FACT CHECK: വെനസ്വേലയില്‍ ക്രിമിനല്‍, ഒരു സ്ത്രീയെ ബന്ധിയാക്കിയ 1998 ലെ സംഭവം ഐ.എസ് തീവ്രവാദവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

അന്തര്‍ദേശിയ൦ | International കുറ്റകൃത്യം

പ്രചരണം 

കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ഡിജിപി ആയിരുന്ന ലോക്നാഥ് ബഹറ ഔദ്യോഗിക ചുമതലയില്‍ നിന്നും വിരമിച്ചിരുന്നു. കേരളത്തില്‍ ഐ എസ് തീവ്രവാദികള്‍ റിക്രൂട്ടിംഗ് നടത്തുന്നുണ്ട് എന്ന് വിരമിക്കുന്ന വേളയില്‍ അദ്ദേഹം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഒരു സ്ത്രീയെ തോക്കിന്‍മുനയില്‍ വച്ചു വിലപേശിയ ഐ എസ് തീവ്രവാദിയെ പോലീസിന്‍റെ ഷാര്‍പ്ഷൂട്ടര്‍ അതിവിദഗ്ധമായി വെടിവച്ചു കൊല്ലുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. സ്ത്രീയെ ഐഎസ് തീവ്രവാദി  തട്ടിക്കൊണ്ടുപോയി വിലപേശുന്ന സംഭവം നടന്നത് സ്പെയിനിലാണ് എന്ന് ചൂണ്ടിക്കാട്ടി വീഡിയോയുടെ ഒപ്പം ഇംഗ്ലീഷില്‍ നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: *ISIS* terrorist with kidnapped woman shot dead by *Spanish police* sharp shooters… What a shot in fraction of second. amazing to watch🤔🤔🤔👌👌👌 *-ഇതാണ് നമ്മുടെ രാജ്യത്തിനു ആവിശ്യം ️-*

archived linkFB post

വീഡിയോയെ കുറിച്ച് ഞങ്ങള്‍ വിശദമായി അന്വേഷിച്ചു. സംഭവം നടന്നത് വെനസ്വുലയിലാണെന്നും ഐ എസ് തീവ്രവാദിയല്ല വീഡിയോയിലുള്ളത് എന്നും വ്യക്തമായി. എന്നാല്‍ വര്‍ഷങ്ങളായി ഐ എസ് തീവ്രവാദിയെ സ്പാനിഷ് പോലീസ് വെടിവച്ചു കൊന്നു എന്നവകാശപ്പെട്ടാണ് വീഡിയോ പ്രചരിച്ചു പോരുന്നത്. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് കീ വേര്‍ഡ്സ് സേര്‍ച്ച്‌ നടത്തി നോക്കി. ഈ വീഡിയോ വെനസ്വേലയില്‍ 1998 ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. അതായത് സംഭവത്തിന് 23 വര്‍ഷം പഴക്കമുണ്ട്

archived link

സംഭവത്തെ കുറിച്ച് 2012 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം വസ്തുത ഇങ്ങനെയാണ്: 1998 ൽ വെനിസ്വേലയിലെ കുവ നഗരത്തിൽലാണ് സംഭവം നടന്നത്. 18 വയസ്സ് പ്രായമുള്ള ഹെക്ടർ ഡുവാർട്ടെ എന്ന യുവാവ് ഒരു ബേക്കറി കൊള്ളയടിക്കാൻ ശ്രമിച്ചു. ഇതിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ അയാളുടെ ഇടത് കൈത്തണ്ടയിലും ഇടതു കാലിലും വെടിയേറ്റു. ഡുവാർട്ടെ അടുത്തുള്ള  അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് ഓടിക്കയറി. മിസ്സിസ് മെഴ്സിഡസ് ലോപ്പസിനെ ബന്ദിയാക്കി. യുവതിയുടെ കുപ്പായത്തില്‍ കാണുന്ന  രക്തം ഡുവാർട്ടെയുടെ മുറിവേറ്റ കൈത്തണ്ടയിൽ നിന്നാണ്. കാരക്കാസിലേക്ക് പോകാൻ ഒരു കാർ ഇയാള്‍ ആവശ്യപ്പെട്ടു. കൂടാതെ രണ്ടു ശവപ്പെട്ടികൾ തയാറാക്കണമെന്ന് പോലീസുകാരോട് പറഞ്ഞു, അയാള്‍ക്കും ബന്ദിയാക്കപ്പെട്ട യുവതിക്കും. “നിങ്ങൾ എന്നെ വെടിവച്ചാല്‍ ഞാൻ ഇവരെ വെക്കും.” എന്നയാള്‍ പോലീസ് ഓഫീസറോട് വിലപേശിക്കൊണ്ടിരുന്നു. പോലീസ് മനശാസ്തപരമായി ഇടപെട്ട് അയാളോട് സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടെ സ്നൈപ്പർ തോക്കുമായി 50 മീറ്റർ അകലെ മേൽക്കൂരയിലിരുന്ന ഷാര്‍പ് ഷൂട്ടര്‍  ഒരൊറ്റ ഷോട്ടില്‍ ഡുവാർട്ടെയെ അവസാനിപ്പിച്ചു. 

ഡുവാർട്ടെയുടെ മരണം അതേപടി ക്യാമറയില്‍ പതിഞ്ഞു. വിക്കിപീഡിയയില്‍ സംഭവത്തെ കുറിച്ച് പരാമര്‍ശമുണ്ട്. 

1998 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. പല വസ്തുത അന്വേഷണ ഏജന്‍സികളും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട്   പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ സ്പെയിനില്‍ ഐ എസ് തീവ്രവാദിയെ പോലീസ് വെടിവച്ചതിന്‍റെതല്ല. വെനസ്വേലയില്‍ കൊള്ളയടിക്കാനെത്തിയ ശേഷം യുവതിയെ ബന്ധിയാക്കിയ ക്രിമിനലിനെ പോലീസ് ഷാര്‍പ് ഷൂട്ട്‌ ചെയ്ത് ഇല്ലാതാക്കിയതിന്‍റെതാണ്. ഐ എസുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വെനസ്വേലയില്‍ ക്രിമിനല്‍, ഒരു സ്ത്രീയെ ബന്ധിയാക്കിയ 1998 ലെ സംഭവം ഐ.എസ് തീവ്രവാദവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: False