FACT CHECK – പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണു.. പണി പൂര്‍ത്തിയാകാത്ത പാലമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ന്ന് വീണത്.. എന്ന പേരില്‍ ഒരു പാലം തകര്‍ന്ന ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 490ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു പാലം സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട ശേഷം തകര്‍ന്ന് വീണിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

‘Bridge collapse’ എന്ന കീ വേര്‍ഡ് ഉപയോഗിച്ചപ്പോള്‍ തന്നെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ലിങ്കാണ് ലഭിച്ചത്. റിപ്പോര്‍ട്ടില്‍ ഫെയ്‌സ്ബുക്ക് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന അതെ ചിത്രം തന്നെ കാണാനും സാധിക്കുന്നുണ്ട്. ഹരിയാനയിലെ കൈതല്‍ ജില്ലയിലെ ദുല്‍യാനി ഗ്രാമത്തില്‍ നിര്‍മ്മാണം നടക്കുന്ന പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്നു വീണതെന്നതാണ് വാര്‍ത്ത റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌ഗരിയാണ് കഴിഞ്ഞ വര്‍ഷം പാലത്തിന് തറക്കല്ലിട്ടത്. 

ഫെബ്രുവരി 27നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പില്ലറുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് 30 മിനിറ്റിനകം പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണതെന്നും ആര്‍ക്കും തന്നെ പരുക്കുകളില്ലെന്നും വാര്‍ത്തിയില്‍ വിശദീകരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കേരളത്തിലെ പാലം തകര്‍ന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്ന അതെ ചിത്രം ഹരിയാനയിലെ പാലം തകര്‍ന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. അതായത് ഹരിയാനയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ ചിത്രം ഉപയോഗിച്ചാണ് കേരളത്തിലെ പാലം തകര്‍ന്നു വീണു എന്ന തരത്തില്‍ പ്രചരണം നടത്തുന്നതെന്ന് വ്യക്തമാണ്.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അവകാശവാദത്തില്‍ ഉപയോഗിച്ചിരിക്കുന്ന അതെ ചിത്രം ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ കാണാം-

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത റിപ്പോര്‍ട്ട്-

Times Of India ArticleArchived Link

നിഗമനം

ഹരിയാനയില്‍ നിര്‍മ്മാണത്തിനിടയില്‍ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന് വീണ പാലത്തിന്‍റെ ചിത്രം ഉപയോഗിച്ചാണ് കേരളത്തില്‍ മുഖ്യമന്ത്രി തറക്കല്ലിട്ട പാലം തകര്‍ന്നു വീണു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •