ഒരു രാജ്യത്തിന്‍റെ പേരിലുള്ള ബാര്‍കോഡ് ആ ഉല്‍പന്നം അതേ രാജ്യത്താണ് നിര്‍മ്മിച്ചത് എന്ന് അര്‍ത്ഥമാക്കുന്നില്ല….

അന്തര്‍ദേശീയ സാമൂഹികം

വിവരണം  

ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക. 690-699 ല്‍ തുടങ്ങുന്ന ബാര്‍കോഡ് ചൈനയുടെതാണ് എന്ന വാര്‍ത്തയും ഒപ്പം ചൈന ഇന്ത്യക്ക് എതിരേ നടത്തുന്ന Economic Warfare , ഇന്ത്യയിലെ ചൈനീസ് ഏജന്റുമാർ ഇന്ത്യയെ ചൈനീസ് ഉൽപ്പന്നങ്ങളുടെ ചന്തയാക്കി മാറ്റുന്ന അണിയറ നീക്കങ്ങൾ.. ലോക ജനതയെ മാസങ്ങളായി വീട്ടിൽ അടച്ചു പൂട്ടി ഇരുത്തിയ ചൈനക്കെതിരെ ഓരോ ഇന്ത്യക്കാരനും നിങ്ങളാൽ കഴിയുന്ന രീതിയിൽ അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുക.. ഓരോ ഭാരതീയനും ചൈനക്കെതിരെയുള്ള ബഹിഷ്ക്കരണ യുദ്ധത്തിൽ പങ്കാളിയാവുക..
വായിക്കാൻ ക്ഷമയുള്ളവർ ലിങ്കുകൾ കൂടി തുറന്നു വായിച്ചാല് കൂടുതൽ അറിയാൻ കഴിയു..
*****************************************
[കാര്യം മനസ്സിലാക്കാന്‍ ആദ്യം ഈ രണ്ടു യൂട്യൂബ് വീഡിയോകളും കാണുക. എന്ന വിവരണവും ഒപ്പം ഏതാനും ലിങ്കുകളും നല്‍കിയിട്ടുണ്ട്.

archived linkFB post

ഈ അവകാശവാദം ഭാഗികമായി തെറ്റാണ്. കാരണം ബാർകോഡുകൾ വഴി നിർമ്മാണ കമ്പനിയുടെ രാജ്യം തിരിച്ചറിയാൻ കഴിയുമെങ്കിലും, ഉൽപ്പന്നം എവിടെയാണ് നിർമ്മിച്ചതെന്ന് അവ സൂചിപ്പിക്കുന്നില്ല. അതായത് ചൈനയുടെ ബാര്‍കോഡില്‍ എത്തുന്ന ഉല്‍പ്പന്നം ചൈനയില്‍ തന്നെയാണ് നിര്‍മ്മിച്ചത് എന്ന് ഉറപ്പാക്കാനാകില്ല. ബാര്‍കോഡിന്‍റെ പിന്നിലെ വസ്തുത ഇങ്ങനെയാണ്: 

വസ്തുതാ വിശകലനം

ബാർകോഡുകള്‍ നൽകുന്ന ജിഎസ് 1  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ജി‌എസ് 1 അനുസരിച്ച്, “EAN (യൂറോപ്യൻ ആർട്ടിക്കിൾ നമ്പർ) യു‌പി‌സി (യൂണിവേഴ്സൽ പ്രൊഡക്റ്റ് കോഡ്) ബാർകോഡുകൾ ലോകത്തിലെ എല്ലാ ഉപഭോക്തൃ ഉൽ‌പ്പന്നങ്ങളിലും അച്ചടിക്കുന്നു. 

രാജ്യത്തെ അടിസ്ഥാനമാക്കി, ബാർകോഡുകൾ ഉപയോഗിക്കുന്ന കമ്പനികൾക്ക് പ്രത്യേക ആദ്യ നമ്പറുകള്‍ നൽകിയിട്ടുണ്ടെന്ന് ജിഎസ് 1 അതിന്‍റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഏറ്റവും സാധാരണമായ ബാർകോഡുകൾ ഒരു ലേസർ സ്കാനർ വഴി എട്ട് മുതൽ 14 അക്ക നമ്പർ വരെ റീഡ് ചെയ്യുന്നു. ഉദാഹരണത്തിന്, 4-003994-111000 എന്ന ബാർകോഡ് 375 ഗ്രാം കെല്ലോഗ് കോൺഫ്ലേക്സിന്‍റേതാണ്. 

ആദ്യം 690 മുതൽ 699 എന്നിവയില്‍ ആരംഭിക്കുന്ന നമ്പറുകള്‍ ചൈനീസ് അംഗത്വ കമ്പനികളുടേതാണെന്നത് സത്യമാണ്. ഒന്നോ അതിലധികമോ പൂജ്യങ്ങളിൽ ആരംഭിക്കുന്ന പ്രിഫിക്‌സുകൾ യുഎസ് അംഗ കമ്പനികളുടേതാണ്. എങ്കിലും, ജി‌എസ്1 അംഗ കമ്പനികൾക്ക് ലോകത്തെവിടെയും ഉൽ‌പ്പന്നങ്ങൾ‌ നിർമ്മിക്കാൻ‌ കഴിയും. അതിനാല്‍, ഒരു നിര്‍ദ്ദിഷ്ട ഉല്‍പന്നം ബാര്‍കോഡ് സൂചിപ്പിക്കുന്ന രാജ്യത്തു തന്നെയാണ് നിര്‍മ്മിച്ചത് എന്ന കാര്യം ഉറപ്പിക്കാന്‍ കഴിയില്ല

ജി‌എസ് 1ന്‍റെ വെബ്‌സൈറ്റിലെ ചോദ്യോത്തര വിഭാഗത്തില്‍ ഒരു ഉൽപ്പന്നത്തിന്‍റെ ബാർകോഡിന്‍റെ ആദ്യ നമ്പറുകള്‍ അത് നിര്‍മ്മിക്കുന്ന രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്ന ചോദ്യവുമുണ്ട്. “ഇല്ല, ജി‌എസ് 1 പ്രിഫിക്‌സ് നിര്‍മിക്കുന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ല. ഒരു ബാർകോഡ് നമ്പർ എല്ലായ്പ്പോഴും ആരംഭിക്കുന്നത് ബാർകോഡ് നമ്പർ അനുവദിച്ച GS1 അംഗ ഓർഗനൈസേഷന്‍റെ GS1 പ്രിഫിക്‌സിലാണ്. ജി‌എസ് 1 പ്രിഫിക്‌സ് ഒരു നിർദ്ദിഷ്ട രാജ്യത്ത് അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട നിർമ്മാതാവാണ് ഉൽപ്പന്നം നിർമ്മിച്ചതെന്ന് സൂചിപ്പിക്കുന്നില്ല; ഇത് ലോകത്തെവിടെയും ഉൽ‌പാദിപ്പിച്ചിരിക്കാം.  

ജി‌എസ് 1 ൽ‌ നിന്നും ഒരു ബാർ‌കോഡ് പ്രിഫിക്‌സ് വാങ്ങുകയാണെങ്കിലും അല്ലെങ്കിൽ‌ നാഷണൽ‌വൈഡ് ബാർ‌കോഡ് പോലുള്ള ഒരു കമ്പനിയിൽ‌ നിന്നും ഒരു ബാർ‌കോഡ് വാങ്ങുകയാണെങ്കിലും, ബാർ‌കോഡ് രാജ്യത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. ആ കമ്പനി ഏത് രാജ്യത്താണ് ഉൽ‌പ്പന്നങ്ങൾ‌ നിര്‍മ്മിച്ചിരിക്കുക എന്നത് കണക്കിലെടുക്കാതെ രാജ്യത്തിന്‍റെ പേര് മാത്രമാണ് ബാര്‍കോഡില്‍ കമ്പനി മാനദണ്ഡമാക്കുന്നത്. ബാര്‍കോഡ് ആധാരമാക്കി ചൈനയുടെ ഉല്‍പന്നം ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ ബഹിഷ്ക്കരിക്കരിക്കപ്പെടുന്നത് ചൈനീസ് ഉല്‍പ്പന്നമാണെന്ന് ഉറപ്പിക്കാനാകില്ല.

നിഗമനം

ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഭാഗികമായി തെറ്റാണ്. ചൈനയുടെ ബാര്‍കോഡ് ഉല്‍പ്പന്നത്തില്‍ നല്‍കിയിരിക്കുന്നുണ്ടെങ്കിലും ഉല്‍പന്നം നിര്‍മ്മിക്കുന്നത് ചൈനയില്‍ തന്നെയാണ് എന്ന് ഉറപ്പിക്കാനാകില്ല. ഏതൊരു രാജ്യത്തും ഇതേ ബാര്‍കോഡില്‍ ഉല്‍പ്പന്നം നിര്‍മ്മിക്കാന്‍ സാധിക്കും.

റോയിട്ടേഴ്സ്, സ്നോപ്സ് തുടങ്ങിയ മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു പോന്ന ഇതേ അവകാശവാദത്തിന് മുകളില്‍ വസ്തുതാ അന്വേഷണം നടത്തിയിട്ടുണ്ട്. ഭാഗികമായി തെറ്റാണ് എന്ന നിഗമനത്തിലാണ് എത്തിചേര്‍ന്നിട്ടുള്ളത്.

Avatar

Title:ഒരു രാജ്യത്തിന്‍റെ പേരിലുള്ള ബാര്‍കോഡ് ആ ഉല്‍പന്നം അതേ രാജ്യത്താണ് നിര്‍മ്മിച്ചത് എന്ന് അര്‍ത്ഥമാക്കുന്നില്ല….

Fact Check By: Vasuki S 

Result: Partly False