടങ്ങി എന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ലോകത്തിലെ ഏറ്റവും വിചിത്രമായ മരണം മാർക്കറ്റിൽ നിൽക്കുന്ന ഒരു മനുഷ്യൻ നിലത്തു വീഴാതെയും ഷോപ്പിംഗ് ബാഗ് ഉപേക്ഷിക്കാതെയും മരിച്ചു.😥”

FB postarchived link

എന്നാൽ ഈ വ്യക്തി മരിച്ചില്ലെന്നും അമിത മദ്യപാനം മൂലം മരണസമാനമായ കോമയിൽ ഈ വ്യക്തി എത്തിപ്പെട്ടതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

നമ്മൾ ഇതുവരെ കണ്ടിട്ടുള്ള മരണ ദൃശ്യങ്ങളിലെല്ലാം മരണപ്പെട്ട വ്യക്തി പെട്ടെന്ന് താഴേക്ക് വീഴും എന്ന ഇയാൾ താഴെ വീഴുന്നില്ല എന്നൊരു പ്രത്യേകതയുണ്ട്. എന്നാൽ അയാൾ അനക്കമില്ലാതെയാണ് നിൽക്കുന്നത്. ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഈ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ 2015 ഏപ്രിലില്‍  ഖസാഖിസ്ഥാനില്‍ സംഭവിച്ചതാണ് എന്ന് വ്യക്തമാക്കുന്ന ചില റിപ്പോർട്ടുകൾ ലഭിച്ചു. 

സംഭവം നടന്നത് 2015  ഏപ്രിലിൽ ഖസാക്കിസ്ഥാനിലെ നഗരമായ ടാല്‍ഡികോര്‍ഗനിലെ ഒരു ഷോപ്പിംഗ് മാളിലാണ്. ഈ വ്യക്തി ഷോപ്പിംഗ് സെന്‍ററിൽ എത്തിയപ്പോൾ മരവിച്ചു നിന്നു എന്നാണ് റിപ്പോർട്ട് അറിയിക്കുന്നത്.  ഷോപ്പിംഗ് സെൻറർ ജീവനക്കാർ ഉടൻതന്നെ വൈദ്യസഹായം തേടുകയുണ്ടായി. ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെന്നും അന്നുതന്നെ ഈ വ്യക്തി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്  അറിയിക്കുന്നത്. മണിക്കൂറുകളോളം ഈ വ്യക്തി ഈ അവസ്ഥയിലായിരുന്നുവെന്നാണ് സൂചന. തുടർന്ന് ഇയാളെ സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ അൽമാട്ടി മേഖലയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി

ഏപ്രിൽ 19-ന് ടാൽഡികോർഗനിൽ ഇത്തരമൊരു സംഭവം നടന്നതായി അൽമാട്ടി മേഖലയിലെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ നിന്ന നില്‍പ്പില്‍ മരവിച്ചുപോയി.  ആവശ്യമായ മെഡിക്കൽ നടപടിക്രമങ്ങൾ സ്വീകരിക്കുകയും അതേ ദിവസം തന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു.

ഇങ്ങനെ സംഭവിക്കാനുള്ള കാരണങ്ങളെക്കുറിച്ച് അൽമാട്ടി മേഖലയിലെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഹെഡ് സൗലെ കുസ്മോൾഡനോവ പറയുന്നതനുസരിച്ച്, ഈ വ്യക്തി  മദ്യലഹരിയിലായിരുന്നു. “ഇയാള്‍ വളരെക്കാലമായി മദ്യപിക്കുന്നു. നീണ്ട മദ്യപാനത്തിന്‍റെ ഫലമായാണ് ഇത്തരമൊരു സിൻഡ്രോം ഉണ്ടാകുന്നത്. എന്നാൽ സാധാരണയായി ആളുകൾ വീട്ടിലായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അവരെ ആശുപത്രിയിൽ കൊണ്ടുവന്ന് ശുദ്ധീകരിക്കുന്നു. ലഹരി നീക്കം ചെയ്തപ്പോള്‍  പേഷ്യന്‍റ് ബോധം വന്ന് നടന്നു വീട്ടിലേക്ക് പോയി. ഈ അവസ്ഥ അപൂർവ്വമായി സംഭവിക്കുന്നതാണ്.  പലപ്പോഴും ലഹരി മൂലം ബോധം നഷ്ടപ്പെടുന്നു, ദിശാബോധം നഷ്ടപ്പെടുകയും  പലപ്പോഴും വിറയൽ അനുഭവപ്പെടുകയും ചെയ്തേക്കാം. കുസ്മോൾഡനോവ പറഞ്ഞു. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇയാള്‍ക്ക് പരിശോധനയില്‍ കണ്ടെത്തിയില്ല. 

നിഗമനം 

വീഡിയോ ദൃശ്യങ്ങളില്‍ നിശ്ചലനായി കാണപ്പെടുന്ന വ്യക്തി മരണപ്പെട്ടു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇയാള്‍ അമിത മദ്യപാനം മൂലം മരണസമാനമായ നിശ്ചലാവസ്ഥയില്‍ എത്തിച്ചേരുന്ന  രോഗാവസ്ഥയില്‍ എത്തിയതാണ്. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സ നല്‍കി. പഴയ അവസ്ഥയിലേക്ക് വന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ അന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നിന്ന നില്‍പ്പില്‍ മരിച്ചുപോയതല്ല, കോമയില്‍ ആയിപ്പോയതാണ്… സത്യമിങ്ങനെ…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •