
വിവരണം
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്ന പ്രതിഷേധം ഡല്‍ഹിയിലെ ജെ എന്‍ യു കാമ്പസില്‍ അതി ശക്തമാവുകയും സംഘര്‍ഷതിലെത്തുകയും ചെയ്ത വാര്‍ത്തകള്‍ നാം അറിഞ്ഞിരുന്നു. പ്രശസ്ത ബോളിവുഡ് സിനിമാതാരം ദീപിക പദുക്കോണ്‍ ഇവിടെ പ്രക്ഷോഭകരെ സന്ദര്‍ശിച്ചിരുന്നു. ഇതേചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ നടന്നു.
സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപെട്ട് നാര്‍ക്കോട്ടിക് വിഭാഗം രണ്ടു ദിവസം മുമ്പ് ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാന്‍ ക്ഷണിച്ചിരുന്നു. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ദീപിക പദുക്കോണ്‍ I STAND WITH INDIAN FARMERS എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചുകൊണ്ട് നടക്കുന്ന ഒരു ചിത്രമാണ് പോസ്റ്റില്‍ ഉള്ളത്.

പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്:
കർഷകരുടെ ബന്ദ് നടന്ന ദിവസം തന്നെ ദീപിക പദുകോണിനെ ചോദ്യം ചെയ്യാൻ വിളിപ്പച്ചപ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…
മാധ്യമങ്ങളിൽ കർഷകരുടെ ശബ്ദം മുക്കിക്കളയണം.
പക്ഷെ ദീപിക പൊളിച്ചു കയ്യിൽ കൊടുത്തു..
അന്നത്തെ ആ നിൽപിനോളം പോന്നതാണ് ഇന്നത്തെ ഈ ടീ ഷർട്ട്.
ദീപിക ❤️
പോസ്റ്റില്‍ അവകാശപ്പെടുന്നത് ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കര്‍ഷക ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവര്‍ I STAND WITH INDIAN FARMERS എന്ന് ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലേയ്ക്ക് പോയത് എന്നാണ്. എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും ആദ്യമേ തന്നെ അറിയിക്കട്ടെ.
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് 2018 ല്‍ ഇന്ത്യന്‍ എക്സ് പ്രസ്സ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ കാണാന്‍ സാധിച്ചു.

2018 മാര്‍ച്ച് 20 ന് സെലിബ്രിറ്റി സ്പോട്ടിംഗ് എന്ന തലക്കെട്ടിലാണ് മറ്റ് സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രം നല്‍കിയിട്ടുള്ളത്. എന്നാല്‍ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടില്‍ I STAND WITH INDIAN FARMERS എന്ന വാചകം എഴുതിയിട്ടില്ല. ഇതേ ചിത്രത്തില്‍ പ്രസ്തുത വാചകങ്ങള്‍ എഴുതി ചേര്‍ത്ത ശേഷം ഇത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്.
യഥാര്‍ത്ഥ ചിത്രവും വ്യാജ ചിത്രവും താഴെ കൊടുക്കുന്നു. ടീ ഷര്‍ട്ടിലെ വാചകങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് എളുപ്പം മനസ്സിലാകും.

പോസ്റ്റില്‍ ദീപിക പദുക്കോണിന്‍റെ എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പൂര്‍ണ്ണമായും തെറ്റായ വിവരമാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ദീപിക പദുക്കോണിന്‍റെ പഴയ ചിത്രമാണ്. ഇത് എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്.

Title:FACT CHECK-ദീപിക പദുക്കോണിന്‍റെ പഴയ ചിത്രം എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു
Fact Check By: Vasuki SResult: Altered
