ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുകയെന്ന് തെറ്റായ പ്രചരണം…

കൌതുകം

അപൂർവങ്ങളായ ചെടികളെക്കുറിച്ചും പൂക്കളെ കുറിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ കൌതുകത്തിന്‍റെ പേരില്‍  വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായ പൂവിനെ കുറിച്ച് നമുക്ക് അറിയാം.  

 പ്രചരണം

പന്തിന്‍റെ ആകൃതിയിൽ നിറയെ കേസരപുടങ്ങളുള്ള വെളുത്ത മനോഹരമായ പൂവിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ത്രിശങ്കു പുഷ്പം 50 വർഷത്തിലൊരിക്കൽ മാത്രംപൂക്കുന്ന പുഷ്പം.  ഷെയർ ചെയ്യൂ കാണാത്തവർക്കായി… 

50 വർഷം കൂടുമ്പോൾ മാത്രം വിടരുന്ന ത്രിശങ്കു പുഷ്പം. ഇതിന്റെ Botanical name അറിയുന്നവർ പറയണം.”

FB postarchived link

അതായത് ഈ പൂവിന്‍റെ പേര് ശങ്കുപുഷ്പം എന്നാണെന്നും 50 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇത് പൂവിടുന്നത് എന്നുമാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. 

എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചാരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി 

വസ്തുത ഇതാണ്

പലരും ഇതേ പ്രചരണം ഫേസ്ബുക്കിലൂടെ നടത്തുന്നുണ്ട്. 

ചിത്രത്തിലെ പൂവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൂടുതലായി കാണപ്പെടുന്ന ബയോബാവ് എന്ന പൂവാണ് എന്നുള്ള വിവരങ്ങൾ ലഭിച്ചു. മഡഗാസ്ക്കര്‍  ദ്വീപിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ബയോബാബ് മരത്തിന്‍റെ ഇലകൾ കണ്ടാൽ പടർന്ന വേരുകൾ പോലെ തോന്നും. അതിനാൽ ഇവയെ അപ്സൈഡ് ഡൗൺ ട്രീ എന്നും വിശേഷിപ്പിക്കാറുണ്ട്. 

എല്ലാ ബയോബാബ് മരങ്ങളും സന്ധ്യയ്കാണ് പൂവിടുക. പൂക്കള്‍ക്ക് ഒരു ദിവസത്തെ ആയുസ്സ് ആണുള്ളത്. പലയിനത്തില്‍ പെട്ട ബയോബാബ് മരങ്ങളുണ്ട്. ആഫ്രിക്കൻ ബയോബാബ് (അഡാൻസോണിയ ഡിജിറ്റാറ്റ) എന്നറിയപ്പെടുന്ന മരത്തിന്‍റെ പൂവാണ് ചിത്രത്തിലുള്ളത്.  (അഡാൻസോണിയ ഡിജിറ്റാറ്റ) വലിയ, വെളുത്ത പൂക്കളാണിത്.  ബയോബാബ് മരങ്ങളെക്കുറിച്ചുള്ള ഒരു പൊതു മിഥ്യാധാരണയാണ് ഓരോ 50 വർഷം കൂടുമ്പോള്‍ മാത്രമാണ് അവ പൂക്കുന്നുവെന്നുള്ളത്. ഇത് തെറ്റാണ്. ബയോബാബ് വൃക്ഷം പൂക്കൾ ഉത്പാദിപ്പിക്കുന്നത് അതിന്‍റെ ഇനത്തെ ആശ്രയിച്ചാണ്. ചില ഇനങ്ങള്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പൂവിടും, മറ്റുള്ളവ ആദ്യ 20 വർഷത്തേക്ക് പൂക്കൾ ഉത്പാദിപ്പിക്കുന്നില്ല. എന്നാല്‍ വൃക്ഷം പൂവിട്ടു തുടങ്ങിയാല്‍ എല്ലാ വർഷവും തുടര്‍ച്ചയായി പൂവിടും.

ബയോബാബ് പൂക്കളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഓടക്കാലിയിലെ  അരോമാറ്റിക് ആന്‍റ് മെഡിസിനല്‍ പ്ലാന്‍റ്സ് റിസര്‍ച്ച് സ്റ്റേഷന്‍ ഹെഡ് പ്രൊഫ: ഡോ. ആന്‍സി ജോസഫുമായി സംസാരിച്ചു.  അവർ നല്‍കിയ മറുപടി ഇങ്ങനെ: “പല വിഭാഗത്തിൽപ്പെട്ട ബയോബാബ് മരങ്ങളുണ്ട്. ചിലവ ആദ്യമായി പൂവിടാന്‍ 20 വർഷം വരെ സമയം എടുക്കും.  ചിലത് അഞ്ചുവർഷം കൊണ്ട് പൂവിട്ടു തുടങ്ങും.  പുഷ്പിക്കാന്‍ തുടങ്ങിയാല്‍ കൃത്യമായി അവ പൂവിടും.  അല്ലാതെ ഒരിക്കൽ പൂവിട്ടാൽ 50 വർഷത്തിനുശേഷം മാത്രമേ  ഇത് പൂവിടുവെന്നുള്ള പ്രചരണം തെറ്റാണ്.  ഈ ചെടികൾ ഇന്ത്യയില്‍  വിരളമാണ് എന്ന് തന്നെ പറയാം.  ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഈ ചെടികൾ നന്നായി വളരുന്നതും പൂവിടുന്നതും.”  

ഇവ കൂടി വായിക്കൂ: 

ഇത് ഹിമാലയത്തില്‍ കാണുന്ന മഹാമേരു എന്ന പുഷ്‌പമാണോ?

സത്രീ ശരീരാകൃതിയിലുള്ള നാരീലത എന്ന പുഷ്പം സത്യമോ?

ഈ ചിത്രം ശിവലിംഗ പുഷ്പത്തിന്‍റെതല്ല പകരം ഒരു കോണ്‍ വര്‍ഗത്തിലെ ഒരു സസ്യത്തിന്‍റെതാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്.  ബയോബാബ്  വൃക്ഷം ഒരിക്കൽ പൂവിട്ടാൽ 50 വർഷത്തിനുശേഷം മാത്രമേ വീണ്ടും പൂക്കുകയുള്ളൂ  എന്നത് തെറ്റായ പ്രചരണമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ബയോബാബ് മരങ്ങളുടെ ചിലയിനങ്ങൾ ആദ്യമായി പൂവിടാൻ 20 വർഷം വരെ സമയം എടുക്കാറുണ്ട് എന്നു മാത്രമാണ് ഇവയ്ക്കൂള്ള പ്രത്യേകത.  ബയോബാബ്  വൃക്ഷം പുഷ്പ്പിച്ചു തുടങ്ങിയാല്‍ എല്ലാ വർഷവും കൃത്യമായി പൂവിടാറുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുകയെന്ന് തെറ്റായ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •