ഈ ചിത്രം ലോക്ക് ഡൗൺ മൂലം പലായനം ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്ത കുടുംബത്തിന്‍റേതല്ല..

Coronavirus സാമൂഹികം

വിവരണം 

കോവിഡ് 19 നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ പ്രതിരോധ മാർഗമെന്നോണം ലോക്ക്ഡൗൺ നീട്ടിക്കൊണ്ടു പോവുകയാണ്. ലോക്ക്ഡൗൺ മൂലം ഏറെ കഷ്ടത്തിലായത് അന്യ സംസ്ഥാനങ്ങളിൽ നിന്നും പണിയെടുക്കാനായി മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിയ തൊഴിലാളികളാണ്. പലരും കുടുംബ സമേതമാണ് ജോലി സ്ഥലങ്ങളില്‍ കഴിഞ്ഞു പോന്നിരുന്നത്. ജോലിയും താമസവും നഷ്ടപ്പെട്ട ഇവർക്ക് സ്വന്തം സ്ഥലത്തേയ്ക്ക് തിരികെ പോകാൻ ഗതാഗത സൗകര്യമില്ലാതെ പലരും കാൽനടയായി കാതങ്ങൾ താണ്ടാൻ തീരുമാനിച്ചു. ഇങ്ങനെ പലായനം ചെയ്യുന്ന തൊഴിലാളികളുടെ കദന കഥകൾ ദിവസവും മാധ്യമ വാർത്തയാകുന്നുണ്ട്. ഒപ്പം ഇവരുടെ പേരിൽ നിരവധി വ്യാജപ്രചാരണങ്ങളും വാർത്തകളായി നമ്മുടെ മുന്നിലെത്തുന്നുണ്ട്. 

അത്തരത്തിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രവും വാർത്തയുമാണ് ഇവിടെ നൽകിയിരിക്കുന്നത്. 

Facebook Link  | Archived Link

“നടന്നു നടന്നു കൈകാലുകൾ കുഴഞ്ഞു ഈ ജീവിത യാത്ര അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചു.. കൊറോണയെക്കാൾ വേദനിപ്പിക്കുന്നത് ഇത് പോലുള്ള വാർത്തകളും ചിത്രങ്ങളും ആണ്.. അറിഞ്ഞതിലും കൂടുതലാണ് സാധാരണ ഇന്ത്യൻ ജനതയുടെ ദുരിതജീവിതം.. കൊറോണ മരണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിൽ പാലായനങ്ങൾക്കു ഇടയിൽ കൊല്ലപെടുന്നവരുടെ എണ്ണം അപകടമരണങ്ങളും ആത്മഹത്യകളും അനസ്യുതം തുടരുകയാണ്.. നമോ ഇന്ത്യയിൽ” എന്ന അടിക്കുറിപ്പോടെ അതിദാരുണമായ ഒരു ചിത്രമാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേർ ഇതേ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വച്ചിരുന്നു.

എന്നാൽ ഈ ചിത്രത്തിന് നിലവിലെ ലോക്ക്ഡൗണുമായോ അതിഥി തൊഴിലാളികളുടെ പലായനവുമായോ യാതൊരു ബന്ധവുമില്ല. സത്യമെന്താണെന്ന് താഴെ കൊടുക്കുന്നു 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട ചില വാർത്തകൾ ലഭിച്ചു. ഇതേ ചിത്രം ഉപയോഗിച്ച ഒരു വീഡിയോ യൂട്യൂബിൽ നിന്നും ലഭിച്ചു. ചിത്രത്തോടൊപ്പം ദുഃഖഭരിതമായ ഗാനങ്ങൾ ചേർത്തിരിക്കുന്ന ഈ വീഡിയോയിലെ വിവരണത്തിൽ ലോക്ക്ഡൗൺ മൂലം പലായനം ചെയ്ത കുടുംബം ആത്മഹത്യ ചെയ്തതിന്‍റെതാണ് എന്ന യാതൊരു സൂചനകളുമില്ല. 

archived link

തുടർന്ന് ഞങ്ങൾ കീ വേർഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോൾ നാഗ്പുർ ടുഡേ എന്ന മാധ്യമം സമാനമായ ചിത്രം ഉപയോഗിച്ച് പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. “മഹാരാഷ്ട്രയിലെ വാർദ്ധയിൽ മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ ഒരു സ്ത്രീ-പുരുഷന്മാരുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. മരണകാരണം പോലീസ് അന്വേഷിച്ചു വരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.” ഇതാണ് വാർത്തയുടെ വിവരണത്തില്‍ ഉള്ളത്. ഈ വാര്‍ത്തയുടെ കൂടുതല്‍ വിവരങള്‍ ലഭ്യമല്ല. 

archived link

2018 ജൂൺ മാസം പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് നിലവിലെ ലോക്ക്ഡൗണുമായി യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ചിത്രം 2018 ജൂൺ മാസം മഹാരാഷ്ട്രയിലെ വാർദ്ധ ജില്ലയിൽ കുടുംബ പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ കുടുംബത്തിന്‍റെതാണ്. ചിത്രത്തിന് ലോക്ക്ഡൗണുമായോ അതിഥി തൊഴിലാളികളുടെ പലായനവുമായോ യാതൊരു ബന്ധവുമില്ല.

ഏതാനും വസ്തുതാ അന്വേഷണ വെബ്സൈറ്റുകള്‍ ഇതേ ചിത്രത്തെ പറ്റി അന്വേഷണം നടത്തിയിരുന്നു. എല്ലാവരും ഈ വാര്‍ത്ത തെറ്റാണ് എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. ഞങ്ങളുടെ തമിഴ് ടീം നടത്തിയ വസ്തുതാ അന്വേഷണത്തിന്‍റെ ലേഖനം ഇവിടെ വായിക്കാം. 

Avatar

Title:ഈ ചിത്രം ലോക്ക് ഡൗൺ മൂലം പലായനം ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്ത കുടുംബത്തിന്‍റേതല്ല..

Fact Check By: Vasuki S 

Result: False