
പ്രചരണം
ഹരിദ്വാറിൽ മേളയ്ക്ക് ലക്ഷക്കണക്കിന് സന്യാസിമാരും ഭക്തജനങ്ങളും ആണ് എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് എന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും കുംഭമേളയില്‍ നിന്നും പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുംഭമേള നടത്തിപ്പിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്ന് വരുന്നുണ്ട്. ഏതായാലും ഇതുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളും വീഡിയോകളും വെളിപ്പെടുത്തുന്നത് ജനത്തിരക്ക് ഉണ്ട് എന്ന് തന്നെയാണ്.
നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി മേള നേരത്തെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് വാർത്തകൾ അറിയിക്കുന്നു. കുംഭമേളയുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പ്രചരണം വൈറലാകുന്നുണ്ട്.

കുംഭമേളയെ വിമർശിച്ച് ചില പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രഗ്യാ മിശ്ര എന്ന മാധ്യമപ്രവർത്തക നടുറോഡിൽ കൊല്ലപ്പെട്ടു എന്നാണത്. ഇതിനു തെളിവായി ഒരു യുവതി കുത്തേറ്റ് മരിച്ചു കിടക്കുന്ന ചിത്രവും നൽകിയിട്ടുണ്ട്.
ഇതേ പ്രചരണം വീഡിയോ രൂപത്തിൽ നൽകിയിരിക്കുന്നതില്‍ പ്രഗ്യ കുംഭമേളയുടെ തിരക്കിനെതിരെ നടത്തുന്ന പ്രസ്താവനയുടെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ നൽകിയിരിക്കുന്ന ഒരു പോസ്റ്റിലെ വിവരണം ശ്രദ്ധിക്കുക: പ്രാഗ്യ മിശ്ര
എന്ന പത്ര പ്രവർത്തക
കൊല്ലപ്പെട്ടു.
കുംഭ മേളയിൽ
Covid മാനദണ്ഡങ്ങൾ പാലിക്കാത്തത്
വിമർശിച്ചു കൊണ്ട് വാർത്ത ചെയ്തത് കാരണം
ആണ് കൊല്ലപ്പെട്ടത്.
നമ്മുടെ രാജ്യം
എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് വളരെ വ്യക്തം.
😰😳😳”
ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു ഇത് തെറ്റായ വാദമാണ് എന്ന് കണ്ടെത്താനായി. കൊല്ലപ്പെട്ടത് മറ്റൊരു പെൺകുട്ടിയാണ്. പ്രഗ്യ മിശ്ര ഇപ്പോഴും ജീവനോടെ തന്നെയുണ്ട്.
വസ്തുത ഇതാണ്
ഞങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ സമാനമായ പ്രചരണം നിരവധി നടക്കുന്നുണ്ട് എന്ന് മനസ്സിലായി.

പോസ്റ്റിലെ ചിത്രത്തിൽ പൊതുനിരത്തിൽ മരിച്ചുകിടക്കുന്നത് ഡൽഹിയിൽ ഭർത്താവ് കൊലപ്പെടുത്തിയ നീലു മേഹ്ത്ത എന്ന പെൺകുട്ടിയാണ്.

ഏപ്രിൽ 10 ശനിയാഴ്ച ഡൽഹിയിലെ രോഹിണി എന്ന സ്ഥലത്താണ് ഈ സംഭവം ഉണ്ടായത്. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ ഭർത്താവ് ഹരീഷ് മേഹ്ത തന്നെയാണ് കൊലപ്പെടുത്തിയത്. ഹരീഷിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംശയത്തിന്‍റെ പേരിലാണ് യുവതിയെ കൊലപ്പെടുത്തിയ എന്നാണ് പോലീസിന്‍റെ നിഗമനം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. പതിനഞ്ചിലേറെ തവണ ഹരീഷ് ഭാര്യയെ കത്തി കൊണ്ട് കുത്തുകയുണ്ടായി എന്ന് പോലീസ് പറയുന്നു.
അതേസമയം കൊല്ലപ്പെട്ടു എന്ന തരത്തിൽ തന്നെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അറിയിച്ചുകൊണ്ട് പ്രഗ്യ മിശ്ര ട്വീറ്റ് ചെയ്തിരുന്നു.
ഭാരത് സമാചാർ എന്ന മാധ്യമത്തിലെ മാധ്യമപ്രവർത്തകയാണ് പ്രഗ്യ. കുംഭമേളക്ക് എതിരായി പ്രസ്താവന നടത്തി എന്നതിനാൽ പ്രഗ്യ മിശ്രയെ കൊലപ്പെടുത്തി എന്നുള്ള പ്രചരണം തെറ്റാണ് എന്ന് വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. കുംഭമേളയിലെ തിരക്കുമൂലം കോവിഡ് വർദ്ധിക്കുന്നു എന്ന തരത്തിൽ മാധ്യമ പ്രവർത്തകയായ പ്രഗ്യ മിശ്ര പ്രസ്താവന നടത്തി എന്നതിന്‍റെ പേരിൽ അവരെ കൊലപ്പെടുത്തി എന്നുള്ള പ്രചാരണം തെറ്റാണ്. പ്രഗ്യ ജീവനോടെയുണ്ട്. അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ചിത്രത്തിൽ കാണുന്നത് ഡൽഹിയിൽ കൊലചെയ്യപ്പെട്ട നീലു എന്ന മറ്റൊരു യുവതിയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കുംഭമേളയെ വിമർശിച്ച് പ്രസ്താവന നടത്തിയ പ്രാഗ്യ മിശ്രയെ കൊലപ്പെടുത്തി എന്ന പ്രചരണം തെറ്റാണ്… പ്രഗ്യ ജീവനോടെയുണ്ട്…
Fact Check By: Vasuki SResult: False
