
വിവരണം
ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം ഒത്തു തീര്‍പ്പാകാനായി സര്‍ക്കാരും സമര നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ ആയിട്ടില്ല. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചില വ്യാജ പ്രചാരണങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയും ലേഖന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
പഴയ ഒരു ചിത്രം ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന ഒരു പ്രചാരണത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ആളുകളോടൊപ്പം നിന്ന് മനോഹരമായി അലങ്കരിച്ച ഒരു മുറിക്കുള്ളില്‍ തയ്യാറാക്കിയ കുഴിയില്‍ വൃക്ഷത്തൈ നടുന്ന ദൃശ്യത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: “കർഷക സമരത്തെ നേരിടാൻ മോദിയുടെ നൂതന കൃഷി വിദ്യ എയർ കണ്ടീഷൻ റൂമിൽ വൃക്ഷത്തൈ നട്ട്കൊണ്ട് മോഡി നിർവഹിച്ചു കുറേ കോപ്പന്മാർ നോക്കി കയ്യടിക്കാനും സംഘികൾക്ക് ബുദ്ധി വരുന്ന ദിവസം ലോകാവസാനമായിരിക്കും.”
അതായത് പ്രധാനമന്ത്രി കര്‍ഷക സമരത്തെ നേരിടാന്‍ യാര്‍ കണ്ടീഷന്‍ മുറിയില്‍ വൃക്ഷത്തൈ നടുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചിത്രം പഴയതാണ് എന്നും വൃക്ഷത്തൈ നടുന്നത് എയര്‍ കണ്ടീഷന്‍ മുറിയിലല്ല എന്നും ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി.
വിശദാംശങ്ങള്‍ ഇങ്ങനെ
ഫേസ്ബുക്കില്‍ സമാന പോസ്റ്റുകള്‍ നിരവധിപ്പേര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം 2018 ല്‍ തമിഴ് നാട്ടില്‍ നടന്ന ഒരു ചടങ്ങില്‍ നിന്നുമുള്ളതാണ് എന്ന് മനസ്സിലായി. പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറൊയുടെ ആര്‍ക്കൈവ്സിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും വാര്‍ത്ത ചിത്രങ്ങള്‍ സഹിതം നല്‍കിയിട്ടുണ്ട്.
I congratulate the people and Government of Tamil Nadu for the effort of planting 70 lakh trees across the state. This will contribute to a cleaner and greener Tamil Nadu. @CMOTamilNadu @OfficeOfOPS pic.twitter.com/4yOsyYBxTb
— Narendra Modi (@narendramodi) February 24, 2018
അതില്‍ ഒരു ചിത്രം ഇത് ഒരു തുറന്ന സദസ്സാണ് എന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ്.
“2018 ഫെബ്രുവരി 24 ന് ചെന്നൈയിലെ കലൈവനാർ അരംഗത്തിൽ വിപുലമായ വൃക്ഷത്തൈ നടീൽ പദ്ധതിയുടെ തുടക്കമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൈ നടുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എടപ്പാടി കെ. പളനിസ്വാമി, ധനമന്ത്രി ശ്രീ പി. രാധാകൃഷ്ണൻ, ഉപ മുഖ്യമന്ത്രി ശ്രീ ഒ. പന്നീർസെൽവം, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ കാണാം” എന്ന വിവരണത്തോടെയാണ് ട്വിട്ടറില്‍ ചിത്രം നല്‍കിയിട്ടുള്ളത്.
എഎന്‍ഐ ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വീഡിയോ കണ്ടാല്‍ ഇത് ഒരു എയര്‍ കണ്ടീഷന്‍ മുറി അല്ലെന്നും പൊതുവേദിയിലെ പന്തല്‍ ആണെന്നും വ്യക്തമായി മനസ്സിലാകും.
തമിഴ് മാധ്യമങ്ങള്‍ ഇക്കാര്യം അന്ന് വാര്‍ത്താ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.
2018 ല്‍ ചെന്നൈയില്‍ സംഘടിപ്പിച്ച വിപുല വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിക്കുന്ന വേളയിലെ ചിത്രമാണിത്. ചടങ്ങ് സംഘടിപ്പിച്ച വേദിയുടെ കവാടത്തിന് സമീപത്താണ് വൃക്ഷത്തൈ നട്ടത്. തുറന്ന വേദിയാണിത്. അടച്ചുപൂട്ടിയ എയര്‍ കണ്ടീഷന്‍ മുറിയാണെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിട്ടുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ചിത്രം 2018 ല്‍ ചെന്നൈയില്‍ നടന്ന വിപുല വൃക്ഷത്തൈ നടല്‍ ചടങ്ങിന്റെ ഉത്ഘാടന വേളയിലെതാണ്. ഇപ്പോഴത്തെതല്ല. പ്രധാനമന്ത്രി വൃക്ഷത്തൈ നടുന്നത് ചടങ്ങിനായി സംഘടിപ്പിച്ച വേദിയിലെ പന്തലിനുള്ളിലാണ്. ചിത്രം പകര്‍ത്തിയ ആങ്കിളില്‍ ഇത് അടച്ച മുറിയാണ് എന്ന പ്രതീതി തോന്നിക്കുന്നു എന്ന് മാത്രമേയുള്ളൂ.

Title:പ്രധാനമന്ത്രി വൃക്ഷത്തൈ നടുന്നത് എയര്‍ കണ്ടീഷന്‍ മുറിയിലല്ല…
Fact Check By: Vasuki SResult: False
