
വിവരണം
Vijay Vj എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ
എന്ന ഗ്രൂപ്പിലേയ്ക്ക് 2020 ജനുവരി 5 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കാട്ടുതീയിൽപ്പെട്ട ഓസ്ട്രേലിയയിൽ നിന്നുള്ളൊരു ദൃശ്യം… തികച്ചും മനസ്സലിയിപ്പിക്കുന്ന കാഴ്ച….
എത്രയും പെട്ടെന്ന് തീ അണയട്ടെയെന്നു
സർവ്വേശ്വരനോട് നമുക്ക് പ്രാർഥിക്കാം…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ളത് ഏതൊരാളിന്‍റെയും മനസ്സില്‍ തട്ടുന്ന തരത്തിൽ രണ്ടു കങ്കാരുക്കൾ പരസ്പരം പുണർന്നിരിക്കുന്ന ചിത്രമാണ്.
archived link | FB post |
ഓസ്‌ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ച് മനുഷ്യരും സസ്യ ജന്തു ജീവജാലങ്ങളും വൻതോതിൽ ഉന്മൂലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. ആമസോൺ കാടുകളിൽ കഴിഞ്ഞ ജൂണ്‍ ജൂലൈ മാസങ്ങളില്‍ കാട്ടുതീ പടർന്നു പിടിച്ചപ്പോൾ ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു. അവയിൽ പലതും വ്യാജ ചിത്രങ്ങളായിരുന്നു എന്ന് ഞങ്ങള്‍ വസ്തുതാ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വെബ്സൈറ്റില്‍ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെര്‍ച്ച് ബോക്സില്‍ ആമസോണ്‍ എന്ന് നല്കിയാല്‍ ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിക്കാന്‍ സാധിക്കും.
ഈ ചിത്രം ഓസ്‌ട്രേലിയയിൽ ഇപ്പോൾ പടർന്നു പിടിച്ചിട്ടുള്ള കാട്ടുതീയുടേതാണോ അതോ മറ്റെവിടെ നിന്നെങ്കിലും ഉള്ളതാണോ …? നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി നോക്കിയപ്പോൾ ചിത്രം ഓസ്‌ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ നിന്നും ചിത്രീകരിച്ചതല്ല ഇത് എന്ന് വ്യക്തമായി. കാരണം ഫ്രം ദി ഹാർട്ട്: 2009 വിക്ടോറിയൻ ബുഷ്ഫയർസ് എന്ന പ്രദർശനത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ചിത്രം പകർപ്പവകാശ വിവരങ്ങൾ ഉൾപ്പെടെ വച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രദര്‍ശനം ഓസ്ട്രേലിയയില്‍ നടക്കുന്നതാണ്. 2009 ലെ വിക്ടോറിയന്‍ ബുഷ്ഫയറിനെ അനുസ്മരിച്ച് നടത്തുന്നതാണ് പ്രദര്‍ശനം.

archived link | museum victoria |
വെബ്സൈറ്റില്‍ നല്കിയിരിക്കുന്ന വിവരണത്തിന്‍റെ പരിഭാഷ താഴെ കൊടുക്കുന്നു
“2019 ഫെബ്രുവരി 5 മുതൽ 12 മെയ് വരെ മെൽബൺ മ്യൂസിയത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള താൽക്കാലിക എക്സിബിഷൻ സ്ഥലത്ത് സംഘടിപ്പിച്ച ഒരു പ്രദര്‍ശനമാണ് ‘ഫ്രം ദി ഹാർട്ട്: 2009 വിക്ടോറിയൻ ബുഷ്ഫയർസ്‘. പരിസ്ഥിതി, ഭൂമി, ജലം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രദര്‍ശനം. പരിപാടിയുടെ സംഘാടകര്‍ വിക്ടോറിയ മ്യൂസിയവും പരിസ്ഥിതി-ജല-ഭൂമി ആസൂത്രണ ബോര്‍ഡും (DELWP) ഒത്തുചേര്‍ന്നാണ്.
പ്രദര്‍ശനത്തില്‍ DELWP- യുടെ ഫോട്ടോഗ്രാഫുകളും വിക്ടോറിയൻ ബുഷ്ഫയർ ശേഖരത്തിൽ നിന്നുള്ള വസ്തുക്കളും ചിത്രങ്ങളും സാമൂദായികമായ വീണ്ടെടുക്കൽ കഥകളും ഉൾപ്പെടുന്നു,. സന്ദർശകർക്ക് അവരുടെ സ്വന്തം അഭിപ്രായങ്ങൾ പോസ്റ്റുചെയ്യാനും സന്ദേശങ്ങൾ നൽകി പിന്തുണയ്ക്കാനും ഒരു അനുസ്മരണ വൃക്ഷം പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഗാലറിക്കുള്ളിലെ ഒരു പോർട്ടൽ വഴിയും മ്യൂസിയത്തിലെ ‘ക്യൂരിയസ്’ വിവര കേന്ദ്രത്തിലെ ഒരു ചെറിയ പോർട്ടൽ വഴിയും ഒരു മിനി ഡിജിറ്റൽ എക്സിബിഷൻ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയും.”
ഇതേ ചിത്രം ചില വെബ്‌സൈറ്റുകളിൽ പ്രതീകാത്മക ചിത്രമായി ഉപയോഗിച്ചിട്ടുണ്ട്.
archived link | bigfooty |
ഈ ചിത്രം ഉപയോഗിച്ച പ്രദർശനം സംഘടിപ്പിച്ചത് 2019 ഫെബ്രുവരി 5 മുതൽ 12 വരെ തിയ്യതികളിലായിരുന്നു. ഓസ്‌ട്രേലിയയിൽ കാട്ടുതീ ആരംഭിച്ചത് 2020 ജനുവരി 4 -5 തിയതികളിലാണ്. അതായത് പോസ്റ്റിലെ ചിത്രം ഓസ്‌ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ നിന്നുള്ളതല്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ഈ ചിത്രം ഓസ്‌ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ നിന്നുള്ളതല്ല. 2019 ഫെബ്രുവരിയിൽ ‘ഫ്രം ദി ഹാർട്ട്: 2009 വിക്ടോറിയൻ ബുഷ്ഫയർസ്’.എന്ന പാരിസ്ഥിതിക എക്‌സിബിഷനിൽ പ്രദർശിപ്പിച്ച ചിത്രമാണിത്. ഓസ്‌ട്രേലിയയിൽ ഇപ്പോൾ പടർന്നു പിടിച്ച കാട്ടുതീയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

Title:മനസ്സില്‍ തൊടുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ നിന്നുമുള്ളതാണോ…?
Fact Check By: Vasuki SResult: False
