റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി ആനി രാജ പോയെന്ന് വ്യാജ പ്രചരണം…

ദേശീയം രാഷ്ട്രീയം

വയനാട് ലോക്സഭാ മണ്ഡലത്തിലെ എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി ആനി രാജയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും ഇന്ത്യാ മുന്നണിയിലെ നേതാക്കളാണ്. വയനാട് മണ്ഡലം കൂടാതെ രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മല്‍സരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ ആനി രാജ റായ്ബറേലിയില്‍ എത്തി എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ആനി രാജയും ഭര്‍ത്താവും സി‌പി‌ഐ നേതാവുമായ ഡി രാജയും ഒപ്പമുള്ള ചിത്രവും ഒപ്പം “വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ച ആനി രാജ ഇന്നുമുതൽ റായിബേരേലിയിൽ രാഹുൽ ഗാന്ധിയ്ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു കയ്യടിക്കിനെടാ കമ്മികളെ 🤣😁എന്ന അടിക്കുറിപ്പിമാണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആനി രാജ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചുവെങ്കിലും പോസ്റ്റിലെ അവകാശവാദത്തെ സാധൂകരിക്കുന്ന വര്‍ത്തകളൊന്നും കണ്ടെത്താനായില്ല. എന്നാൽ രാഹുൽ റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് ആനി രാജ വിമര്‍ശനം നടത്തിയിരുന്നു എന്ന് വ്യക്തമാക്കി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. 

“കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് രാഷ്ട്രീയ ധാർമ്മികതയല്ലെന്നും വയനാട്ടിലെ വോട്ടർമാരെ തന്‍റെ ഉദ്ദേശ്യം അറിയിക്കാതിരുന്നത് അവരോട് അനീതി കാണിക്കുകയാണെന്നും കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ അദ്ദേഹത്തിന്‍റെ എതിരാളിയായ സിപിഐ സ്ഥാനാർത്ഥി ആനി രാജ പറഞ്ഞു” എന്നാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ആനി രാജയുമായി സംസാരിച്ചു. “തെറ്റായ പ്രചരണമാണ്. റായ്ബറേലിയിൽ ഞാൻ പ്രചാരണത്തിന് പോയിട്ടില്ല. ഞാന്‍ എന്തിന് രാഹുല്‍ ഗാന്ധിക്കായി റായ്ബറേലിയില്‍ പ്രചരണത്തിന് പോകണം? ഇങ്ങനെ ഒരു ആവശ്യം എന്‍റെ പാർട്ടിയായ സിപിഐ ഒരിക്കലും ആവശ്യപ്പെടില്ല. ഈ മാസം അവസാനം ഒഡിഷയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണത്.”

റായ്ബറേലിയിൽ ജയിച്ചാൽ വയനാടിലെ രാഹുൽ കൈവിടുമെന്ന ചിന്തപോലും ആളുകളിൽ ഉണ്ടായേക്കാമെന്നും രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരോട് നീതികേടാണ് രാഹുല്‍ ഗാന്ധി കാണിച്ചതെന്നും  ആനി രാജ കുറ്റപ്പെടുത്തി ഇടി നൌ’വിന് അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തിന്‍റെ വീഡിയോ  ചുവടെ കാണാം.

രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി ആനി രാജ റായ്ബറേലിയില്‍ പോയിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. റായ്ബറേലി മണ്ഡലത്തില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ആനി രാജ പോയി എന്നത് തെറ്റായ പ്രചരണമാണ്. ആനി രാജ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി ആനി രാജ പോയെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *