
വിവരണം
ഇന്ത്യയുടെ 72 മത് സ്വാതന്ത്ര്യ ദിനമാണ് ഇക്കഴിഞ്ഞ ദിവസം കടന്നു പോയത്. കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ലളിതമായാണ് ഡൽഹിയിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. സാധാരണ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് പ്രൗഢ ഗംഭീരമായി സംഘടിപ്പിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്ര തലവന്മാരെയോ പ്രഥമ പൗരനെയോ അതിഥിയായി ക്ഷണിക്കുക പതിവുണ്ട്. ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾ എല്ലാംതന്നെ ആശംസകളർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനം എല്ലാത്തിനെയും മാറ്റിമറിച്ചു.
ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം കഴിഞ്ഞപ്പോൾ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

ഗൾഫിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രസിദ്ധീകരിച്ച ഒന്നാം പേജും കേരളത്തിലെ പ്രമുഖ ദിനപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച കവര്‍ പേജും തമ്മിലുള്ള താരതമ്യമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഒപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: ഗല്‍ഫിലെ ഏറ്റവും പ്രമുഖ പത്രമായ ഖലീജ് ടൈംസ് ഭാരത്തത്തിന്റെ സ്വാതന്ത്ര്യദിന സ്പെഷ്യല്‍ ഇറക്കിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനി സ്വാതന്ത്ര്യദിനം അറിഞ്ഞതുപോലും ഇല്ല. ഓരോ രാജ്യസ്നേഹിയും കാണുക ഷെയര്‍ ചെയ്യുക.
എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണ്.
വസ്തുത ഇങ്ങനെയാണ്
ഞങ്ങള്‍ ആദ്യം ഫേസ്ബുക്കില്‍ ഈ പോസ്റ്റിനെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതേ ചിത്രം 2016 മുതല്‍ പ്രചരിക്കുന്നതാണ് എന്നു മനസ്സിലായി.

ഖലീജ് ടൈംസ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഖലീജ് ടൈംസ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒന്നാം പേജ് വ്യാജമായി സൃഷ്ടിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016 ലെ യുഎഇ സന്ദര്‍ശന വേളയില്‍ ഉള്ളതാണ് ചിത്രം.

ഈ ചിത്രം “എച്ച് എച്ച് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള ഫലവത്തായ കൂടിക്കാഴ്ച. ഇന്ത്യ-യുഎഇ സഹകരണത്തിനുള്ള വഴികൾ വളരെ വലുതാണ്” എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ പേജില്‍ 2016 ഫെബ്രുവരി 11 നു നല്‍കിയിട്ടുണ്ട്. ഖലീജ് ടൈംസ് 2020 ഓഗസ്റ്റ് 15 നു പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒന്നാം പേജ് താഴെ കൊടുക്കുന്നു

പ്രധാനമന്ത്രിയെ യുഎഇ സന്ദര്‍ശിച്ച വേളയിലും മറ്റും നിരവധി ചിത്രങ്ങളും വാര്‍ത്തകളും ഖലീജ് ടൈംസ് ഒന്നാം പേജില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രം അവര്‍ ഒന്നാം പേജില്‍ വാര്‍ത്ത സഹിതം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ഇത്തരത്തില്‍ ഒരു ചിത്രം ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ചു എന്നത് വ്യാജ വാര്‍ത്തയാണ്.
ദേശാഭിമാനി ദിനപത്രം 2020 ഓഗസ്റ്റ് 15 നു പ്രസിദ്ധീകരിച്ച ലക്കത്തിന്റെ ഒന്നാം പേജ് താഴെ കൊടുക്കുന്നു

ദേശാഭിമാനി ദിനപത്രം 2016 ഓഗസ്റ്റ് 15 നു പ്രസിദ്ധീകരിച്ച ലക്കം ഓണ്‍ലൈനില്‍ ലഭ്യമല്ല. അതിനാല്‍ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ഈ വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ 2016 മുതല്‍ നടക്കുന്നതാണ്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ 2016 മുതല്‍ നടക്കുന്ന വ്യാജ പ്രചരണം അതേ ചിത്രം തന്നെ ഉപയോഗിച്ച് ഇപ്പൊഴും തുടരുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ഖലീജ് ടൈംസ് ഇങ്ങനെ ഒന്നാം പേജ് പ്രസിദ്ധീകരിച്ചിട്ടില്ല.

Title:ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഖലീജ് ടൈംസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഒന്നാം പേജ് പ്രസിദ്ധീകരിച്ചു എന്ന പ്രചരണത്തിന്റെ സത്യം അറിയൂ
Fact Check By: Vasuki SResult: False
