കുവൈറ്റ്‌ യുദ്ധകാലത്ത് 1,70,000 ഇന്ത്യക്കാരെ അവിടെ നിന്നും നാട്ടിലെത്തിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അല്ല..

രാഷ്ട്രീയം

വിവരണം

1991 കുവൈറ്റ് യുദ്ധത്തില്‍ 1,70,000 പേരെ നാട്ടിലെത്തിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്മരിക്കുന്നു.. എന്ന പേരിലൊരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിവായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിത വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്ന ദൗത്യം വന്ദേ ഭാരതത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റിന്‍റെ പ്രചരണം. ഇന്ദിരാ ഗാന്ധി സെന്‍റര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,800ല്‍ അധികം ഷെയറുകളും 1,700ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ 1991ല്‍ ആണോ കുവൈറ്റ് യുദ്ധ സാഹചര്യത്തില്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യം അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്? അങ്ങനെയെങ്കില്‍ തന്നെ അന്ന് കോണ്‍ഗ്രസ് ഭരണമായിരുന്നോ രാജ്യത്ത് ഉണ്ടായിരുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

Airlift of Indians from Kuwait എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ചരിത്രപ്രധാനമായ ആ ദൗത്യത്തെ കുറിച്ചുള്ള വിക്കിപ്പീഡിയ വിവരങ്ങളാണ് ആദ്യം ലഭ്യമാകുന്നത്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ഇപ്പോഴുള്ള പ്രചരണത്തില്‍ അവകാശപ്പെടുന്നത് പോലെ ഈ ദൗത്യം നടന്നത് 1991ല്‍ അല്ലയെന്നതാണ് യാഥാര്‍ത്ഥ്യം. 1990 ഓഗസ്റ്റ് 13 മുതല്‍ ഒക്‌ടോബര്‍ 20 വരെയായിരുന്ന ഈ മഹാദൗത്യം നടന്നത് എന്നതാണ് രേഖകള്‍. ഐ.കെ.ഗുജറാള്‍ ആയിരുന്നു അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രിയെന്നതും വിക്കിപ്പീഡിയില്‍ നിന്നും ലഭിക്കുന്ന വിവരമാണ്. വന്ദേ ഭാരത് ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ 1990ലെ മഹാദൗത്യത്തെ വിസ്മരിച്ചുകൊണ്ട് ദ് വീക്ക് മാസികയുടെ വെബ്‌സൈറ്റില്‍ അന്നത്തെ ചരിത്ര മൂഹൂര്‍ത്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനത്തില്‍ നിന്നും 1990ല്‍ ഇന്ത്യയില്‍ വി.പി.സിങ് ആയിരുന്നു പ്രധാനമന്ത്രിയെന്നും അന്ന് എയര്‍ലിഫ്റ്റ് ദൗത്യം ഏറ്റെടുത്ത സാഹചര്യത്തെ കുറിച്ചും ആ തീരുമാനത്തെ കുറിച്ചു ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. അതായത് ജനതാദള്‍ പാര്‍ട്ടിയാണ് 1990ല്‍ ഇന്ത്യ ഭരിച്ചിരുന്നത്. അന്ന് പ്രതിപക്ഷ സ്ഥാനമായിരുന്നു കോണ്‍ഗ്രസിന്. രാജീവ് ഗാന്ധിയായിരുന്നു 1990ലെ പ്രതിപക്ഷ നേതാവ്. അതുകൊണ്ട് തന്നെ 1,70,000 ഇന്ത്യക്കാരെ കുവൈറ്റില്‍ നിന്നും നാട്ടിലെത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

എയര്‍ലിഫ്റ്റ് ദൗത്യത്തെ കുറിച്ചുള്ള വിക്കിപ്പീഡിയ വിവരങ്ങള്‍-

ദ് വീക്കിന്‍റെ ലേഖനം-

1990ലെ ജനതാദള്‍ മന്ത്രിസഭയുടെ പട്ടിക (വിക്കി പീഡിയ)-

The Week ArticleArchived Link

നിഗമനം

ജനതാദള്‍ രാജ്യം ഭരിക്കുകയും കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് വി.പി.സിങ് പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയുടെ നേതൃത്വത്തില്‍ 1,70,00 ഇന്ത്യക്കാരെ കുവൈറ്റില്‍ നിന്നും നാട്ടിലെത്തിച്ച ദൗത്യം ഏറ്റെടുത്തതെന്ന് വ്യക്തമായി കഴിഞ്ഞു. പോസ്റ്റില്‍ അവകാശപ്പെടുന്ന വര്‍ഷവും മറ്റെല്ലാ വിവരങ്ങളും പൂര്‍ണ്ണമായും വ്യാജമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

Avatar

Title:കുവൈറ്റ്‌ യുദ്ധകാലത്ത് 1,70,000 ഇന്ത്യക്കാരെ അവിടെ നിന്നും നാട്ടിലെത്തിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അല്ല..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •