തെരുവ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുടെ ഈ ചിത്രം ബംഗ്ലാദേശിലെതാണ്… ഇന്ത്യയിലെതല്ല…

അന്തര്‍ദേശീയ ദേശീയം സാമൂഹികം

വിവരണം

സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലാകുന്നതിന് വളരെക്കാലം മുമ്പ് തന്നെ തെരുവുകളിൽ ജീവിതം നയിക്കുന്ന ദരിദ്രരുടെ ചില ചിത്രങ്ങൾ പത്രമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന്‍റെ പേരിൽ അങ്ങനെയുള്ള ചില പ്രശ്നങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാക്കാൻ അധികാരികൾ മുൻകൈ എടുക്കുന്നതും നാം കണ്ടിട്ടുണ്ട്. 

സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലായതോടെ ഇത്തരത്തിലെ പല ചിത്രങ്ങളും വൈറലാക്കപ്പെട്ടു. എന്നാൽ ഇതിനിടയിൽ ചില രാഷ്ട്രീയ പകപോക്കലുകൾക്കായി ഇത്തരം ചില ചിത്രങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം നേപ്പാളിലെ ഒരു ചിത്രം ഉത്തരാഖണ്ഡിലേത് എന്ന വിവരണത്തോടെ പ്രചരിപ്പിച്ചിരുന്നു. അതേപ്പറ്റി ഞങ്ങളുടെ അന്വേഷണ ലേഖനം ഇവിടെ വായിക്കാം.

റോപ്പ് വേയെ ആശ്രയിച്ച് കുട്ടികള്‍ സ്കൂളില്‍ പോകുന്ന നേപ്പാളിലെ പഴയ ചിത്രം ഉത്തരാഖണ്ഡിലേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു

ഇത്തരത്തിലെ മറ്റൊരു ചിത്രത്തെ പറ്റിയാണ് ഈ അന്വേഷണ ലേഖനം.

archived linkFB post

കഷ്ടം,.. ഇന്ത്യൻ തെരുവ് കളിലെ കാഴ്ച്ച യാണിത്, ഇവിടെ യാണ് രാമന് വേണ്ടി ക്ഷേത്രം പണിയുന്നത്. എന്‍റെ നാടിനെ ഓർത്തു ഞാൻ തല താഴ്ത്തുന്നു എന്ന വിവരത്തോടെ പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന് ഇതുവരെ 6000 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ചിത്രം ഇന്ത്യയിലെതല്ല. 

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതാണെന്നും ബംഗ്ലാദേശിലെ യാചകരുടെ ഈ ഫോട്ടോയ്ക്ക് ഫൈസൽ അസിം എന്ന ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ക്ക് 2014 ലെ അറ്റ്കിൻസ് സിറ്റി സ്കേപ്പ് അവാർഡ് ലഭിച്ചു എന്നും അറിയിക്കുന്ന മാധ്യമ വാര്‍ത്തകള്‍ ലഭിച്ചു. ബ്രിട്ടണിലെ പ്രമുഖ മാധ്യമങ്ങളായ ഡെയിലി മെയില്‍ യു‌കെ യും ദി ഗാര്‍ഡിയനും ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെയിലി മെയില്‍ 2014 ജൂലൈ 10 നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

archived link 

“തെരുവ് ജീവിതം, 2014 ഒരു സർക്കാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ബംഗ്ലാദേശിലുടനീളമുള്ള ആകെ യാചകരുടെ എണ്ണം ഇപ്പോൾ 900,000 ൽ കൂടുതലാണ്. ജീവിക്കാനുള്ള അവകാശത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്ന് കരുതാം രാജ്യത്തെ യാചകരുടെ സാഹചര്യങ്ങൾ. ജീവിത സാഹചര്യങ്ങള്‍ ബംഗ്ലാദേശ് ഭരണഘടന മൗലികാവകാശങ്ങളായി ഉറപ്പുനൽകുന്നതാണ്. അഭയ കേന്ദ്രങ്ങളിൽ ആളുകൾക്കെതിരെ ശാരീരികവും മാനസികവും ലൈംഗിക പീഡനവും ആരോപിക്കപ്പെടുന്നു, ഭവനരഹിതരായ പലരും തെരുവിലിറങ്ങുകയും അവർക്ക് കഴിയുന്നത്ര അഭയം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫൈസല്‍ അസിം പകര്‍ത്തിയത്” – എന്ന വിവരണത്തോടെയാണ് ഗാര്‍ഡിയന്‍ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived link

മാത്രമല്ല, പരിസ്ഥിതിയുമായി ബന്ധപ്പെട്ട അവാര്‍ഡ് ചിത്രങ്ങളും മറ്റ് ജനശ്രദ്ധ നേടിയ ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ പ്രസ്തുത ചിത്രം ബംഗ്ലാദേശില്‍ നിന്നുള്ളതാണെന്നും അവാര്‍ഡ് നേടിയതാണെന്നുമുള്ള വിവരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പോസ്റ്റില്‍ ഇന്ത്യയില്‍ നിന്നുമുള്ള ചിത്രം എന്ന വിവരത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രം ബംഗ്ലാദേശില്‍ നിന്നുമുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്ത്യയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പോസ്റ്റിലെ ചിത്രം ബംഗ്ലാദേശിലെതാണ്. ഇന്ത്യയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ബംഗ്ലാദേശില്‍ നിന്നുതന്നെയുള്ള ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് 2014 ലെ അറ്റ്കിൻസ് സിറ്റി സ്കേപ്പ് അവാർഡ് ലഭിച്ചിരുന്നു.

Avatar

Title:തെരുവ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുടെ ഈ ചിത്രം ബംഗ്ലാദേശിലെതാണ്… ഇന്ത്യയിലെതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •