
വിവരണം
ഇന്ത്യ ചൈന അതിർത്തിയിൽ സേനാംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ചതും ചൈനയുടെ 43 ജവാൻമാർക്ക് ജീവഹാനി ഉണ്ടായതും ഇപ്പോഴും അവിടെ സംഘർഷാവസ്ഥ തുടരുകയാണ് എന്നതും നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇപ്പോഴും സേന കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചൈന ഇന്ത്യക്ക് നേരെ പ്രകോപനപരമായ സമീപനം തുടരുകയാണ് എന്നും ഏറ്റവും പുതിയ വാർത്തകൾ അറിയിക്കുന്നു.
ഇതിനിടെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങളും വീഡിയോയും കിഴക്കൻ ലഡാക്ക് അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. കൂടാതെ യുദ്ധ മുഖത്തേത് എന്ന മട്ടിലെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
എന്നാൽ അവയില്‍ ചിലതിന് ഇപ്പോഴത്തെ ഈ സംഘർഷവുമായി യാതൊരു ബന്ധവുമില്ലാത്ത വഴിയും ഉണ്ടെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഞങ്ങൾ അന്വേഷണം നടത്തിയ രണ്ട് റിപ്പോർട്ടുകൾ താഴെയുള്ള ലിങ്ക് തുറന്നു വായിക്കാം.
ഇപ്പോഴിതാ മറ്റൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദേശീയ പതാക പുതപ്പിച്ച് ഔദ്യോഗിക ആദരവുകള്‍ നല്‍കി നിരത്തി വെച്ചിരിക്കുന്ന ജവാന്മാരുടെ ഭൌതിക ശരീരങ്ങള്‍ അടങ്ങിയ പെട്ടികളുടെ ചിത്രമാണിത്.

ലഡാക്ക് അതിർത്തിയിൽ മരിച്ച ഇന്ത്യൻ ജവാന്മാരുടെ ചിത്രമാണിത് എന്ന മട്ടിലാണ് പ്രചരണം. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ചിത്രം ഉപയോഗിച്ചിരിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിലെ ഭൌതിക ശരീരങ്ങള്‍ ലഡാക്കിൽ ഇപ്പോള്‍ നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ജവാൻമാരുടെതല്ല. ഇത് കഴിഞ്ഞ വര്‍ഷത്തെ ചിത്രമാണ്.
വസ്തുത ഇങ്ങനെയാണ്
ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചിത്രം സംബന്ധിച്ച ചില വാർത്തകൾ ലഭിച്ചു. റെഡിറ്റ് എന്ന മാധ്യമം 2019 ഫെബ്രുവരി 16ന് ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ ജവാന്മാരുടെ ഭൗതിക ശരീരങ്ങൾ സംസ്ക്കാരത്തിനായി ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്ന വേളയിലെ ചിത്രം എന്ന വിവരണത്തോടെയാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ജമ്മു കാശ്മീർ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിരവധി ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അപ്രതീക്ഷിത ബോംബ് സ്ഫോടനത്തില്‍ ജവാന്‍മാരുടെ പലരുടേയും ശരീരങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറി പോയിരുന്നു. ജന്മ നാട്ടിലേയ്ക്ക് അവരുടെ ഭൌതിക ശരീരങ്ങള്‍ വഹിച്ച വ്യോമയാനത്തിന്‍റെ ചിത്രമാണിത്.
ഇതേ ചിത്രം ഇന്‍ഡ്യന്‍ ആര്‍മിയുടെ ആരാധകരുടെ ഒരു ഫേസ്ബുക്ക് പേജില്‍ 2019 ഫെബ്രുവരി 17 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ചിത്രത്തിന് കിഴക്കൻ ലഡാക്കിൽ ഇപ്പോൾ ഉണ്ടായ സംഘർഷവുമായി യാതൊരു ബന്ധവുമില്ല. പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കളുടെ ഭൗതിക ശരീരങ്ങൾ അവരവരുടെ ജന്മ നാട്ടിലേക്ക് കൊണ്ടു പോകുന്ന വേളയിലെ ചിത്രം ഇപ്പോഴത്തെ ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ഈ ചിത്രം കിഴക്കൻ ലഡാക്കിൽ ചൈന ഇന്ത്യ അതിർത്തി സംഘർഷത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ ഭൗതിക ശരീരങ്ങളുടേതല്ല. പുൽവാമയിൽ 2019 ഫെബ്രുവരി മാസം ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ജവാൻമാരുടെ ഭൗതിക ശരീരങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്ന വേളയിലെതാണ് ചിത്രം.

Title:ഈ ഭൌതിക ശരീരങ്ങള്‍ ലഡാക്കിൽ കഴിഞ്ഞ ദിവസം ജീവൻ ബലിയർപ്പിച്ച ധീര യോദ്ധാക്കളുടെതല്ല…
Fact Check By: Vasuki SResult: False
