ഈ വൈറല്‍ ചിത്രം ജര്‍മ്മനിയിലേതല്ല.. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ്…

സാമൂഹികം

വിവരണം

കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. പുരാതന ഭാരതീയ ശൈലിയില്‍ തലയില്‍  കുടുമയും താറും ധരിച്ച  ഏതാനും കുട്ടികള്‍ നിലത്തിരുന്ന് ഇലയില്‍ ആഹാരം കഴിക്കുന്ന ഒരു ചിത്രവും ഒപ്പം ചിത്രത്തെ പറ്റിയുള്ള വിവരണവുമാണ് പോസ്റ്റില്‍ ഉള്ളത്.

archived linkFB post

വിവരണം  ഇങ്ങനെയാണ്: “നിങ്ങൾ കാണുന്ന ഈ ചിത്രം ഇന്ത്യയിലെ അല്ല ജർമ്മനിയിൽ നിന്നുള്ളതാണ്

അവിടെ ഉള്ള കുട്ടികൾ പഠിക്കുന്ന ഗുരുകുലത്തിൽ നിന്നുള്ള ചിത്രമാണിത് നമ്മൾ മറക്കുന്ന നമ്മുടെ സംസ്‌കൃത സംസ്കാരം അവർ സ്വീകരിക്കുന്നു, കാരണം അവർ സനാതന ധർമ്മത്തിന്റെ ശാസ്ത്രീയത മനസ്സിലാക്കികഴിഞ്ഞു

മറ്റു മതങ്ങൾ പഠിക്കാനോ വിശ്വസിക്കാനോ വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ എല്ലാം സനാതന ധർമ്മത്തെപറ്റി പഠിക്കാൻ അനേകം പേർ തയ്യാറാകുന്നതിൽ നമുക്ക് അഭിമാനിക്കാം

സന്ധ്യക്ക് നാമം ചെല്ലാൻ പോലും മടിക്കുന്ന നമ്മുടെ കുട്ടികൾ ഇത് കണ്ടു പഠിക്കട്ടെ

അതായത് ജര്‍മ്മനിയില്‍ ഗുരുകുല സമ്പ്രദായത്തില്‍ പരിശീലിക്കുന്ന കുട്ടികളാണ് ഇവര്‍ എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ ചിത്രത്തിന് ജര്‍മ്മനിയുമായി യാതൊരു ബന്ധവുമില്ല. 

യാഥാര്‍ത്ഥ്യം ഇതാണ് 

ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ ഈ അവകാശവാദം  തെറ്റാണെന്ന് മനസ്സിലായി. പശ്ചിമ ബംഗാളിലെ മായാപൂരിലെ ഭക്തിവേദാന്ത അക്കാദമി ഓഫ് ഇസ്‌കോൺ എന്ന സ്ഥാപനത്തിൽ നിന്നുള്ളതാണ് ഈ ചിത്രം. അന്വേഷണത്തില്‍  ഈ ചിത്രം മായാപൂരിലെ ഭക്തിവേദാന്ത ഗുരുകുലത്തിന്‍റെതാണെന്ന് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. 

TheVedicVedict | archived link

ഭക്തിവേദാന്ത ഗുരുകുൽ പ്രിൻസിപ്പൽ ബാലദേവ് ശ്രീമൻ ദാസുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു.  ചിത്രത്തിൽ കാണുന്ന കുട്ടികൾ അക്കാദമി വിദ്യാർത്ഥികളാണ്. ഈ ചിത്രം ഇവിടെ നിന്നുള്ളതാണ് എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ മീഡിയ വിഭാഗം നല്‍കുമെന്നും അറിയിച്ചു.  തുടര്‍ന്ന് മീഡിയ വിഭാഗം ഉദ്യോഗസ്ഥനായ പ്രഭുവിനോട് അന്വേഷിച്ചപ്പോള്‍ ചിത്രം ഇവിടെ നിന്നുമുള്ളത് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി സുബ്രതോ ദാസിന്‍റെ മറുപടി ഞങ്ങള്‍ക്ക് നല്‍കി. അതിന്‍റെ സ്ക്രീന്‍ ഷോട്ടാണ് താഴെയുള്ളത്. 

അക്കാദമിയുടെ  വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും  അക്കാദമിയുടെ നിരവധി ഫോട്ടോകൾ ഉണ്ട്. പോസ്റ്റിലെ  ചിത്രത്തിൽ കാണുന്നതുപോലെയുള്ള തൂണുകൾ ഈ ചിത്രങ്ങളിൽ കാണാൻ കഴിയും. കൂടാതെ താഴെയുള്ള ഗുരുകുലത്തിന്‍റെ വീഡിയോ ശ്രദ്ധിക്കുക. കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലം ഇതില്‍ കാണാം.

youtube | archived link

ഗുരുകുൽ ഇസ്‌കോൺ സ്ഥാപിച്ച ഒരു വേദ വിദ്യാഭ്യാസ സ്ഥാപനമാണ് ഭക്തിവേദാന്ത. ഈ സ്ഥാപനത്തില്‍ അക്കാദമിക് വിഷയങ്ങളും (മാത്തമാറ്റിക്സ്, ഇംഗ്ലീഷ് മുതലായവ) വേദങ്ങളുടെ സംസ്കാരവും വിദ്യാഭ്യാസവും പാട്യ വിഷയങ്ങളാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം 40 ലധികം വിദേശ രാജ്യങ്ങളില്‍  നിന്നുള്ള വിദ്യാർത്ഥികളും അക്കാദമിയിൽ പഠിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ബാലദേവ് പറഞ്ഞു. ഭക്തിവേദാന്ത അക്കാദമി നിരവധി രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്നു.

നിഗമനം 

പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്. ഗുരുകുല വിദ്യാഭ്യാസത്തിന്‍റെ രീതി പിന്തുടരുന്ന കുട്ടികളുടെ ചിത്രം  ജർമ്മനിയില്‍ നിന്നുള്ളതല്ല, ഇന്ത്യയില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയിട്ടുള്ള അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Avatar

Title:ഈ വൈറല്‍ ചിത്രം ജര്‍മ്മനിയിലേതല്ല.. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •