അഫേലിയോണ്‍ പ്രതിഭാസത്തെ ഭയക്കേണ്ടതില്ല, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കില്ല, വസ്തുത അറിയൂ

കാലാവസ്ഥ

പ്രകൃതിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു പ്രത്യേക പ്രതിഭാസം മൂലം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്

പ്രചരണം 

നാളെ മുതൽ അഫേലിയോൺ എന്ന പ്രതിഭാസം സംഭവിക്കുകയാണ് എന്നും കാലാവസ്ഥയിൽ തണുപ്പ് കൂടുമെന്നും കരുതലോടെ ഇരിക്കണം എന്നുമാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത് സന്ദേശം ഇങ്ങനെ: 

“നാളെ മുതൽ ഈ വർഷം ഓഗസ്റ്റ് 22 വരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും .  അവർ അതിനെ അഫെലിയോൺ പ്രതിഭാസം എന്ന് വിളിക്കുന്നു.  നാളെ 05.27 മുതൽ ഭൂമി സൂര്യനിൽ നിന്ന് വളരെ അകലെയാകുന്ന അഫെലിയോൺ പ്രതിഭാസം നമുക്ക് അനുഭവപ്പെടും.  നമുക്ക് ഈ പ്രതിഭാസം കാണാൻ കഴിയില്ല, പക്ഷേ അതിന്റെ ആഘാതം നമുക്ക് അനുഭവിക്കാൻ കഴിയും.  ഇത് 2022 ഓഗസ്റ്റ് വരെ നീണ്ടുനിൽക്കും.  പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയെ ബാധിക്കുന്ന തണുപ്പ് മുൻകാല തണുപ്പിനേക്കാൾ കൂടുതലായി നമുക്ക് അനുഭവപ്പെടും.

 അതിനാൽ, പ്രതിരോധശേഷി ശക്തമാക്കുന്നതിന് ചിട്ടയായ വ്യായാമവും,ശരിയായ ആഹാരവും,ധാരാളം വിറ്റാമിനുകളും, മിനറൽസുകളും, കാർബണേറ്റഡ് പാനീയങ്ങൾ ഉപേക്ഷിച്ചും തനതായ ശുദ്ധജലം, കരിക്ക്, ലെമൺ ജ്യൂസ് etc ശരിയായ ഉറക്കം , മാനസ്സിക സംഘർഷങ്ങളിൽ പെടാതെയും പങ്കെടുക്കാതെയും, ആത്മാർത്ഥമായ പ്രാർത്ഥനയും നമ്മിലെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. 

ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 5 പ്രകാശ മിനിറ്റ് അല്ലെങ്കിൽ 90,000,000 കി.മീ.  152,000,000 കി.മീ വരെ അഫെലിയോൺ എന്ന പ്രതിഭാസം.  66 % കൂടുതൽ.  🌥🌩⛄🌫🌫

 എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കിടുക”

FB postarchived link

എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? അഫെലിയോൺ എന്ന പ്രതിഭാസത്തെക്കുറിച്ചും അത് ഭൂമിയിലെ ജീവിതത്തെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോയെന്നും ഞങ്ങൾ അന്വേഷിച്ചു. തെറ്റായ സന്ദേശമാണ് പങ്കുവയ്ക്കുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി.  

വസ്തുത ഇതാണ് 

പലതും ഇതേ സന്ദേശം പങ്കുവയ്ക്കുന്നുണ്ട്.

അഫെലിയോൺ വർഷം തോറും സംഭവിക്കുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. അതായത് ഈ പ്രതിഭാസം  2022 ല്‍ മാത്രമുണ്ടായതല്ല. 

ബ്രിട്ടാനിക്ക റിപ്പോര്‍ട്ട് പ്രകാരം, അഫെലിയോൺ എന്നാല്‍ ഭ്രമണപഥത്തില്‍ ഒരു ഗ്രഹം സൂര്യനിൽ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോഴുള്ള ദൂരത്തെ പ്രതിനിധാനം ചെയ്യുന്നു.  ഭ്രമണപഥങ്ങൾ പൂര്‍ണ്ണ വൃത്താകൃതിയിലല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. തൽഫലമായി, ഭൂമി ചിലപ്പോൾ സൂര്യനോട് കൂടുതൽ അടുത്താകുകയും  ചിലപ്പോൾ കൂടുതൽ അകലെയാവുകയും ചെയ്യുന്നു.  പെരിഹെലിയോൺ എന്നാണ് ഗ്രഹം സൂര്യനോട് ഏറ്റവും അടുത്താകുന്ന പ്രതിഭാസം അറിയപ്പെടുന്നത്.

പെരിഹെലിയോണും അഫെലിയോണും വർഷത്തിലൊരിക്കൽ  സംഭവിക്കുന്നതാണ്. 2022-ൽ ഭൂമിയുടെ അഫെലിയോണിൽ അസ്വാഭാവികമായി ഒന്നുമില്ല. അതിനാൽ ദക്ഷിണാർദ്ധഗോളത്തിൽ ശൈത്യകാലത്ത് “മുമ്പത്തെ തണുത്ത കാലാവസ്ഥയേക്കാൾ കൂടുതൽ തണുത്ത കാലാവസ്ഥ” അനുഭവപ്പെടില്ല.

പെരിഹെലിയൻ, അഫെലിയോൺ തീയതികള്‍ക്ക് എല്ലാ വർഷവും ചെറുതായി മാറ്റമുണ്ടാകുന്നു, പക്ഷേ അവ പലപ്പോഴും യഥാക്രമം ജനുവരിയിലും ജൂലൈയിലും ആയിരിക്കും. 2022 ൽ ജനുവരി 4 ന് പെരിഹെലിയൻ സംഭവിച്ചതായും ജൂലൈ 4 ന് അഫെലിയോൺ നടക്കുമെന്നും യുഎസ് നാവികസേനയുടെ വെബ്സൈറ്റില്‍ പറയുന്നു.  അഫെലിയോൺ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നില്ല.

താഴെ കൊടുത്തിട്ടുള്ള ചിത്രം ശ്രദ്ധിക്കുക: 

എറണാകുളം മഹാരാജാസ് കോളജിലെ റിട്ടയേഡ് പ്രൊഫസറും ബഹിരാകാശ ശാസ്ത്ര തല്‍പരനുമായ ഡോ. എന്‍. ഷാജി ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിദ്ധീകരണമായ ലൂക്കയില്‍   അഫേലിയോണിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശത്തെ പറ്റി ലേഖനം നല്കിയിട്ടുണ്ട്. അതില്‍ അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു:   

അഫെലിയോൺ (aphelion) എന്ന വാക്ക് ജ്യോതിശ്ശാസ്ത്രം പഠിച്ചിട്ടുള്ളവർക്ക് പരിചിതമാണ്. 17-ആം നൂറ്റാണ്ടിൽ ജോഹന്നാസ് കെപ്ലെർ കണ്ടെത്തിയ ഒരു കാര്യമായിരുന്നു ഭൂമിയടക്കമുള്ള സൗരയൂഥ ഗ്രഹങ്ങൾ സൂര്യനെ ചുറ്റി ദീർഘവൃത്ത പഥങ്ങളിൽ (ellipse) സഞ്ചരിക്കുന്നുവെന്നത്. ആ പഥത്തിൽ സൂര്യന് ഏറ്റവും അടുത്തു വരുന്ന ബിന്ദുവിനെ perihelion എന്നും ഏറ്റവും അകലെ വരുന്ന ബിന്ദുവിനെ aphelion എന്നും വിളിക്കുന്നു. ഭൂമിയുടെ കാര്യത്തിൽ ഈ ദീർഘ വൃത്തം യഥാർത്ഥ വൃത്തത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല. 

ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരം ഏകദേശം 15 കോടി കിലോമീറ്റർ ആണ്. പ്രകാശം ഏതാണ്ട് 500 സെക്കന്‍റുകൊണ്ട് (ഏതാണ്ട് 8 മിനിട്ട്) സഞ്ചരിക്കുന്ന ദൂരം. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ 14 കോടി 96 ലക്ഷം കിലോമീറ്റർ. പെരിഹീലിയൻ ദൂരം ഏകദേശം 14.7 കോടി കിലോമീറ്ററും അഫീലിയൻ ദൂരം 15.2 കോടി കിലോമീറ്ററും ആണ്. അതായത് ഏതാണ്ട് 1.7 ശതമാനം വ്യത്യാസം ഉണ്ടാകും. ഇതു കൊണ്ടാണ് ഭൂമിയിൽ വേനലും മഞ്ഞും മാറി മാറി വരുന്നതെന്നു വിചാരിച്ചാൽ നമുക്കു തെറ്റി. അതിന്‍റെ കാരണം വേറെയാണ്. ഋതുക്കൾ മാറി വരുന്നതിനു കാരണം ഭൂമിയുടെ ഭ്രമണപഥതലവും ഭൂമദ്ധ്യരേഖാതലവും തമ്മിലുള്ള 23.5 ഡിഗ്രിയുടെ ചരിവാണ്. ഭൂമിയുടെ അച്ചുതണ്ടിന്‍റെ ചരിവ് എന്നു പറയുന്നതും ഇതിനെ തന്നെയാണ്

ഉത്തരായനം, ദക്ഷിണായനം എന്നീ തോന്നലുകൾ ഉണ്ടാക്കുന്നതും ഇതുതന്നെയാണ്. ജൂൺ- ആഗസ്റ്റ് കാലഘട്ടത്തിൽ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വേനൽക്കാലമാണ്. ദക്ഷിണാർദ്ധഗോളത്തിൽ ഇതു തണുപ്പുകാലമാണ്. അക്കാലത്ത് വടക്കൻ പ്രദേശത്താണ് തെക്കിനെ അപേക്ഷിച്ച് കൂടുതൽ സൂര്യതാപം വീഴുക. ഡിസംബർ- ഫെബ്രുവരി കാലത്ത് ഇതു തിരിച്ചാകും; അതായത് ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലവും ഉത്തരാർദ്ധഗോളത്തിൽ തണുപ്പുകാലവും. 

എന്നാൽ ഭൂമി അഫീലിയോണിൽ എത്തുന്നത് ജൂലൈ ആദ്യ ആഴ്ചയാണ്. 2022-ൽ ഇതു സംഭവിക്കുന്നത് ജൂലൈ 4-ന് 12.42 PM-നാണ്. ആ സമയത്ത് സൂര്യനിൽ നിന്നുള്ള ദൂരം 152,098,455 കി.മീ. 2023 – ൽ അത് ജൂലൈ 7-ന് രാവിലെ 01.36 നാണ്. ആ സമയത്ത് ദൂരം 152,093,251 കി.മീ. ആയിരിക്കും. ഇത്തരം ചെറിയ മാറ്റങ്ങളും ഇന്ന് നമുക്ക് കൃത്യമായി വിശദീകരിക്കാം. ഭൂമിയുടെ ചലനം കണക്കാക്കുമ്പോൾ സൂര്യന്‍റെ ആകർഷണത്തിനു പുറമേ ചന്ദ്രന്‍റെ ആകർഷണവും പരിഗണിക്കണം എന്നതാണ് പ്രധാന കാര്യം. നല്ല കൃത്യത വേണമെങ്കിൽ മറ്റു ഗ്രഹങ്ങളുടെ ആകർഷണം ഉൾപ്പടെ ധാരാളം കാര്യങ്ങൾ പരിഗണിക്കണം. ഇതേ പോലെ ജനുവരി ആദ്യവാരത്തിലാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരിക. പക്ഷേ അക്കാലത്ത് ഉത്തരാർദ്ധഗോളത്തിൽ തണുപ്പുകാലമാണെന്നതും ഓർക്കുക.”

അഫേലിയോണിനെ പറ്റി തെറ്റായ സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയില്‍ പ്പെടുകയും പലരും വിശദീകരണം ആവാശ്യപ്പെടുകയു ചെയ്തപ്പോഴാണ് ലേഖനം എഴുതിയത് എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. 

90 ദശലക്ഷത്തിൽ നിന്ന് 152 ദശലക്ഷം കിലോമീറ്ററിലേക്കുള്ള വർദ്ധനവ് ഏകദേശം 69% മാണ്. എന്നാൽ ഭൂമിയുടെ അഫേലിയോണും സൂര്യനിൽ നിന്നുള്ള പെരിഹെലിയനും തമ്മിലുള്ള യഥാർത്ഥ വ്യത്യാസം -നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 152.1 ദശലക്ഷത്തിനും 147.3 ദശലക്ഷം കിലോമീറ്ററിനും ഇടയിലുള്ള വ്യത്യാസം ഏകദേശം 3.3% മാത്രമാണ്.

ഭൂമിയുടെ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ വരുത്താൻ ഈ ചെറിയ വ്യത്യാസം പര്യാപ്തമല്ല. കാലാവസ്ഥാ പാറ്റേണുകൾ വളരെ സങ്കീർണ്ണമാണ്. കൂടാതെ വ്യത്യസ്തമായ പല കാര്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്നു. കാലാവസ്ഥ പ്രവചിക്കുന്ന അക്യുവെതർ 2015-ൽ എഴുതിയത് പ്രകാരം “കാലാവസ്ഥയിലെ വ്യതിയാനങ്ങൾ ഭൂമിയുടെ കാലാവസ്ഥാ പാറ്റേണുകളിൽ അഫെലിയനേക്കാൾ വളരെ വലിയ പങ്ക് വഹിക്കുന്നു”. മറ്റ് ഗ്രഹങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കാമെന്ന് അക്യുവെതർ കൂട്ടിച്ചേർക്കുന്നു: “ചൊവ്വ പെരിഹെലിയനിൽ ആയിരിക്കുമ്പോൾ, ഗ്രഹം കൂടുതൽ ചൂടാകുകയും തല്‍ഫലമായി ഉണ്ടാകുന്ന പൊടിക്കാറ്റുകൾ നീണ്ടുനിൽക്കുകയും ചെയ്യും.”

ഭൂമി അതിന്റെ ഭ്രമണപഥത്തിലെ നിരവധി പ്രധാന പോയിന്‍റുകളിലൂടെ കടന്നുപോകുന്നു. ഭൂമിയിൽ എല്ലായിടത്തും രാവും പകലും തുല്യമായിരിക്കുന്ന പോയിന്‍റുകളാണ് വിഷുദിനങ്ങൾ.

അഫേലിയോണ്‍ കാലാവസ്ഥയെ യാതൊരു തരത്തിലും ബാധിക്കുകയില്ല എന്നാണ് റിസര്‍ച്ച് ഫലങ്ങള്‍ ചൂണ്ടി കാണിക്കുന്നത്. അഫേലിയോണ്‍ പ്രതിഭാസത്തെ നേരിടാന്‍ പ്രത്യേകമായ മുന്‍കരുതലുകള്‍ എടുക്കേണ്ട കാര്യമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. അഫേലിയോണ്‍ പ്രതിഭാസം യാതൊരു തരത്തിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കില്ല. കാലാവസ്ഥയില്‍ തണുപ്പ് കൂടുതലാകുമെന്നും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമുള്ള സന്ദേശം അനാവസ്ത്യ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്. ഇത്തരം സന്ദേശങ്ങള്‍ ദയവായി പങ്കുവയ്ക്കാതിരിക്കുക. ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അഫേലിയോണ്‍ പ്രതിഭാസത്തെ ഭയക്കേണ്ടതില്ല, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കില്ല, വസ്തുത അറിയൂ

Fact Check By: Vasuki S 

Result: False