കോവിഡ് പശ്ചാത്തലത്തില്‍ എട്ടു സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചോ?

സാമൂഹികം

വിവരണം

ബിഗ് ബ്രേക്കിംഗ്.!!

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു സന്തോഷവാർത്ത…

കോവിഡ് മഹാമാരി കാലയളവിൽ ഫീസ് ഈടാക്കാൻ സ്കൂളുകളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്

എട്ട് സംസ്ഥാനങ്ങളിലെ രക്ഷാകർതൃ അസോസിയേഷനുകൾ സമർപ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു…

സ്വകാര്യ സ്കൂളുകൾക്കായി ഒരു ഫീസ് റെഗുലേറ്ററി ബോഡി രൂപീകരിക്കണമെന്നും, ഫീസ് അടയ്ക്കാത്തതിനാൽ ഒരു വിദ്യാർത്ഥിയുടേയും വിദ്യാഭ്യാസം നഷ്ടപ്പെടരുതെന്നും, സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ നിരോധിക്കണമെന്നുമുള്ള നിവേദനം സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു…

ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ഒറീസ്സ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രക്ഷിതാക്കളുടെ സംഘടനകൾ ഒത്തുചേർന്നാണ് സുപ്രീംകോടതിയിൽ കേസ്സ് ഫയൽ ചെയ്തത്…

സുപ്രീംകോടതി വിധി വരുന്നത് വരെ രക്ഷിതാക്കൾ സ്കൂൾ ഫീസ് അടയ്ക്കരുത്, ഫീസ് അടയ്ക്കാത്തതിന്‍റെ പേരില്‍ വിദ്യാർത്ഥികളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്നും ഒഴിവാക്കുകയാണെങ്കിൽ ‘പാ’ ആക്ഷൻ കമ്മിറ്റിയെ ബന്ധപ്പെടുക…

എല്ലാ സംസ്ഥാനങ്ങളിലേയും രക്ഷിതാക്കളിലേക്ക് എത്തിച്ചേരാൻ ഈ പോസ്റ്റ് വൈറലാക്കുക…👍🏽✌🏽

https://www.educationworld.in/supreme-court-accepts-parents-petition-preventing-school-fee-collection/ എന്ന പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഈ സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുള്ളത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊറോണ കാലത്ത് സ്കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി എട്ട് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കോവിഡിന്‍റെ പശ്ചാത്തലത്തില്‍  സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ക്ക് ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചോ എന്ന് അറിയാന്‍ വിഷയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭ്യമാണോ എന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. ജൂണ അവസാന വാരത്തില്‍ ഉത്തേരന്ത്യയിലെ 8 സംസ്ഥാനങ്ങളിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഫീസില്‍ മോറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹര്‍ജി കോടതി പരിഗണിക്കുമെന്ന് മാത്രമാണ് വാര്‍ത്തയില്‍ നിന്നും ലഭിക്കുന്ന വിവരം. അതായത് ഹര്‍ജി പരിഗണച്ച ശേഷം എട്ടു സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ക്ക് തത്തയച്ചു എന്നതിനെ കുറിച്ച് യാതൊരു പരാമര്‍ശങ്ങളും വാര്‍ത്ത റിപ്പോര്‍ട്ടിലില്ല.

ഹര്‍ജി യഥാര്‍ത്ഥത്തില്‍ പരിഗണിച്ചതാവട്ടെ ജൂലൈ മാസത്തിലാണ്. ഇതെ കുറിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്. സ്കൂള്‍ ഫീസിന് മേല്‍ മോറട്ടോറിയം എന്ന ആവശ്യത്തെ തന്നെ വിമര്‍ശിക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇത്തരത്തിലുള്ള ആവശ്യങ്ങലുമായി എന്തിനാണ് സുപ്രീംകോടതിയില്‍ എത്തുന്നതെന്നും ഇതെല്ലാം അതാത് സംസ്ഥാനങ്ങളില്‍ പരിഹരിക്കേണ്ട വിഷയമാണെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും കോടതി പറഞ്ഞു. സുപ്രീം കോടതിയില്‍ ഈ ഹര്‍ജി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയതോടെ ഹര്‍ജി തള്ളിക്കളയുകയായിരുന്നു കോടതിയെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്-

എന്‍ഡിടിവി റിപ്പോര്‍ട്ട്-

Hindustan TimesArchived Link
NDTV ReportArchived Link

നിഗമനം

സ്കൂള്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകള്‍ക്ക് സുപ്രീം കോടതി കത്തയച്ചിട്ടില്ലെന്ന് മാത്രമല്ല കോടതി ഇതാവശ്യപ്പെട്ട ഹര്‍ജ്ജി തള്ളുകയും ചെയ്തു എന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കോവിഡ് പശ്ചാത്തലത്തില്‍ എട്ടു സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *