FACT CHECK: റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചതിന് നിതിൻ ഗഡ്കരിയെ പുകഴ്ത്തി സംസാരിച്ച പഴയ വാർത്ത ഉപയോഗിച്ച് ജി. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് സൂചനയെന്ന് വ്യാജ പ്രചാരണം നടത്തുന്നു

ദേശീയം രാഷ്ട്രീയം

പ്രചരണം 

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ബിജെപിയിലേക്ക് പോകാൻ സാധ്യത എന്ന മട്ടിൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തവണ ജി സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പില്‍  മത്സരിച്ചിരുന്നില്ല അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയാണ് സിപിഎം ടിക്കറ്റിൽ നിന്നത്.  

മനോരമ ഓൺലൈൻ പതിപ്പ്  പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ടുമായി ഇപ്പോൾ മന്ത്രി ജി സുധാകരനുമായി ബന്ധപ്പെട്ട ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്നത് ഇങ്ങനെയാണ്: ജി.സുധാകരൻ ബിജെപിയിലേക്കോ? നിതിൻ ഗഡ്കരിയും ജി സുധാകരനും തമ്മിൽ നല്ല ബന്ധമാണ്. അതു വഴിയാണ് ഇപ്പോൾ സുധാകരന്റെ ബിജെപി പ്രവേശനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. പിണറായി സുധാകരനെ ഒതുക്കാൻ വേണ്ടിയാണ് അമ്പലപ്പുഴയിലെ സീറ്റ് വെട്ടിയത്. പിണറായി ഉള്ളിടത്തോളം ഒരു ഭാവി സിപിഎമ്മിൽ സുധാകരന് ഉണ്ടാവില്ല. അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം. അമ്പലപ്പുഴ ജയിക്കാൻ ബിജെപിയെ സഹായിച്ചാൽ സുധാകരന് എംപി സ്ഥാനമോ, അല്ലെങ്കിൽ അടുത്ത ലോക്സഭയിൽ നിന്ന് ജയിപ്പിച്ചു മന്ത്രി സ്ഥാനമോ ഒക്കെ കൊടുക്കാൻ ബിജെപി തയ്യാറാണെന്നാണ് സൂചന. 

archived linkFB post

മനോരമ ഓണ്‍ ലൈന്‍ സ്ക്രീൻഷോട്ടിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ പുകഴ്ത്തി ജി. സുധാകരൻ എന്ന വാർത്ത കാണാം. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. മന്ത്രി ജി സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് സൂചന എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദാംശങ്ങൾ പറയാം 

വസ്തുതാ വിശകലനം 

മനോരമയുടെ സ്ക്രീൻഷോട്ടില്‍ നൽകിയിരിക്കുന്ന വാർത്ത 2018 ഡിസംബർ 29 ന് പ്രസിദ്ധീകരിച്ചതാണ്. ഞങ്ങൾ പ്രസ്തുത വാർത്ത  പരിശോധിച്ചു നോക്കി. കോഴിക്കോട് കണ്ണൂർ റോഡിലെ കോരപ്പുഴ പാലം പൊളിച്ചു പണിതതിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുന്ന വേളയിൽ റോഡ് പദ്ധതികൾക്കായി കേരളത്തിന് ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ മന്ത്രി ജി സുധാകരൻ പുകഴ്ത്തി സംസാരിച്ചു എന്നാണ് വാർത്തയിൽ നൽകിയിരിക്കുന്നത്.  30 വർഷം കൊണ്ട് ലഭിച്ചതിനേക്കാൾ കൂടുതൽ തുക മൂന്നു വർഷത്തിനുള്ളിൽ കേന്ദ്രത്തിൽനിന്ന് ഗഡ്കരി അനുവദിച്ചുവെന്നും അത് തുറന്നു പറയുന്നതിൽ മടിയില്ല എന്നും അദ്ദേഹം പറഞ്ഞതായി വാർത്തയിലുണ്ട്. 

അതായത് 2018 ല്‍ ഒരു പാലം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇടപെട്ട് ഫണ്ട് അനുവദിച്ചതിനെ പുകഴ്ത്തി അദ്ദേഹം ചില വാക്കുകള്‍ പറഞ്ഞു. അദ്ദേഹം ഇപ്പോൾ ബിജെപിയിൽ ചേരുന്നു എന്ന് പ്രചരണത്തിന് ഇത് അനവസരത്തിൽ ഉപയോഗിക്കുകയാണ്. ഞങ്ങൾ വാർത്താ മാധ്യമങ്ങളിലും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലും ഇത്തരത്തിൽ എന്തെങ്കിലും ഒരു വാര്‍ത്ത ഉണ്ടോ എന്ന് പരിശോധിച്ചു നോക്കി. എന്നാൽ പോസ്റ്റിലെ വാദത്തെ പിന്താങ്ങുന്ന യാതൊരു വാർത്തയും ഞങ്ങൾക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതായത് ജി സുധാകരൻ ബിജെപിയിലേക്ക് പോയേക്കും എന്ന് വാദത്തിന് പിൻബലം നൽകുന്ന യാതൊരു സൂചനകളും ഇതുവരെ വാർത്തകളിൽ ഒന്നുമില്ല അദ്ദേഹത്തിന്‍റെ  ഫേസ്ബുക്ക് പേജിലും  സംസ്ഥാന സർക്കാരിന്‍റെയും  സിപിഎമ്മിന്‍റെയും  പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടുന്ന തരം പോസ്റ്റുകൾ ആണ് ഉള്ളത്.  

അതിനാല്‍ ഞങ്ങൾ അദ്ദേഹത്തിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു അവിടെനിന്നും അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ഹരീന്ദ്രൻ നായർ അറിയിച്ചത് ഇങ്ങനെയാണ്: ഇത് തെറ്റായ പ്രചരണമാണ്. അദ്ദേഹം ബിജെപിയിലേക്ക് പോകാന്‍ സൂചന എന്നൊക്കെ  വെറുതേ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ നടത്തുന്ന പ്രചരണങ്ങളാണ്.ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ചില വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നു. സുധാകരന്‍ സാര്‍ ഉള്ളത് തുറന്നു പറയുന്ന ആളാണ്‌. നല്ലതിനെ പ്രശംസിക്കാനും മോശമായതിനെ വിമര്‍ശിക്കാനും അദ്ദേഹം മടി കാട്ടാറില്ല. അദ്ദേഹം അടിയുറച്ച കമ്യൂണിസ്റ്റുകാരനാണ്. അദ്ദേഹം ബിജെപിയിലെയ്ക്ക് പോയേക്കും എന്ന തരത്തിലെ പ്രചാരണങ്ങളെല്ലാം വ്യാജ പ്രചരണങ്ങളാണ്

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ  പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ജി. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് സൂചന എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റായ വാർത്തകൾ ആണെന്ന് അദ്ദേഹത്തിന് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചതിന് നിതിൻ ഗഡ്കരിയെ പുകഴ്ത്തി സംസാരിച്ച പഴയ വാർത്ത ഉപയോഗിച്ച് ജി. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് സൂചനയെന്ന് വ്യാജ പ്രചാരണം നടത്തുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *