അമേരിക്കയിലെ ചിത്രം ജർമനിയിൽ ഇന്ധന വിലയ്ക്കെതിരെ നടന്നത് എന്ന വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

അന്തർദേശിയ൦

വിവരണം

ഇന്ത്യയിൽ ഇന്ധനവില ദിവസേന കൂടുന്നതായി വാർത്തകളും ഒപ്പം  വിമർശനങ്ങളും വന്നുകൊണ്ടിരിക്കുന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം വാഹന ഉപയോഗം വർധിച്ചിട്ടുണ്ട്. ഇതിന്‍റെ കൂടെയാണ് ദിവസേന ഇന്ധനവില ഉയരുന്നതായി വാർത്തകളും പരാതികളും വന്നുകൊണ്ടിരിക്കുന്നത്. 

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഒരു വലിയ റോഡിൽ നിറയെ വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ഒരു ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന വാർത്ത ഇതാണ് ജർമ്മനിയിൽ ഇന്ധന വില ഉയർന്നപ്പോൾ ജനങ്ങൾ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് നടന്നു പോയി. അവസാനം വൃത്തികെട്ട സർക്കാരിന് വില വർദ്ധനവ് പിൻവലിക്കേണ്ടി വന്നു. ജനങ്ങൾ മുന്നോട്ട് ഇറങ്ങിയാൽ വിജയിക്കുകതന്നെ ചെയ്യും.

archived linkFB post

ഞങ്ങൾ ഈ വാർത്തയുടെയും ഒപ്പം നൽകിയിരിക്കുന്ന ചിത്രത്തിലെയും വസ്തുത അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ഇത് തെറ്റായ അവകാശവാദമാണ് എന്ന് വ്യക്തമായി. ഈ വാർത്തയെ കുറിച്ചും വാർത്തയുടെ പിന്നിലെ യാഥാർത്ഥ്യത്തെ കുറിച്ചും നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ അന്വേഷണം

ഞങ്ങള്‍ ആദ്യം തന്നെപോസ്റ്റിലെ ചിത്രത്തിന്‍റെ ആദ്യം റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി.  അപ്പോള്‍ ഇത് അമേരിക്കയിലെ കാലിഫോർണിയയിലെ ബെർക്കിലി എന്ന സ്ഥലത്തുള്ള ഈസ്റ്റ് ഷോര്‍ഫ്രീവേ എന്ന റോഡാണ് എന്ന ഫലമാണ് ലഭിച്ചത്. 

archived link

ഇതേ ചിത്രം നിരവധി വെബ്സൈറ്റുകള്‍ ഈസ്റ്റ് ഷോര്‍ഫ്രീവേയുടെ ചിത്രമായി നല്കിയിട്ടുണ്ട്. റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിന്‍റെ ചിത്രമാണിത്. അമേരിക്കയിലെ ഹൈവേയുടെ ഈ ചിത്രത്തിന് ജർമ്മനിയുമായി യാതൊരു ബന്ധവും ഇല്ല. 

തുടർന്ന് ജർമ്മനിയിൽ ഇത്തരത്തിൽ ഇന്ധനവില വർദ്ധനക്കെതിരെ ഇത്തരത്തിലൊരു സമരം നടന്നിട്ടുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. 

ജർമ്മനിയിൽ 2 0 0 0 -ല്‍ ഇന്ധനവില വർദ്ധനക്കെതിരെ ഒരു സമരം നടന്നതായി വാർത്തകളുണ്ട്. നൂറുകണക്കിന് ലോറി-ബസ്  ഡ്രൈവർമാർ ബെർലിനിൽ ഇന്ധനവില വർദ്ധനക്കെതിരെ സമരം ചെയ്തിരുന്നു. ഇരുന്നൂറ്റി അമ്പതോളം ലോറികളും ട്രാക്ടറുകളും റോഡുകളിൽ നിർത്തിയിട്ടു കൊണ്ടായിരുന്നു സമരക്കാര്‍ ഉപരോധം ആരംഭിച്ചത്. സ്റ്റട്ട്ഗാര്‍ട്ടില്‍ ആരംഭിച്ച സമരത്തിന്‍റെ ചില അനുകരണങ്ങള്‍ പിന്നീട് ഹാനോവര്‍, ലീപ്സിഗ്, ഡ്രെസ്ഡേണ്‍, ബവാരിയ എന്നിവിടങ്ങളിലും അരങ്ങേറി. സി‌എന്‍‌എന്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ എ‌എഫ്‌പിയുടെ വാര്‍ത്ത പ്രകാരം ജര്‍മന്‍ സര്‍ക്കാര്‍ സമരത്തെ തുടര്‍ന്ന് ചില ഇളവുകള്‍ വിലവര്‍ദ്ധനയില്‍ നടത്തിയതായി പറയുന്നു.  

പോസ്റ്റില്‍ അവകാശപ്പെടുന്നതുപോലെ നടുറോഡില്‍ കാറുകള്‍  നിർത്തിയിട്ട് ആയിരുന്നില്ല സമരം. ഈ അവകാശവാദവുമായി വേറെ ചിത്രങ്ങളും 2017 മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലോകം മുഴുവനുമുള്ള വസ്തുതാ അന്വേഷണ മാധ്യമങ്ങള്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് മുകളില്‍ അന്വേഷണം നടത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത തെറ്റാണ് എന്ന നിഗമനത്തിലാണ് അവരും എത്തിച്ചേര്‍ന്നത്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. 

നിഗമനം 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം അമേരിക്കയിലെ കാലിഫോർണിയയിലെ ബെർക്കിലി എന്ന സ്ഥലത്തുള്ള ഈസ്റ്റ് ഷോര്‍ഫ്രീവേ എന്ന റോഡാണ്. ജര്‍മനിയില്‍ രണ്ടു തവണ ഇന്ധനവില വർദ്ധനക്കെതിരെ സമരം നടന്നതായി വാര്‍ത്തകള്‍ ഉണ്ടെങ്കിലും  പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദവുമായി യോജിക്കുന്ന തരത്തിലല്ല. ഇന്ധനവില വര്‍ദ്ധന സമരത്തെ തുടര്‍ന്ന് ജര്‍മനി പൂര്‍ണ്ണമായും പിന്‍വലിച്ചില്ല, പകരം ചില ഇളവുകള്‍ നല്‍കുകയാണുണ്ടായത് എന്ന് വാര്‍ത്തകളുണ്ട്. 

Avatar

Title:അമേരിക്കയിലെ ചിത്രം ജർമനിയിൽ ഇന്ധന വിലയ്ക്കെതിരെ നടന്നത് എന്ന വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

Fact Check By: Vasuki S 

Result: False