ചൈനയുടെ ഈ പാരാമിലിറ്ററി ഉദ്യോഗസ്ഥന് ഇപ്പോഴത്തെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

അന്തർദേശിയ൦

വിവരണം

ഇന്ത്യ ചൈന അതിർത്തിയായ ലഡാക്കിൽ ഗാൽവന്‍ താഴ്വരയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നീണ്ടുനിൽക്കുന്ന സംഘർഷത്തിൽപ്പെട്ട് ഇരു രാജ്യത്തും സൈനികർക്ക് ജീവഹാനി സംഭവിക്കുകയും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണ് ലഡാക്കില്‍ എന്നാണ്   മാധ്യമ വാർത്തകൾ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സൈനികർക്ക് ആത്മവിശ്വാസം പകരാൻ കഴിഞ്ഞദിവസം ലഡാക്ക് സന്ദർശിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാഥാർഥ്യവുമായി ബന്ധമില്ലാത്തവയുമുണ്ട്. അവയിൽ ചിലതിന്‍റെ വസ്തുത അന്വേഷണം ഞങ്ങൾ നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

നിറകണ്ണുകളുമായി നിൽക്കുന്ന ഒരു ചൈനീസ് സൈനികന്‍റെ ചിത്രം ഇക്കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

archived linkFB post

ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: 

ഒരു ചൈനീസ് സൈനികന്റെ ദുഃഖം:

ഇത് ജിയാങ്ങ് ലീ
ചൈനീസ് പട്ടാളക്കാരൻ.
ഇപ്പോൾ ഇന്ത്യക്കെതിരെ ലഡാക്ക് അതിർത്തിയിൽ ജോലി.
കഴിഞ്ഞ മാസം അവൻ്റെ നൂറിലധികം സഹപ്രവർത്തകരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇന്ത്യൻ സൈനികർ കൊന്ന് തള്ളി.
ഒന്ന് പ്രത്യാക്രമണം നടത്താൻ പോലും പറ്റാതെ നിമിഷ നേരം കൊണ്ടായിരുന്നു അവരുടെ കഴുത്തൊടിച്ചു കൊന്നത്.
കൊല്ലപ്പെട്ടവരിൽ ലീയുടെ സഹോദരനും ഉണ്ടായിരുന്നു.
പക്ഷേ അതിർത്തിയിൽ നടത്തിയ ചതിക്ക് കിട്ടിയ തിരിച്ചടി ആയതിനാൽ ചൈനീസ് ഭരണ കൂടം ആ സൈനികരുടെ പേരും പോലും പുറത്തു വിട്ടില്ല.
അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്നാണ് ലീയുടെ രാജ്യം ലോകത്തോട് പറയുന്നത്.
സ്വന്തം രാജ്യത്തിൻറെ താല്പര്യം സംരക്ഷിക്കാൻ പോരാടിയ സഹോദരന്റെയും സഹ സൈനികരുടെയും വീരചരമം അംഗീകരിക്കാൻ അവൻ്റെ രാജ്യം വിസമ്മതിച്ചപ്പോൾ അവൻ്റെ മനസ്സ് തേങ്ങി. ചൈനയിലെ മാധ്യമങ്ങൾ ഒന്നും തന്നെ ഇങ്ങനെ ഒന്ന് നടന്നതായി പോലും വാർത്ത കൊടുത്തിട്ടില്ല.

പക്ഷേ അവനറിഞ്ഞു, ഭാരതം തങ്ങളുടെ വീരചരമമടഞ്ഞ സൈനികരെ ബഹുമാനിച്ച രീതി. അവരുടെ വീരകഥ മാധ്യമങ്ങൾ വാഴ്ത്തി പാടിയത്, അവരുടെ മൃതശരീരം പൂർണ്ണ ബഹുമതികളോടെ അടക്കം ചെയ്യപ്പെട്ടത്, അവരുടെ ആർമി ചീഫ് പരിക്കേറ്റ സൈനികരെ നേരിട്ടെത്തി ആശ്വസിപ്പിക്കുന്നത്!
ഇപ്പോഴിതാ അവരുടെ പ്രധാനമന്ത്രിയും അതിർത്തിയിലെത്തി അവരുടെ മനോവീര്യം വർദ്ധിപ്പിച്ചത്.

ജിയാങ്ങ് ലി യുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നാളെ തൻ്റെ ഗതിയും ഇതാവും.
വർദ്ധിച്ച വീര്യത്തോടെ ഇന്ത്യൻ സൈനികർ സിംഹങ്ങളെ പോലെ തന്നെ കടിച്ചു കുടയുമ്പോൾ..
മരണപ്പെട്ടാൽ..
മഞ്ഞു മൂടിയ മലനിരകളിൽ വലിച്ചെറിയപ്പെടും തന്റെയും ശരീരം.
ലീയുടെ കണ്ണ് നീർ ഒറ്റപ്പെട്ടതല്ല.
ലക്ഷക്കണക്കിന് ചൈനീസ് സൈനികരുടെ കണ്ണ് നീരാണ്.

എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ചൈനയിൽ ഇപ്പോൾ നടക്കുന്ന സംഘർഷവുമായി ഈ ചിത്രത്തിനു ഈ വിവരണത്തിന് യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. 

യാഥാർത്ഥ്യം ഇങ്ങനെയാണ്

ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഏകദേശം 2010 മുതൽ ഇൻറർനെറ്റിൽ പ്രചരിക്കുന്ന ചിത്രമാണിത് എന്ന് കണ്ടെത്തി. “ഹൃദയത്തെ തൊടുന്ന ചിത്രങ്ങളുടെ” പട്ടികയിലും മറ്റു മിക്കവാറും എല്ലാ വെബ്സൈറ്റുകളും ഈ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹഫിങ്ടൺ പോസ്റ്റ് ഈ ചിത്രത്തിന് പ്രസിദ്ധീകരിച്ചിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്. 

സെജിയാങ് പ്രവിശ്യയിൽ സേവനം ആരംഭിക്കുന്നതിനായി അയച്ച ഒരു ചൈനീസ് അർദ്ധസൈനിക പോലീസ് ഉദ്യോഗസ്ഥന്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന ചിത്രം.  2010 ഡിസംബർ 12 ന് പകര്‍ത്തിയത്

ചിലപ്പോഴൊക്കെ കാര്യങ്ങൾ നമുക്ക് കൈകാര്യം ചെയ്യുന്നതിലും അപ്പുറമാണ് എന്ന തലക്കെട്ടിലാണ് ഹഫിങ്ടൺ പോസ്റ്റ് 2013  ഒക്ടോബർ 29 ആം തീയതി ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

archived link

ഇതുകൂടാതെ വിചിത്രങ്ങളായ പലചിത്രങ്ങളും ലേഖനത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ ഈ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന ചില വെബ്സൈറ്റുകൾ ലിങ്ക് തുറന്നാൽ കാണാനാകും.  

ചൈന ചൈനയുടെ പാരാമിലിറ്ററി സർവീസിൽ പെട്ട ഉദ്യോഗസ്ഥന്‍റെതാണ് ചിത്രം. എന്നാൽ ചൈന-ഇന്ത്യ അതിർത്തിയിൽ നിലവില്‍ നടക്കുന്ന സംഘർഷവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

ചിത്രത്തിന്‍റെ യാഥാർത്ഥ്യമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥന്‍റെ പേര് ചിത്രം പ്രസിദ്ധീകരിക്കപ്പെട്ട വെബ്സൈറ്റുകളിൽ ഒന്നും നൽകിയിട്ടില്ല അതുകൊണ്ട് പേര് കണ്ടെത്താനായിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം പൂർണമായും തെറ്റാണ്.  ഇപ്പോൾ ഇന്ത്യ ചൈന അതിർത്തിയിൽ നടക്കുന്ന സംഘർഷത്തിൽ ദുഃഖ ഭരിതനായി കണ്ണ് നിറഞ്ഞു നിൽക്കുന്ന ചൈനീസ് സൈനികനാണിത് എന്ന് നല്കിയിരിക്കുന്ന വിവരണം തെറ്റാണ്. ചൈനീസ് പാരാമിലിറ്ററി സര്‍വീസിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ്   കണ്ണുനീർ വാർക്കുന്നതിന്‍റെ ചിത്രമാണ്. 2010 മുതൽ ഇൻറർനെറ്റിൽ പ്രചരിക്കുന്നതാണിത്.  

Avatar

Title:ചൈനയുടെ ഈ പാരാമിലിറ്ററി ഉദ്യോഗസ്ഥന് ഇപ്പോഴത്തെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •