ഈ ജീവിയെ തൊട്ടാല്‍ ഇതിന്‍റെ വൈറസ് മനുഷ്യരിലേയ്ക്ക് പടരുമോ..? സത്യം ഇതാണ്…

ആരോഗ്യം സാമൂഹികം

വിവരണം

പ്രകൃതിയിലെ ജീവജാലങ്ങളില്‍ ചിലവ  മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന ഗണത്തില്‍ പെട്ടവയാണ്. മാരക രോഗങ്ങളോ ജീവന് തന്നെ ഭീഷണിയോ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും. അതിനാല്‍ ഇത്തരത്തില്‍ പെട്ട എന്തെങ്കിലും അറിവുകളും നിര്‍ദ്ദേശങ്ങളും പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കും. ഇത്തരം അറിവുകള്‍ പങ്കുവയ്ക്കപ്പെടുന്ന വലിയ ഒരു വേദിയാണ് സാമൂഹ്യ മാധ്യമങ്ങള്‍.  എന്നാല്‍ തെറ്റായ ചില വിവരങ്ങളും ഇവിടെ പ്രചരിക്കാറുണ്ട്.  

ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട ഒരു പ്രചാരണത്തെ പറ്റിയാണ് നിങ്ങളെ അറിയിക്കാന്‍ പോകുന്നത്. 

ഈ ജീവിയെ കണ്ട കൈകൊണ്ട് തൊടുകയോ അതിന്‍റെ അടുത്ത്  കുട്ടികളെ നിർത്തുകയോ ചെയ്യരുത്. ഇതിന്റെ വൈറസ് നമ്മുടെ ശരീരത്തില്‍ പകരുന്നു. എല്ലാവരിലും എത്തിക്കുക. പ്ലീസ് ഷെയർ എന്നാ വിവരണത്തോടെ മൂന്നാല് ചിത്രങ്ങളാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. പാറ്റയുടെ ആകൃതിയിലുള്ള ഒരു ജീവിയുടെയും ആ ജീവിയുടെ ശരീരത്തിലെ വൈറസ് മൂലം രോഗം വന്ന് വികൃതമായ  കൈകളുടെതുമാണ് ചിത്രങ്ങള്‍.

archived linkFB post

എന്നാല്‍ ഇതില്‍ ഒരു യാഥാര്‍ത്ഥ്യവും ഇല്ലെന്നും തമാശയ്ക്കായി ആരോ സൃഷ്‌ടിച്ച ഈ ഹോക്സ് ലോകം മുഴുവന്‍ പ്രചരിച്ചു വരുന്നുണ്ടെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ മനസ്സിലാക്കി.  മാത്രമല്ല, ഈ പ്രചാരണത്തിന് വര്‍ഷങ്ങള്‍ പഴക്കവുമുണ്ട്.

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പ്രചാരണത്തെ പറ്റി നിരവധി വിവരങ്ങള്‍ ലഭിച്ചു. ചിത്രത്തിലെ ജീവി ഒരിനം വാട്ടര്‍ ബഗ് ആണ് എന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. 

ലോകമെമ്പാടും ശുദ്ധ ജലത്തില്‍ കാണപ്പെടുന്ന ജീവികളാണിത്. വലിയ  വാട്ടർ ബഗുകൾക്കുള്ള സങ്കീർണ്ണമായ പ്രക്രിയയാണ് പ്രജനനം. ബഹുഭൂരിപക്ഷം ജീവികളില്‍  നിന്നും വ്യത്യസ്തമായി മുട്ടകള്‍ക്ക്  പരിചരണം നൽകുന്നത് ആണ്‍  വാട്ടർ ബഗുകളാണ്. ഇത്തരത്തില്‍ പെട്ട ആണ്‍ വാട്ടര്‍ ബഗാണ് പോസ്റ്റിലെ ചിത്രത്തിലുള്ളത്.  മുതുകിലെ സ്പൈക്കുകളില്‍ മുട്ടയാണുള്ളത്.  ചിത്രത്തില്‍ ജീവിയെ വലുതാക്കി ചിത്രീകരിചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത്ര വലിപ്പം ഇവയ്ക്കില്ല. 

agbuyamarco

ഇവ മനുഷ്യരെ ആക്രമിക്കുന്നതിനെ പറ്റി തിരഞ്ഞപ്പോള്‍ അമേരിക്കയിലെ വൈല്‍ഡര്‍നസ്സ് ആന്‍ഡ്‌ എന്‍വിരോണ്‍മെന്റല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. അത് പ്രകാരം ഈ ജീവികള്‍ മനുഷ്യരുടെ കാലുകളില്‍ കടിക്കും. 

“ഇത്തരത്തില്‍  ബെലോസ്റ്റോമാറ്റിഡെ എന്ന ഇനത്തില്‍ പെട്ട  വാട്ടര്‍ ബാഗ്  കടിച്ച 7 കേസുകൾ ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ജീവികളില്‍ ചില ഇനത്തിന് കശേരുക്കളിൽ കടുത്ത വേദനയും പക്ഷാഘാതവും ഉണ്ടാക്കാൻ കഴിവുള്ള വിഷ ഉമിനീർ ഉണ്ട്. കടിയേറ്റാല്‍  തീവ്രവും കഠിനവുമായ വേദനയും കൈത്തണ്ടയിൽ 1 പ്രകടമായ ഹൈപ്പോഇസ്തേഷ്യയും അനുഭവപ്പെടും. ഈ ജീവികൾ താമസിക്കുന്ന പ്രദേശങ്ങളിലുള്ള ക്ലിനിക്കുകളാണ് ബെലോസ്റ്റോമാറ്റിഡെ( വാട്ടര്‍ ബഗിന്‍റെ ശാസ്ത്രീയ നാമം)യുടെ കടികൾ പലപ്പോഴും റിപ്പോർട്ട് ചെയ്തത്.  പക്ഷേ വിശദമായ കേസ് റിപ്പോർട്ടുകൾ മെഡിക്കൽ ഡേറ്റകളില്‍ ഇല്ല.” 

ഈ റിപ്പോര്‍ട്ടില്‍ ഇവ എന്തെങ്കിലും തരത്തിലെ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി വിവരണമില്ല. എല്ലാ വാട്ടര്‍ ബഗുകളും അപകടകാരികളുമല്ല.  

പോസ്റ്റില്‍ ഈ ജീവിയെ പറ്റി നല്‍കിയിരിക്കുന്ന വിവരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ഇനി നമുക്ക് അറിയാനുള്ളത് എന്താണ് പോസ്റ്റിലെ വികൃതമായ കൈകളുടെ പിന്നിലെ വസ്തുത എന്നതാണ്. 

അതെപ്പറ്റി അന്വേഷിച്ചപ്പോള്‍ രസകരമായ കാര്യങ്ങളാണ് ലഭിച്ചത്. 

മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ ട്രിപോഫോബിയ’ ഇമെജ് എന്ന ഫലമാണ് ലഭിച്ചത്. ക്രമരഹിതമായ പാറ്റേണുകൾ, ചെറിയ ദ്വാരങ്ങൾ അല്ലെങ്കിൽ പാലുണ്ണി എന്നിവ കൂട്ടംകൂട്ടമായി കാണുമ്പോള്‍ ഉണ്ടാകുന്ന  വെറുപ്പാണ് ട്രിപോഫോബിയ. ഇത് ഒരു മാനസിക വിഭ്രാന്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല, എന്നാൽ അമിതമായ ഭയവും അസ്വസ്ഥതയും  ഉണ്ടാക്കുന്ന  ഒരു പ്രത്യേക മാനസികാവസ്ഥ  എന്ന് നിർണ്ണയിക്കാം. ട്രിപ്പോഫോബിക് ഇമേജറിയോട് ആളുകൾക്ക് വെറുപ്പ് മാത്രമേ തോന്നൂ എന്നത് മറ്റൊരു കാര്യം. പോസ്റ്റിലെ ചിത്രം അത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഒന്നാണ്. ഇതിന്‍റെ കൌതുകകരമായ ഒരു വീഡിയോ താഴെ കാണാം.

archived link 

ഈ രണ്ടു കാര്യങ്ങളും സംയോജിപ്പിച്ച് ‘ചിത്രത്തില്‍ കാണുന്ന ജീവി കടിച്ചാല്‍ കൈകള്‍ ഇങ്ങനെ വികൃതമായി തീരും’ എന്ന നുണ പ്രചരണം നടത്തുകയാണ്. യാഥാര്‍ത്ഥ്യത്തിനെ വെല്ലുന്ന സ്പെഷ്യല്‍ ഇഫെക്റ്റ്  മേക്കപ്പുകള്‍ ഇവിടെ  കാണാം. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളെ പറ്റി ഞങ്ങളുടെ ഹിന്ദി, തമിഴ്, ശ്രീലങ്ക  ടീമുകള്‍ ഇതിനു മുമ്പ് വസ്തുത അന്വേഷണം നടത്തിയിരുന്നു. 

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ചിത്രത്തില്‍ കാണുന്ന ജീവി വാട്ടര്‍ ബാഗ് ആണ്. ഇത് കടിച്ചാല്‍ ഇങ്ങനെ ചര്‍മ രോഗം വരില്ല. ചിത്രത്തില്‍ കാണുന്ന വികൃതമാക്കിയ കൈകള്‍ മേക്കപ്പിലൂടെ ചെയ്തെടുത്തതാണ്.  കാലങ്ങളായി പ്രചരിക്കുന്ന ഒരു ഹോക്സ് മാത്രമാണിത്. 

Avatar

Title:ഈ ജീവിയെ തൊട്ടാല്‍ ഇതിന്‍റെ വൈറസ് മനുഷ്യരിലേയ്ക്ക് പടരുമോ..? സത്യം ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •