
വിവരണം
സ്വീഡനില്‍ ഈയടുത്ത ദിവസങ്ങളില്‍ മതവുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളും സംഘര്‍ഷങ്ങളും വായനക്കാരില്‍ പലരും വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
സ്വീഡനിലേത് എന്ന വിവരണത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം യഥാര്‍ഥത്തില്‍ പാകിസ്ഥാനിലെതായിരുന്നു എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. റിപ്പോര്‍ട്ട് താഴെ വായിക്കാം.
പാകിസ്ഥാനിലെ ഒരു പ്രതിഷേധത്തിന്റെ പഴയ ചിത്രം സ്വീഡനിലെ അഭയാര്‍ഥികളുടെ പേരില്‍ പ്രചരിപ്പിക്കുന്നു….
ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെ പറ്റിയാണ് നമ്മള് ഇന്ന് അന്വേഷിക്കാന്‍ പോകുന്നത്.
“സ്വീഡനിൽ പൊതുജനങ്ങളെ ആക്രമിക്കുന്ന ജിഹാദി കലാപകാരികൾ
ഇവർക്കൊക്കെ അഭയം നല്കിയ സ്വീഡൻ ഇന്ന് കലാപങ്ങളുടെയും ആക്രമണങ്ങളുടെയും നാടാണ്
കേരളത്തിലെ ജിഹാദി മാധ്യമങ്ങൾ ഈ നഗ്ന സത്യങ്ങൾ മറച്ചു പിടിക്കുകയാണ്” എന്ന അടിക്കുറിപ്പോടെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ ദ്രിശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത് റോഡില്‍ തടസമുണ്ടാക്കിക്കൊണ്ട് കുറേ കലാപകാരികള്‍ വാഹനങ്ങള്‍ തടയുന്നതും ആക്രമിക്കുന്നതുമാണ്.
എന്നാല്‍ ഈ വീഡിയോ സ്വീഡനിലെതുമല്ല, സ്വീഡനില്‍ ഇപ്പോള്‍ നടക്കുന്ന കലാപവുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതുമല്ല.
പിന്നെ എന്താണ് വീഡിയോ ദ്രിശ്യങ്ങളെന്നും എവിടെയാണ് ഇത് സംഭവിച്ചതെന്നും ഞങ്ങള്‍ കണ്ടെത്തിയത് എങ്ങനെയാണെന്നും നിങ്ങളുമായി പങ്കുവയ്ക്കാം.
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതില്‍ നിന്നും ഒരെണ്ണത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ഈ വീഡിയോ 2018 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതാണെന്ന് മനസ്സിലായി. ആദ്യം ഈ വീഡിയോ പ്രചരിച്ചത് മറ്റൊരു വിവരണവുമായാണ്. അതായത് ബ്രിട്ടനിലെ ബിര്‍മിംഗ്ഹാമില്‍ റമദാന് വേളയില്‍ മുസ്ലിങ്ങള്‍ തങ്ങളുടെ നോമ്പുതുറയുടെ സമയത്ത് റോഡ് പൂര്‍ണ്ണമായും ഉപയോഗിക്കാനായി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ തടയുന്നു എന്നായിരുന്നു അത്. ഈ പ്രചരണവുമായി ഇതേ വീഡിയോ ചില വെബ്സൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. 2019 ജൂണ്‍ രണ്ടാം തിയതി പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ കാണാം.
എന്നാല്‍ ഇതും വ്യാജ പ്രചരണമായിരുന്നു. കാരണം ഞങ്ങള്‍ക്ക് ഇറ്റാലിയൻ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വീഡിയോയുമായി ബന്ധപ്പെട്ട് ലഭിച്ചു. തലക്കെട്ട് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇങ്ങനെയാണ്: “ബാസൽ-ലൂസേണിനുശേഷം ഏറ്റുമുട്ടൽ: അക്രമത്തിന്റെ വീഡിയോ”.
2-2 സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബാസലും ലൂസെർണും പരസ്പരം മത്സരിച്ചതിന് ശേഷം 2018 മെയ് 19 ന് ബാസലിൽ ഫുട്ബോൾ ആരാധകർ തമ്മിലുള്ള അക്രമ സംഘട്ടനങ്ങളെ പറ്റിയാണ് റിപ്പോർട്ട് വിവരിക്കുന്നത്.
റിപ്പോർട്ടിന്റെ തുടക്കം ഇങ്ങനെയാണ്: “പ്രാദേശിക ടീമും ലൂസെർണും തമ്മിലുള്ള സൂപ്പർ ലീഗ് മത്സരത്തെത്തുടർന്ന് ബാസലിൽ ഇന്നലെ രാത്രി ഫുട്ബോൾ ആരാധകർ തമ്മിൽ അക്രമങ്ങൾ നടന്നു. 2018 മെയ് 19 ന് വൈകുന്നേരം, സെയിന്റ് ജാക്കോബ്-പാർക്ക് സ്റ്റേഡിയത്തിന് സമീപമുള്ള എഫ്സി ബാസലും എഫ്സി ലുസെറും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിന് ശേഷം അക്രമാസക്തരായ ഫുട്ബോൾ ആരാധകർക്കിടയിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി, ഇതിൽ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടാതെ, വിവിധ സ്വത്ത് നാശനഷ്ടങ്ങൾ സംഭവിച്ചു.
പബ്ലിക് പ്രോസിക്യൂട്ടർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ വിപുലമായ അന്വേഷണത്തിനിടെ, ലഭ്യമായ ചിത്രങ്ങള്‍ വിലയിരുത്തി. ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 22-34 വയസ്സിനിടയിൽ ആറ് സ്വിസ്സുകളും 23 കാരനായ സിറിയനും ഇക്കൂട്ടത്തിലുണ്ട്. ആക്രമണം, കലഹം, ആക്രമണം, സ്വത്ത് നാശിപ്പിക്കല്‍ എന്നിവ ചുമത്തി പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് നടപടികൾ ആരംഭിച്ചു.
ഇതേ വാര്‍ത്ത ഇവിടെയും വായിക്കാം.
വീഡിയോയ്ക്ക് സ്വീഡനില്‍ നടന്ന കലാപവുമായി യാതൊരു ബന്ധവുമില്ല. സ്വിറ്റ്സര്‍ലണ്ടിലെ ബാസല്‍ സ്റ്റേഡിയത്തില്‍ ഒരു ഫുട്ബോള്‍ മത്സരത്തിനു ശേഷം ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോയാണ് സ്വീഡന്റെ പേരില്‍ പ്രചരിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ സ്വീഡനില്‍ നിന്നുല്ലതല്ല, സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നുമുള്ളതാണ്. 2018 ലേതാണ് വീഡിയോ.

Title:സ്വിറ്റ്സര്‍ലാന്‍ഡില്‍ 2018 ല്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ സ്വീഡനിലേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: False
