
വിവരണം
PeopleLIVE എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 15 മുതൽ പ്രഹരിപ്പിച്ചു തുടങ്ങിയ വാർത്ത ഇപ്രകാരമാണ് ” കൊല്ലത്ത് ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ ബിജെപി പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് പരാതി” “കൊല്ലത്ത് ദളിത്ത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. ഇന്നലെ മരണ മടഞ്ഞ അന്നമ്മ(75)യുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കിണറുകൾ മലിനമാകുന്നുവെന്നാരോപിച്ച് ബിജെപി പ്രവർത്തകരാണ് സംസ്കാരത്തിന് വിലക്കേർപ്പെടുത്തിയത്.’ ഇതാണ് വാർത്തയുടെ ഉള്ളടക്കം.
ഇതേ പോസ്റ്റ് Kairali TV, സഖാവ് …The Real Comrade, CPI(M) Cyber Commune, Kairali News Online, People News എന്നീ പേജുകളിൽ നിന്നും ഇതേ ദിവസം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വാർത്തയിൽ അരോപിക്കുന്നതുപോലെ ബിജെപിക്കാർ വൃദ്ധയുടെ മൃതദേഹം പള്ളിയിൽ സംസ്ക്കരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയോ എന്ന് അറിയാൻ ശ്രമിക്കാം.
വസ്തുതാ പരിശോധന
ഞങ്ങൾ പ്രമുഖ വാർത്താ മാധ്യമങ്ങളിൽ വാർത്ത തിരഞ്ഞു. ഇതേ വാർത്ത ജയ്‌ഹിന്ദ് ടിവി, റിപ്പോർട്ടർ ലൈവ് , ഡെയ്‌ലി ഹണ്ട് എന്നീ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരേ വാർത്ത തന്നെ വാചകങ്ങളിൽ പോലും മാറ്റം വരുത്താതെയാണ് മാധ്യമങ്ങൾ നൽകിയിട്ടുള്ളത്.



archived link | kairalinewsonline |
archived link | jaihindtv |
archived link | reporter |
archived link | dailyhunt |
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡെക്കാൻ ഹെറാൾഡ് 2019 മെയ് 17 ന് വാർത്തയുടെ ലിങ്ക് ലഭിച്ചു. മലയാള മാധ്യമങ്ങളിൽ നിന്നും വേറിട്ട ഒരു വാർത്തയാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പള്ളി സിമിത്തേരിക്ക് സമീപമുള്ള കുടിവെള്ള സ്രോതസ്സ് മലിനമാക്കുന്നു എന്ന പേരിൽ കോടതിയിൽ മുമ്പ് തന്നെ ഒരു കേസ് നിലവിലുണ്ടായിരുന്നു എന്നും അതിന്‍റെ വിധിയുടെ അടിസ്ഥാനത്തിൽ സിമിത്തേരിയിൽ ഏറെക്കാലമായി ശവസംസ്ക്കാരം നിരോധിച്ചിരിക്കുകയായിരുന്നു എന്നും വാർത്തയിൽ പറയുന്നു. കുടുംബം ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുകൂലമായൊരു തീരുമാനം ആർഡിഒ നൽകിയിട്ടില്ല എന്നാണ് വാർത്തയിൽ പരാമർശിക്കുന്നത്.
“സംഭവവുമായി ബന്ധപ്പെട്ടവരെയെല്ലാം ഒരുമിച്ചു വിളിച്ച് ഒരു ചർച്ച പഞ്ചായത്ത് സംഘടിപ്പിക്കുന്നുണ്ട്. പള്ളിയിൽ സിമിത്തേരിക്ക് യഥാവിധം നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ചുറ്റുമതിൽ പണിയുകയോ ചെയ്യാൻ ജില്ലാ ഭരണകൂടം അനുശാസിച്ച നിർദേശങ്ങളൊന്നും ഇതുവരെ ദേവാലയ അധികൃതർ പാലിച്ചിട്ടില്ല.” പഞ്ചായത്ത് മെമ്പർ പി ഗീതാകുമാരി പറഞ്ഞതായി വാർത്തയിൽ പറയുന്നു.
ബിജെപി പ്രവർത്തകരാണ് പ്രശ്നത്തിന് പിന്നിൽ എന്ന് വാർത്തയിൽ ഒരിടത്തും പരാമർശമില്ല.

archived link | deccanchronicle |
കൂടാതെ ഞങ്ങൾ ബിജെപി കൊല്ലം ജില്ലാ പ്രസിഡണ്ട് ജി ഗോപിനാഥിനോട് നേരിട്ട് സംസാരിച്ചിരുന്നു. ഇത് വെറും വ്യാജ പ്രചാരണമാണെന്നാണ് അദ്ദേഹം അറിയിച്ചത്. “ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അതീതമായി ഇവിടെ ജലസ്രോതസ്സ് സിമിത്തേരി മൂലം മലിനപ്പെടുന്നതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം നിലനിന്നിരുന്നു. സിപിഐ യാണ് പഞ്ചായത്ത് അംഗങ്ങളിൽ ഭൂരിഭാഗവും. ബിജെപി ശവ സംസ്കാര പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. ഇപ്പോൾ ഇത് അനുവദിച്ചാൽ വീണ്ടും ശവസംസ്‌കാരം തുടർന്നേക്കും എന്ന കരുതൽ കൊണ്ടാണ് ഇത്തവണ നാട്ടുകാർ പ്രതിഷേധിച്ചത്.”
തുടർന്ന് ഞങ്ങൾ കൊല്ലം ശാസ്‌താംകോട്ട പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുരുത്തിക്കര ഈ പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ്. സംഭവത്തിൽ ബിജെപിക്കാരുടെ പേര് പരാമർശിച്ചിട്ടില്ല എന്നാണ് അവിടെ നിന്നും അധികാരികൾ അറിയിച്ചത്. നാട്ടുകാരാണ് പരാതി പ്രതിഷേധവുമായി എത്തിയത് എന്ന് അവർ വിശദമാക്കിയിട്ടുണ്ട്.
ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് വാർത്തയിൽ ആരോപിക്കുന്നതുപോലെ തുരുത്തിക്കരയിൽ മരിച്ച വൃദ്ധയുടെ മൃതദേഹം പള്ളിയിൽ സംസ്‌കരിക്കാൻ ബിജെപിക്കാർ വിലക്കുമായി വന്നു എന്ന വാർത്ത തെറ്റാണെന്നാണ്
നിഗമനം
ഈ വാർത്തയിൽ ആരോപിക്കുന്നത് പൂർണ്ണമായും വ്യാജമായ കാര്യമാണ്. തുരുത്തിക്കരയിൽ വൃദ്ധയുടെ മൃതദേഹം സിമിത്തേരിയിൽ അടക്കം ചെയ്യുന്നത് ബിജെപിക്കാർ വിലക്കിയിട്ടില്ല. കുടിവെള്ള സ്രോതസ്സ് മലിനമാകുന്നു എന്നാരോപിച്ച് നാട്ടുകാരാണ് പ്രതിഷേധിച്ചത്.
ചിത്രങ്ങൾ കടപ്പാട്: ജയ്‌ഹിന്ദ് ടിവി

Title:കൊല്ലത്ത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ ബിജെപി പ്രവർത്തകർ വിസമ്മതിച്ചോ ..?
Fact Check By: Deepa MResult: False
