തലയിൽ മെഴുകുതിരി കത്തിച്ച യുവാവിന്റെ ചിത്രം നൈജീരിയയിൽ നിന്നുള്ളതാണ്…

അന്തർദേശിയ൦ ദേശീയം

വിവരണം 

കോവിഡ് 19  ഭീതിയെ തുടർന്ന് ഇന്ത്യയിൽ കഴിഞ്ഞ മാർച്ച് 24  ന് ആരംഭിച്ച ലോക്ക് ഡൗണിനിടയിൽ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഏപ്രിൽ 9 ന് വൈദ്യുതി വിളക്കുകൾ അണച്ച് ദീപങ്ങളോ ടോർച്ച് ലൈറ്റോ മൊബൈൽ ടോർച്ചോ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം പ്രകാശിപ്പിച്ച് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്ന്  ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ഏറെപ്പേരും സാമൂഹിക മാധ്യമങ്ങളിൽ അവരവരുടെ ദീപങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. 

ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കൊറോണ ദീപം എന്ന അടിക്കുറിപ്പ് നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു വ്യക്തി ഏതാനും മെഴുകുതിരികൾ ഒന്നിച്ചു ചേർത്ത് തലയിൽ കത്തിച്ചു വച്ചിരിക്കുന്ന ചിത്രമാണുള്ളത്. 

archived linkFB post

മെഴുതിരി ഉരുകി അയാളുടെ തലയിലൂടെയും നെറ്റിയിലൂടെയും ഒലിച്ചിറങ്ങുന്നതു കാണാം. ചിത്രത്തിലെ വ്യക്തിയെയും സമീപത്തു നിൽക്കുന്ന ആളെയും സൂക്ഷിച്ചു നോക്കിയാൽ ഇവർ ഇന്ത്യൻ വംശജരല്ല എന്ന് എളുപ്പം മനസ്സിലാകും.

ഈ ചിത്രം പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം കത്തിച്ചു വച്ചതിന്‍റെതല്ല. നൈജീരിയയിൽ നിന്നുള്ള ഈ ചിത്രം കഴിഞ്ഞ കൊല്ലം മുതൽ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതാണ്. വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെ:

വസ്തുതാ വിശകലനം 

ഈ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് ചിത്രം ഏതു സന്ദർഭത്തിലേതാണെന്ന് വ്യക്തമായി. 2019 മാർച്ച് 19 ന് ബെസ്റ്റ് ന്യൂസ് ജിഎച്ച് പ്രസിദ്ധീകരിച്ച ഒരു വാർത്ത പ്രകാരം ഈ വ്യക്തി ഒരു സ്വവർഗാനുരാഗിയായിരുന്നു. ഇയാളിൽ നിന്നും ‘സ്വവർഗാനുരാഗത്തിന്‍റെ പിശാച്’ ഒഴിഞ്ഞു പോകാൻ ഒരു പള്ളിയിൽ നടത്തിയ ക്രീയയാണിത്.

withinnigeriaarchived link

വാർത്തയുടെ പരിഭാഷ ഇങ്ങനെ: 

 “ഒരു വ്യക്തിയുടെ തലയിൽ മെഴുകുതിരികൾ കത്തിച്ചതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലെ പള്ളിയുടെ നേർക്ക് പൊതുജന രോഷം ഉയർന്നു. 

ഈ വ്യക്തി താൻ സ്വവര്‍ഗാനുരാഗത്തിന് ഏറെ അടിപ്പെട്ട് പോയെന്നും ഈ അവസ്ഥയിൽ നിന്നും മറികടക്കുക പ്രയാസമാണെന്നും പാസ്റ്ററിനോട് കുമ്പസാരിച്ചു.  

സ്വവർഗരതി മനോഭാവത്തിൽ നിന്ന് എങ്ങനെയും മോചനം സംഘടിപ്പിക്കാനുള്ള സഭാ തീരുമാനത്തിലേക്ക് ഈ ഏറ്റുപറച്ചിൽ നയിച്ചതായി പറയപ്പെടുന്നു.

പ്രത്യേക മോചന ക്രീയയുടെ ഭാഗമായി ഇയാളുടെ തലയിൽ മെഴുകുതിരികൾ സ്ഥാപിക്കുകയും പാട്ടിനും പ്രാർത്ഥനയ്ക്കും ഇടയിൽ കത്തിക്കുകയും ചെയ്തു.

മോചന ക്രീയയുടെ ചിത്രം കണ്ട പൊതുജനങ്ങൾ സഭയെയും നേതൃത്വത്തെയും അപലപിച്ചു.  

സ്വവർഗരതിയുടെ ശീലമുള്ള  മനുഷ്യനെ മോചിപ്പിക്കുന്നതിൽ ഈ തന്ത്രം യഥാർത്ഥത്തിൽ വിജയിച്ചോ എന്ന് വ്യക്തമല്ല.”

ഈ ചിത്രം സംബന്ധിച്ച വാർത്ത നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഏകതാ ദീപവുമായി യാതൊരു ബന്ധവുമില്ല. 

നിഗമനം 

ഈ പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. ഇത് ഈ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഏകതാ ദീപവുമായി യാതൊരു ബന്ധവുമില്ല. നൈജീരിയയിൽ ഒരാളെ സ്വവർഗാനുരാഗ ചിന്തകളിൽ നിന്ന് മോചിപ്പിക്കാൻ ഒരു പള്ളിയിൽ ചെയ്യുന്ന പ്രക്രീയയുടെ ചിത്രമാണ്. ഇത് 2019 മാർച്ചിൽ ആയിരുന്നു. 

Avatar

Title:തലയിൽ മെഴുകുതിരി കത്തിച്ച യുവാവിന്റെ ചിത്രം നൈജീരിയയിൽ നിന്നുള്ളതാണ്…

Fact Check By: Vasuki S 

Result: False