FACT CHECK: നിയമം കൂട്ടാക്കാത്ത മുസ്ലിങ്ങള്‍ അവരുടെ രാജ്യത്തേയ്ക്ക് പോകുവാന്‍ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞതായി വ്യാജപ്രചാരണം

രാഷ്ട്രീയം

വിവരണം

ഫ്രാന്‍സില്‍ ഈ അടുത്ത കാലത്ത് സാമ്യുവല്‍ പാട്ടി എന്ന ഒരു അധ്യാപകനെ ഇസ്ലാമിനെയും നബിയെയും അപമാനിച്ചു എന്നാരോപ്പിച്ച് ഒരു റഷ്യയില്‍ നിന്ന് ഫ്രാന്‍സില്‍ വന്ന ഒരു മുസ്ലിം അഭയാര്‍ഥിയുവാവ് തലയറുത്തു. ഇതിനെ തുടര്‍ന്ന്‍ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ തുടങ്ങി. ഇതിന്റെ ചുവടു പിടിച്ചു സാമൂഹ്യ മാധ്യമങ്ങളിലും ഇതിന്‍റെ പ്രതിധ്വനികള്‍ കണ്ടു തുടങ്ങി. അത്തരത്തിലുള്ള ഒരു പ്രചാരണത്തെ പറ്റിയാണ് നമ്മുടെ ഇന്നത്തെ അന്വേഷണം. 

റഷ്യന്‍ പ്രസിടണ്ട് വ്ലാദിമിര്‍ പുടിന്‍  മുസ്ലിങ്ങളെ പറ്റി പറഞ്ഞ ഒരു പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റഷ്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ പറ്റില്ലെങ്കില്‍  മുസ്ലീങ്ങള്‍ അവരുടെ രാജ്യത്തേയ്ക്ക് പോവുക എന്ന്‍ പുടിന്‍ പറഞ്ഞതായാണ് വാര്‍ത്ത. 

archived linkFB post

ഇത്തരത്തില്‍ പ്രചരിക്കുന്ന രണ്ടുതരം പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒന്നില്‍ വ്ലാദിമിര്‍ പുടിന്‍ റഷ്യന്‍  ഭാഷയില്‍ നടത്തുന്ന പ്രസംഗത്തിന്‍റെ വീഡിയോ ആണ്. പുടിന്റെ പ്രസ്താവനയായി പ്രചരിക്കുന്ന മറ്റൊരു പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: റഷ്യയില്‍ ജീവിക്കുന്നവര്‍ റഷ്യക്കാരായി റഷ്യന്‍ നിയമം അനുസരിച്ച് ജീവിക്കുക, അത് സാധ്യമല്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ശരിയത്ത് നിയമമുള്ള രാജ്യങ്ങളിലേക്ക് പോകുക.. ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല, ഇവിടെയുള്ളത് റഷ്യന്‍ ജനത മാത്രം. വ്ലാഡിമിര്‍ പുടിന്‍. 

archived linkFacebook

എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന റഷ്യന്‍ പ്രസിടണ്ട് വ്ലാഡിമിര്‍ പുടിന്‍ നടത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുടിന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ ആദ്യം വീഡിയോയില്‍ പുടിന്‍ എന്താണ് പറഞ്ഞത് എന്നറിയാനായി വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതിലൊരെണ്ണം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ അസോസിയേറ്റഡ് പ്രസ്സ് പ്രസിദ്ധീകരിച്ച ഇതേ വീഡിയോ തന്നെ ലഭ്യമായി. സംഭവം 2002 നവംബറിലെതാണ്. 

വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണ പ്രകാരം യൂറോപ്യൻ യൂണിയൻ-റഷ്യ ഉച്ചകോടിയില്‍ ഇസ്ലാമിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും മുകളില്‍ പുടിന്‍റെ കടുത്ത വാക്കുകള്‍ക്കു  ശേഷം യൂറോപ്യന്‍ യൂണിയന്‍ പുടിനില്‍ നിന്ന് അല്പം അകലം പാലിച്ചു. തുടര്‍ന്ന് നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ ഒരു ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പുടിന്‍ പറഞ്ഞ വാക്കുകളാണ് മറ്റൊരു തരത്തില്‍ പ്രചരിക്കുന്നത്. 

വീഡിയോയുടെ കൂടെ പുടിന്‍ പറഞ്ഞ റഷ്യന്‍ സംഭാഷണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അവര്‍തന്നെ നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനോടായാണ് പുടിന്‍ സംസാരിച്ചത്. അതിന്‍റെ മലയാള പരിഭാഷ ഇങ്ങനെയാണ് 

youtube

“ഇതിനിടെ, റഷ്യൻ മണ്ണിൽ ഒരു ഖിലാഫത്ത്  സൃഷ്ടിക്കുന്നത് അവരുടെ പദ്ധതിയുടെ ആദ്യപടി മാത്രമാണെന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, റാഡിക്കലുകൾ ലോകം മുഴുവനായി ഒരു ഖിലാഫത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അമേരിക്കക്കാരെയും അവരുടെ സഖ്യകക്ഷികളെയും കൊല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ സംസാരിക്കുന്നു. നിങ്ങൾ (പത്രപ്രവർത്തകന്‍) അമേരിക്കയുടെ സഖ്യകക്ഷിയായ ഒരു രാജ്യത്ത് (ഫ്രാൻസ്) നിന്നുള്ളവരാണെന്ന് എനിക്ക് തോന്നുന്നു. അതിനാൽ നിങ്ങൾ അപകടത്തിലാണ്. എല്ലാ ‘കാഫറുകളെയും’ അമുസ്‌ലിങ്ങളേയും കൊല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ സംസാരിക്കുന്നു. എല്ലാ അമുസ്ലിംകളും, എല്ലാ ക്രിസ്ത്യാനികളും ഇതില്‍ പെടും. അതിനാൽ ഒരു ക്രിസ്ത്യാനിയാണെങ്കിൽ നിങ്ങൾ അപകടത്തിലാണ്. നിങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് നിരീശ്വരവാദിയാകാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽപ്പോലും, അവരുടെ ആശയങ്ങൾ അനുസരിച്ച്, നിങ്ങൾ പൂർണമായും ഇല്ലാതാകും. നിങ്ങൾ ഒരു മുസ്ലീമാകാൻ തീരുമാനിക്കുകയാണെങ്കിൽ, അതും നിങ്ങളെ രക്ഷിക്കുകയില്ല, കാരണം പരമ്പരാഗത ഇസ്‌ലാം ആശയങ്ങള്‍  പോലും അവർ അവരുടെ മുൻപിൽ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളോട് ശത്രുത പുലർത്തുന്നു; ഈ സാഹചര്യത്തിൽ നിങ്ങൾ അപകടത്തിലാണ്. നിങ്ങൾ ഒരു തീവ്ര ഇസ്ലാമികനാകാൻ തയ്യാറാണെങ്കിൽ നിങ്ങൾ സ്വയം സുന്നത്ത്  നടത്താൻ പോലും തയ്യാറാണെങ്കിൽ, മോസ്കോയിലേക്ക് വരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഇതിൽ‌ പോലും ഞങ്ങൾക്ക് സ്പെഷ്യലിസ്റ്റുകളുണ്ട്. ഞങ്ങളുടെ രാജ്യം പലകാര്യങ്ങളിലും അതുല്യമാണ്. പിന്നീട് പുനര്‍ചിന്തനത്തിന് ഇട വരാത്ത  വിധത്തിൽ അവർ പ്രവർത്തനം നടത്താൻ ഞാൻ ശുപാർശ ചെയ്യുന്നു.” 

പുടിന്‍റെ ഈ വാക്കുകളാണ്  പല വിധത്തില്‍ ആശയമാറ്റം വരുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പലതരത്തില്‍ പ്രചരിപ്പിക്കുന്നത്. 

കുടിയേറ്റക്കാരെ പറ്റി പുടിന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ലേഖനം ലഭിച്ചു.  2012 ജനുവരിയില്‍ റഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം  ഫെഡറൽ മൈഗ്രേഷൻ സർവീസിന്‍റെ   വിപുലീകൃത യോഗത്തിൽ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിൻ പങ്കെടുത്ത് സംസാരിച്ചതിനെ കുറിച്ചാണ്. 

അതില്‍ പുടിന്‍ ഇങ്ങനെ പറയുന്നുണ്ട്. 

“മൊത്തത്തിൽ, അതിഥി തൊഴിലാളികളുടെ ഇവിടുത്തെ ജീവിതം  പ്രത്യേകവും സമഗ്രവുമായ പ്രശ്നമാണ്. കുടിയേറ്റക്കാർക്ക് സാധാരണയായി നമ്മുടെ സമൂഹവുമായി സംയോജിപ്പിക്കാനും റഷ്യൻ ഭാഷ പഠിക്കാനും നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാനും റഷ്യൻ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാനും നാം അവസരം  സൃഷ്ടിക്കണം. ഇക്കാര്യത്തിൽ, റഷ്യൻ ഭാഷ പഠിക്കുന്നത് നിർബന്ധമാക്കാനും പരീക്ഷകൾ നടത്താനുമുള്ള തീരുമാനം നന്നായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ചെയ്യുന്നതിന്, നാം സംഘടനാ പ്രവർത്തനങ്ങൾ നടത്തുകയും അനുബന്ധ നിയമനിർമ്മാണ ഭേദഗതികൾ അവതരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നിർദ്ദിഷ്ട നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കാൻ ഫെഡറൽ മൈഗ്രേഷൻ  വകുപ്പിനോടും മറ്റ് വകുപ്പുകളോടും ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നിർദേശങ്ങൾ വംശീയ ന്യൂനപക്ഷങ്ങളുമായും പൊതു-മത സംഘടനകളുമായും പരസ്യമായി ചർച്ച ചെയ്യണം. ഭാവിയിലെ ജോലി പരിഗണിക്കാതെ എല്ലാ അതിഥി തൊഴിലാളികൾക്കും ഇത് നിർബന്ധമായിരിക്കണം.” ഈ പരാമര്‍ശത്തിലും പോസ്റ്റില്‍ നല്‍കിയിരിക്കുന്ന മട്ടില്‍ യാതൊന്നും ഇല്ല. 

പുടിന്‍റെ പേരില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനക്ക് പുടിനുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  

നിഗമനം

പോസ്റ്റില്‍ പുടിന്റെതായി നല്‍കിയിരിക്കുന്ന പ്രസ്താവന തെറ്റാണ്. റഷ്യയില്‍ ജീവിക്കുന്നവര്‍ റഷ്യക്കാരായി റഷ്യന്‍ നിയമം അനുസരിച്ച് ജീവിക്കുക എന്നോ, മുസ്ലീങ്ങള്‍ റഷ്യയില്‍ നിന്നും അവര്‍ക്ക് താല്പര്യമുള്ള രാജ്യങ്ങളിലേയ്ക്ക് തിരിച്ചു പോവുക എന്നോ ഉള്ള മട്ടില്‍ യാതൊരു പരാമര്‍ശവും പുടിന്‍ നടത്തിയിട്ടില്ല.

Avatar

Title:നിയമം കൂട്ടാക്കാത്ത മുസ്ലിങ്ങള്‍ അവരുടെ രാജ്യത്തേയ്ക്ക് പോകുവാന്‍ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞതായി വ്യാജപ്രചാരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •